Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോൺ സംഭാഷണം സൂക്ഷിച്ചു വേണം: മന്ത്രിമാരോടു സിപിഎം

തിരുവനന്തപുരം∙ മന്തിമാരും അവരുടെ ഓഫിസിലുള്ളവരും ഫോണിൽ സംസാരിക്കുമ്പോൾ തികഞ്ഞ ജാഗ്രത വേണമെന്നു സിപിഎം. പാർട്ടി സംസ്ഥാന കമ്മിറ്റി ഈ മുന്നറിയിപ്പു നൽകിയതിനു തൊട്ടുപിറ്റേന്നു ഫോൺ സംഭാഷണത്തിന്റെ പേരിൽ മന്ത്രി എ.കെ.ശശീന്ദ്രന്റെ കസേര പോയി. ശനിയും ഞായറുമായി ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിലാണു മന്ത്രിമാർക്കുള്ള മുന്നറിയിപ്പ്.

സർക്കാരിന്റെ പത്തുമാസ ഭരണത്തിന്റെ വിലയിരുത്തലും ഭരണം മെച്ചപ്പെടുത്താനുളള നിർദേശങ്ങളുമാണ് സംസ്ഥാന സെക്രട്ടേറിയറ്റിനു വേണ്ടി കോടിയേരി സമർപ്പിച്ചത്. ശനിയാഴ്ച വച്ച രേഖയിന്മേൽ ഞായറാഴ്ച ചർച്ച തുടരുമ്പോഴാണു ശശീന്ദ്രന്റെ വിവാദ ഫോൺ സംഭാഷണം പുറത്തുവന്നു രാജി എന്നതു കമ്മിറ്റി അംഗങ്ങൾക്കിടയിൽ തന്നെ ചർച്ചയുമായി. ‘ശ്രദ്ധിക്കേണ്ട കാര്യങ്ങൾ’ എന്ന തലക്കെട്ടിനു താഴെ മന്ത്രിമാർക്കും സ്റ്റാഫിനുമുള്ള പുതിയ പെരുമാറ്റച്ചട്ടത്തിലാണു ഫോൺ ഇടപാടുകൾ സൂക്ഷിച്ചുവേണം എന്ന മുന്നറിയിപ്പ്.

മറ്റു പ്രധാന നിർദേശങ്ങൾ:

കാര്യസാധ്യത്തിനായി സെക്രട്ടേറിയറ്റിലെത്തുന്ന ഇടനിലക്കാരെ മാറ്റിനിർത്തണം. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പാരിതോഷികങ്ങൾ വാങ്ങരുത്. മന്ത്രിമാർ അവരുടെ ഓഫിസിലെ ഓരോ ജീവനക്കാർക്കും കൃത്യമായ ജോലി നൽകുകയും അതു നിർവഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. അതതു വകുപ്പിലെ കാര്യങ്ങൾ മന്ത്രിമാരുടെ ഓഫിസിന്റെ പൂർണ നിയന്ത്രണത്തിലാകണം. ഒരു വകുപ്പിൽ നിന്നു മറ്റൊന്നിലേക്കു ബന്ധപ്പെടുന്നതു വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മാത്രമാകണം. മറിച്ചുള്ള ആവശ്യങ്ങൾക്കു മന്ത്രി തന്നെ ഇടപെടണം.

മാധ്യമങ്ങളോട് ഇടപെടുന്നതിൽ ജാഗ്രത വേണമെന്നും മന്ത്രിമാരോടു പാർട്ടി നിർദേശിച്ചു. മാധ്യമങ്ങളിൽ ഓരോ ദിവസവും വരുന്ന വാർത്തകൾ ശ്രദ്ധിച്ചു തിരുത്തൽ ആവശ്യമുണ്ടെങ്കിൽ യഥാസമയം നൽകണം. പ്രസ്താവനകളിൽ വസ്തുതാപരമായ കാര്യങ്ങൾ മാത്രമേ ഉൾപ്പെടുത്താവൂ. എല്ലാ വിഭാഗങ്ങളിലും പെട്ടവരുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്ന ഇടമായി മന്ത്രിമാരുടെ ഓഫിസിനെ മാറ്റണം. എല്ലാവരുടെയും ആവശ്യങ്ങൾ പരിഹരിക്കാൻ കഴിയണം എന്നില്ല. അക്കാര്യം അവരെ ബോധ്യപ്പെടുത്തി മാത്രമേ മടക്കി അയയ്ക്കാവൂ. അവരുടെ അപേക്ഷകൾ എവിടേക്കാണു നൽകുന്നത് എന്നു കൃത്യമായി ബോധ്യപ്പെടുത്തണമെന്നും പാർട്ടി സർക്കാരിനോടു നിഷ്കർഷിച്ചു.

Your Rating: