Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രേലിയയിൽ വംശീയ ആക്രമണം; ‌ കോട്ടയം സ്വദേശിക്ക് പരുക്ക്

australia-attack ലീമാക്സ് ജോയി

മെൽബൺ∙ ഓസ്ട്രേലിയയിലെ ടാസ്മാനിയയിലുണ്ടായ വംശീയ ആക്രമണത്തിൽ മീനടം സ്വദേശിയായ ടാക്സി ഡ്രൈവർക്കു ഗുരുതരമായി പരുക്കേറ്റു. കോട്ടയം മീനടം വയലിക്കൊല്ലാട്ട് ജോയി സ്കറിയയുടെ മകൻ ലീമാക്സ് ജോയി(32)ക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.

‘ഇന്ത്യക്കാരനല്ലേ’ എന്നു ചോദിച്ച് സ്ത്രീകൾ അടക്കമുള്ള സംഘം ആക്രമിക്കുകയായിരുന്നു. ‘ട്രംപ് ഇഫക്റ്റ്- ഓസ്ട്രേലിയയിലും വംശീയ ആക്രമണം’ എന്ന തലക്കെട്ടിലാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ സംഭവം റിപ്പോർട്ട്‌ ചെയ്തത്. ഓസ്ട്രേലിയയിൽ ആശുപത്രി ജീവനക്കാരനായ ലീ അവധി ദിവസങ്ങളിൽ ടാക്സി സർവീസ് നടത്താറുണ്ട്.

പുലർച്ചെ നാലരയോടെയാണു സംഭവം. ഇവിടെയുണ്ടായിരുന്ന അക്രമി സംഘം സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനുമായി തർക്കത്തിലേർപ്പെട്ടിരിക്കുകയായിരുന്നു. ഹോബാർട്ടിലെ റസ്റ്ററന്റ് ശുചിമുറിയിൽ പോയി കാറിലേക്കു തിരികെ പോകുന്നതിനിടെ, ഇതുവഴി കടന്നുപോയ ലീക്കു നേരെ പിന്നീട് സംഘം തിരിയുകയായിരുന്നു.

ആക്രമണത്തിൽ മുഖത്തും കഴുത്തിലും മുറിവേറ്റ ലീയെ നിലത്തിട്ടു ചവിട്ടി. ലീയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലീയ്ക്കു സംസാരിക്കുന്നതിനു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു സ്കൂൾ വിദ്യാർഥി വായിൽ വെള്ളം കൊണ്ടശേഷം തന്റെ നേരെ തുപ്പിയതായി ലീ പറഞ്ഞു.

കഴിഞ്ഞ ആഴ്ച മെൽബണിൽ മലയാളി വൈദികൻ ഫാ. ടോമി കളത്തൂരിനു കുത്തേറ്റിരുന്നു. ടാക്സി ഓടിക്കുന്ന മലയാളികളോട് യാത്രക്കാരായ ചില തദ്ദേശീയർ അപമര്യാദയായി പെരുമാറിയിട്ടുണ്ടെങ്കിലും ആക്രമിക്കപ്പെടുന്നത് ആദ്യമായിട്ടാണെന്ന് ഹോബാർട്ട് മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ ടോമി ജോസഫ്‌ പള്ളിക്കുന്നേൽ പറഞ്ഞു.

ഇന്ത്യൻ എംബസിയും വിദേശകാര്യമന്ത്രാലയവും കേരള സർക്കാരും വിഷയത്തിൽ ഇടപെടുമെന്ന പ്രതീക്ഷയിലാണ് മലയാളി സമൂഹം. ആക്രമണം ഹോബാർട്ടിലെ മലയാളി സമൂഹത്തെ നടുക്കത്തിലാഴ്ത്തി.

ഹോബാർട്ടിൽ 30ഓളം മലയാളി കുടുംബങ്ങൾ ആണുള്ളത്. ഉത്തരേന്ത്യക്കാർക്ക് നേരെ ഇടയ്ക്കൊക്കെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളിക്ക് നേരെ ആക്രമണം ഉണ്ടാകുന്നത് ഇതാദ്യമായാണ്.

related stories
Your Rating: