Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശീന്ദ്രന്റെ വകുപ്പുകൾ ഏറ്റെടുത്തു; മുഖ്യമന്ത്രിക്ക് അധികജോലിഭാരം

pinarayi-vijayan-8

തിരുവനന്തപുരം∙ മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ വകുപ്പുകൾ കൂടി ഏറ്റെടുത്തതോടെ മുഖ്യമന്ത്രി പിണറായി വിജയന് അധികജോലിഭാരം. നേരത്തേയുണ്ടായിരുന്ന 26 വകുപ്പുകൾക്കു പുറമെ ശശീന്ദ്രന്റെ കീഴിലുണ്ടായിരുന്ന മൂന്നു വകുപ്പുകൾ കൂടിയാണു മുഖ്യമന്ത്രിയുടെ ചുമലിലായത്.

അടുത്ത കാലത്തൊന്നും ഒരു മുഖ്യമന്ത്രിയും ഇത്രയും വകുപ്പുകളുടെ ചുമതല വഹിച്ചിട്ടില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആകെ 11 വകുപ്പുകളുടെ ചുമതലയാണു വഹിച്ചിരുന്നത്. വി.എസ്.അച്യുതാനന്ദനു 13 വകുപ്പുകളുടെ ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏറ്റവും ഭാരിച്ച വകുപ്പുകളിലൊന്നായ ആഭ്യന്തരം വിഎസ് കൈകാര്യം ചെയ്തിരുന്നില്ല. ഉമ്മൻ ചാണ്ടിയാവട്ടെ, ഇടക്കാലത്ത് ആഭ്യന്തരം കൈമാറിയിരുന്നു. കെ.എം.മാണി രാജിവച്ചപ്പോൾ ധനകാര്യം ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ, പിണറായി വിജയൻ ആഭ്യന്തരം ഉൾപ്പെടെ 26 വകുപ്പുകൾ തുടക്കം മുതൽ തന്നെ കൈകാര്യം ചെയ്തുവന്നു.

ഇടയ്ക്ക് മന്ത്രി ഇ.പി.ജയരാജൻ രാജിവച്ചതിനെത്തുടർന്ന് വ്യവസായവകുപ്പിന്റെ ചുമതലയും ഏറ്റെടുത്തു. പിന്നീട്, ഇത് എ.സി.മൊയ്തീനു കൈമാറി. ശശീന്ദ്രൻ ഭരിച്ചിരുന്ന റോഡ് ട്രാൻസ്പോർട്ട്, മോട്ടോർ വെഹിക്കിൾസ്, വാട്ടർ ട്രാൻസ്പോർട്ട് വകുപ്പുകളുടെ ചുമതലയാണ് മുഖ്യമന്ത്രി ഏറ്റെടുത്തത്. ആഭ്യന്തരത്തിനു പുറമെ വിജിലൻസ്, ജയിൽ, ഐടി, എയർപോർട്ട്, മെട്രോ റെയിൽ, സയൻസ് ആൻഡ് ടെക്നോളജി ഉൾപ്പെടെ പ്രധാനപ്പെട്ട പല വകുപ്പുകളും മുഖ്യമന്ത്രിയാണു കൈകാര്യം ചെയ്യുന്നത്.

വകുപ്പുകൾ കൂടിയെങ്കിലും അതിനനുസരിച്ചു മുഖ്യമന്ത്രിയുടെ ഓഫിസിൽ ജീവനക്കാരെ നിയമിക്കാതിരുന്നതുമൂലം ഫയൽനീക്കം മന്ദഗതിയിലായിരുന്നു. മുൻ സർക്കാരുകളുടെ കാലത്തുണ്ടായിരുന്നത്ര ജീവനക്കാർ മാത്രമേ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇപ്പോഴുള്ളൂ. ഫയലുകൾ കെട്ടിക്കിടന്നതോടെ പ്രതിദിനം മുഖ്യമന്ത്രിക്ക് അയയ്ക്കേണ്ട ഫയലുകളിൽ നിയന്ത്രണം ഏർപ്പെടുത്തകയും ചെയ്തു. പുതിയ ചുമതലകൾ കൂടി ഏറ്റെടുത്തതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണു വിലയിരുത്തൽ.

related stories
Your Rating: