Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാറ്റൂർ കേസ്: വിഎസിന്റെ പരാതിയിലും അന്വേഷണം വേണമെന്നു വിജി. കോടതി

തിരുവനന്തപുരം∙ പാറ്റൂർ ഭൂമിയിടപാടിൽ വി.എസ്.അച്യുതാനന്ദന്റെ പരാതിയിലും അന്വേഷണം വേണമെന്നു വിജിലൻസ് കോടതി നിർദേശം. ഇതുവരെയുള്ള അന്വേഷണ പുരോഗതി ഏപ്രിൽ 20ന് അകം അറിയിക്കാനും നിർദേശിച്ചു. നേരത്തേ കോടതി നിർദേശപ്രകാരം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ ചീഫ് സെക്രട്ടറി ഇ.കെ.ഭരത്‍ഭൂഷൻ എന്നിവരുൾപ്പെടെ അഞ്ചു പേർക്കെതിരെ വിജിലൻസ് കേസെടുത്തിരുന്നു.

പാറ്റൂരിൽ ഫ്ലാറ്റ് നിർമാതാക്കൾ ജലഅതോറിറ്റിയുടെ 12 സെന്റ് സർക്കാർ പുറമ്പോക്കു സ്ഥലം കയ്യേറിയെന്നാണു കേസ്. ജല അതോറിറ്റി മുൻ എക്സിക്യൂട്ടീവ് എൻജിനീയർമാരായ ആർ.സോമശേഖരൻ, എസ്.മധു, ആർടെക് ഫ്ലാറ്റ് ഉടമ ടി.എസ്.അശോക് എന്നിവരാണു മറ്റു പ്രതികൾ. ഭൂമിയിടപാടിൽ ക്രമക്കേടുണ്ടെന്ന അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ടിന്മേലാണു കേസ് എടുത്തതെന്ന് എഫ്ഐആറിൽ പറഞ്ഞിരുന്നു.

ഇന്നലെ കേസ് പരിഗണിച്ചപ്പോൾ വിഎസിന്റെ അഭിഭാഷകൻ എസ്.ചന്ദ്രശേഖരൻ നായർ ഇതു ചോദ്യം ചെയ്തു. 2015ൽ വിഎസ് നൽകിയ പരാതിയിന്മേലാണു വിജിലൻസ് ഡയറക്ടർ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്. അതിൽ ഏഴുപേർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എഫ്ഐആറിൽ ഇതു പറഞ്ഞിട്ടില്ല. വിഎസ് പരാതിയിൽ ഉന്നയിച്ചവരെ രക്ഷിക്കാൻവേണ്ടിയാണു വിജിലൻസ് ഇങ്ങനെ കേസെടുത്തതെന്നും അഭിഭാഷകൻ വാദിച്ചു.

അതേസമയം, കേസ് എടുത്ത സാഹചര്യത്തിൽ വിഎസിന്റെ ഹർജി അവസാനിപ്പിക്കണമെന്നു വിജിലൻസ് ലീഗൽ അഡ്വൈസർ പറഞ്ഞു. വിവാദ ഭൂമിയുടെ ഉടമസ്ഥരായ മുംബൈയിലെ കമ്പനിയെയും അതിന്റെ എംഡി ജയേഷിനെയും റവന്യു അഡീഷനൽ സെക്രട്ടറി ടി.വി.വിജയകുമാറിനെയും പ്രതി ചേർത്ത് അന്വേഷിക്കണമെന്നു വിഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവരെ ഒഴിവാക്കിയാണു വിജിലൻസ് കേസ്. ഇതു കമ്പനി അധികൃതരുമായുള്ള ഒത്തുകളിയാണെന്നാണ് ആക്ഷേപം.

ഈ സാഹചര്യത്തിൽ അന്വേഷണത്തിന്റെ പേരിൽ എന്താണു നടക്കുന്നതെന്നു കോടതി പരിശോധിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. തുടർന്നാണു കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാൻ കോടതി നിർദേശിച്ചത്. ബന്ധപ്പെട്ട രേഖകൾ ഇല്ലെന്നു പറഞ്ഞാണ് ഇതുവരെ അന്വേഷണം വിജിലൻസ് വൈകിപ്പിച്ചത്. വിഎസ് തന്നെ പരാതിക്കൊപ്പം നൽകിയ മൂന്നു രേഖകൾ കോടതി വഴി വിജിലൻസിനു കൈമാറിയപ്പോഴാണു കേസ് എടുത്തത്.

related stories
Your Rating: