Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎഎസ് തർക്കം വഷളാക്കിയതു മുഖ്യമന്ത്രിയാണെന്നു രമേശ്‌

pinarayi-vijayan-ramesh-chennithala

തിരുവനന്തപുരം ∙ ഒക്ടോബറിൽ അതിന്റെ പാരമ്യത്തിലെത്തിയ ഐഎഎസ് തർക്കം നാലുമാസം നീട്ടി വഷളാക്കിയതിന്റെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോൾ അദ്ദേഹം വിരട്ടിയതു കൊണ്ടു യഥാർഥ പ്രശ്നം തീർന്നിട്ടില്ല. ഉന്നത ഉദ്യോഗസ്ഥ തലത്തിൽ ആകെ മരവിപ്പാണ്. ഇതുമൂലം ജനങ്ങളാണു വലയാൻ പോകുന്നത്. ഇഎംഎസ് മുതൽ ഉമ്മൻചാണ്ടി വരെയുള്ളവർ ഭരിച്ചപ്പോഴൊന്നും കൂട്ട അവധിക്കു മുതിരാതിരുന്നവർ ഇപ്പോൾ എന്തുകൊണ്ട് അതിലേക്കു നീങ്ങിയെന്നു മുഖ്യമന്ത്രി ആലോചിക്കണമെന്നു രമേശ് പറഞ്ഞു. അന്നും പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നിട്ടില്ല. എന്നാൽ, അതെല്ലാം പറഞ്ഞുതീർക്കാൻ അവർ തയാറായി. എന്നാൽ, ഈ നാലു മാസത്തിനിടെ പിണറായി എന്തു ചെയ്തു. ഈ തമ്മിലടിയിൽ വലയുന്നത് ജനങ്ങളാണ്. വ്യക്തിപരമായ പക തീർക്കാൻ അധികാരയന്ത്രം ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന സ്ഥിതി ഉണ്ടായിരിക്കുന്നു. ഫയലുകൾ കെട്ടിക്കിടക്കുന്നു.

ഉദ്യോഗസ്ഥർ തീരുമാനങ്ങളെടുക്കാൻ മടിക്കുന്നു. താനിരിക്കുന്നത് എകെജി സെന്ററിൽ അല്ലെന്നും സെക്രട്ടേറിയറ്റിൽ ആണെന്നും മുഖ്യമന്ത്രി തിരിച്ചറിയണം. ജനങ്ങളുടെ അന്നം മുട്ടിച്ചെന്ന പഴി ഈ സർക്കാരിനു മേൽ വീണു കഴിഞ്ഞു. ഭക്ഷ്യമന്ത്രി പി.തിലോത്തമൻ തന്റെ മുൻഗാമിയായ സി.ദിവാകരനെയെങ്കിലും കണ്ടു പഠിക്കണം. കെ.എം.മാണിക്കും കെ.ബാബുവിനുമെതിരെ അന്വേഷണവും മറ്റുമായി നീങ്ങിയപ്പോഴത്തെ ശുഷ്കാന്തി എന്തു കൊണ്ടാണു വിജിലൻസ് ഡയറക്ടർക്ക് ഇപ്പോഴില്ലാത്താത് എന്നു ചെന്നിത്തല ചോദിച്ചു. ഇ.പി.ജയരാജനെതിരെ 42 ദിവസത്തിനകം പൂർത്തിയാക്കേണ്ട അന്വേഷണം 89 ദിവസം നീണ്ടു. കോടതി തീരുമാനമെടുക്കും എന്ന് ഉറപ്പായപ്പോഴാണു തൊട്ടു തലേന്നു ജെ.മെഴ്സിക്കുട്ടിയമ്മയ്ക്കെതിരെ അന്വേഷണം തീരുമാനിച്ചത്. ശക്തമായ തെളിവുള്ള ഒന്നാന്തരം കേസാണ് അതെന്നും രമേശ് പറഞ്ഞു.

‘ബന്ധു നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ’

വിവാദ ബന്ധുനിയമനങ്ങൾ മുഖ്യമന്ത്രി അറിയാതെ നടക്കില്ല എന്നതിനാൽ അദ്ദേഹത്തിന്റെ പങ്കും പരിശോധിക്കാതെ അന്വേഷണം പൂർണമാകില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്ക് എംഡി ആയി സൂരജ് രവീന്ദ്രനെയും പവർ ആൻഡ് യുട്ടിലിറ്റീസ് എംഡി ആയി എം.കെ.ജിൽസണെയും നിയമിക്കാനുള്ള നിർദേശം വന്നപ്പോൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ അഡീഷനൽ ചീഫ് സെക്രട്ടറി പോൾ ആന്റണി ആവശ്യപ്പെട്ടിരുന്നു. ഇരുവർക്കും അന്നത്തെ വ്യവസായ മന്ത്രി ഇ.പി.ജയരാജനുമായി ബന്ധമുണ്ട്. ആ സാഹചര്യത്തിൽ മുഖ്യമന്ത്രിയും മന്ത്രിയുമായി ചേർന്നു ഗൂഢാലോചന നടത്തിയെന്നു കരുതാം. വിവാദത്തിലായ സുധീർ നമ്പ്യാരുടെ നിയമനവും ഇതേ മാർഗത്തിലായിരുന്നിരിക്കും.

വിജിലൻസ് അനുമതിക്കായി ഈ ഫയൽ അയച്ചതു മുഖ്യമന്ത്രി കണ്ടിരിക്കും. സിപിഎം ലോക്സഭാംഗവും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ.ശ്രീമതിയുടെ മകനായ സുധീറിന്റെ നിയമനം മുഖ്യമന്ത്രിയുടെ സജീവമായ ഇടപെടൽ ഇല്ലാതെ നടക്കില്ല. അതിനാൽ, അദ്ദേഹത്തിന്റെ പങ്കു കൂടി പരിശോധിക്കണം– വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനു നൽകിയ കത്തിൽ രമേശ് ആവശ്യപ്പെട്ടു.

related stories
Your Rating: