Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

171 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വിഷാദരോഗ പരിചരണ ക്ലിനിക്കുകൾ

Marriage

തിരുവനന്തപുരം∙ സംസ്ഥാനത്തെ 171 പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ വിഷാദരോഗ പരിചരണ ക്ലിനിക്കുകൾ തുടങ്ങുന്നു. ലോക മാനസികാരോഗ്യദിനമായ ഏഴിനു പദ്ധതി ഉദ്ഘാടനം ചെയ്യും. നേരത്തേ നടപ്പാക്കിയ ജില്ലാ മാനസികാരോഗ്യപദ്ധതിയുടെ തുടർച്ചയായാണു പദ്ധതി നടപ്പാക്കുന്നത്.

കേരളത്തിലെ ജനസംഖ്യയിൽ അഞ്ചുമുതൽ 10 ശതമാനം വരെ വിഷാദരോഗ ബാധിതരാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ചികിൽസയ്ക്കെത്തുന്നവരിൽ നടത്തിയ പഠനത്തിൽ 21% പേർ വിഷാദരോഗികളാണ്. ഇവർക്ക് ആദ്യഘട്ട പരിചരണം പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽത്തന്നെ ലഭ്യമാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.

സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തുന്ന 171 പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലാണു പദ്ധതി ആദ്യം തുടങ്ങുന്നത്. ഇവിടങ്ങളിലെ ഡോക്ടർമാർക്കു വിഷാദരോഗികളെ തിരിച്ചറിയാനും പ്രാഥമിക പരിചരണത്തിനുമുള്ള പരിശീലനം നൽകിക്കഴിഞ്ഞു.

ലോകാരോഗ്യസംഘടനയുടെ രോഗനിർണയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണു ഡോക്ടർമാർ പരിശോധിക്കുക. വിഷാദരോഗ സാധ്യതയുള്ളവരെ കണ്ടെത്തി പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെത്തിക്കേണ്ട ചുമതല ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്കും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർക്കുമാണ്.

പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ പരിശോധനയ്ക്കുശേഷം ആവശ്യമെങ്കിൽ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്കു റഫർ ചെയ്യും. ജില്ലാ മാനസികാരോഗ്യപദ്ധതിയിൽ നിലവിലുളള സൈക്യാട്രിസ്റ്റുകൾക്കു പുറമെ എല്ലാ ജില്ലകളിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളെ നിയമിക്കാനും ഉത്തരവായിട്ടുണ്ട്.

related stories