Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥിയെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ 16 പേർ അറസ്റ്റിൽ; രണ്ടാം പ്രതി ഒളിവിൽ

ananthu-murderers ഉത്സവത്തിനിടെ വിദ്യാർഥിയെ മർദിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവര്‍.

വയലാർ (ആലപ്പുഴ) ∙ ഉത്സവത്തിനിടെ വിദ്യാർഥിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത ഏഴു പേരടക്കം 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ കുട്ടികളിൽ മൂന്നു പേർ സഹോദരങ്ങളും മറ്റൊരാൾ കൊല്ലപ്പെട്ട വിദ്യാർഥിയുടെ സഹപാഠിയുമാണ്.

ബുധനാഴ്ച രാത്രിയാണ് ഉത്സവത്തിനിടെ പ്ലസ് ടു വിദ്യാർഥി പട്ടണക്കാട് കളപ്പുരയ്ക്കൽ നികർത്ത് എ. അനന്തുവിനെ (17) ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്. സ്കൂളിലെ പെൺകുട്ടികളെ ശല്യം ചെയ്യുന്നതിനെ എതിർത്തതാണു തർക്കത്തിനു കാരണമായതെന്നു പൊലീസ് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട അക്രമമാണ് അനന്തുവിന്റെ മരണത്തിൽ കലാശിച്ചത്. ആർഎസ്എസ് വയലാർ മണ്ഡലം ശാരീരിക പ്രമുഖ് വയലാർ തൈവീട്ടിൽ ആർ.ശ്രീക്കുട്ടനാണു (23) കേസിലെ ഒന്നാം പ്രതി.

ആർഎസ്എസ് പ്രവർത്തകരും വയലാർ പഞ്ചായത്ത് നിവാസികളുമായ വിഷ്ണു നിവാസിൽ എം.ഹരികൃഷ്ണൻ (23), ചക്കുവെളി വീട്ടിൽ യു.സംഗീത് (19), വേന്തമ്പിൽ വീട്ടിൽ എം.മിഥുൻ (19), കുറുപ്പന്തോടത്ത് എസ്.അനന്തു (20), ഐകരവെളി ഡി.ദീപക് (23), പുതിയേക്കൽ വീട്ടിൽ ആർ.രാഹുൽ (20), ചക്കുവെളി യു.ഉണ്ണിക്കൃഷ്ണൻ (22), പാറേഴത്ത് നികർത്തിൽ അതുൽ സുഖാർനോ (19) എന്നിവരടക്കം 16 പേരാണ് അറസ്റ്റിലായത്.

രണ്ടാം പ്രതി ബാലമുരളി ഒളിവിലാണ്. അനന്തു പഠിക്കുന്ന വയലാർ രാമവർമ ഗവ. എച്ച്എസ്എസിലെ പെൺകുട്ടികളെ ചോദ്യം ചെയ്ത സംഭവമാണു പ്രശ്നങ്ങളുടെ തുടക്കമെന്നു പൊലീസ് പറഞ്ഞു. അനന്തു, സുഹൃത്തുക്കളായ സുജിത്, രാഹുൽ പ്രസാദ് എന്നിവരാണ് എതിർത്തത്. ഇതിനെച്ചൊല്ലി പിന്നീടു വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.

സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിനിടയിലും ഇരു സംഘങ്ങളും തമ്മിൽ തർക്കമുണ്ടായി. തുടർന്നാണ് അനന്തുവിനെയും സുഹൃത്തുക്കളെയും ആക്രമിക്കാൻ സംഘം ആസൂത്രണം നടത്തിയത്. സംഭവ ദിവസം രാവിലെ ബൈക്കുകളിലായി അക്രമിസംഘം അനന്തുവിന്റെയും രാഹുലിന്റെയും വീടിനു സമീപം എത്തി.

അന്നു രാത്രി മറ്റൊരു ക്ഷേത്രത്തിനു സമീപം എത്തിയ അക്രമിസംഘം രണ്ടാം പ്രതിയുടെ സുഹൃത്തിനെ വിട്ട് അനന്തുവിനോടു സുഹൃത്തിന്റെ വീട്ടിൽ നടക്കുന്ന പാർട്ടിക്കു വരാൻ ആവശ്യപ്പെട്ടു. ഇതേ സുഹൃത്തുതന്നെ ഇതിലെന്തോ കെണിയുള്ളതായി സൂചന നൽകിയതിനാൽ അനന്തു പോയില്ല.

ഏറെ നേരമായിട്ടും അനന്തു വരാതിരുന്നപ്പോൾ അക്രമിസംഘം അങ്ങോട്ടു ചെല്ലുകയായിരുന്നു. അക്രമികളെ കണ്ട് അനന്തുവിനൊപ്പമുണ്ടായിരുന്ന രാഹുലും അരുണും ഓടി രക്ഷപ്പെട്ടു. അനന്തുവിനെ അക്രമികളിലൊരാൾ പിടിച്ചുവച്ചു. തുടർന്നാണു പതിനേഴു പേർ ചേർന്നു മൃഗീയമായി മർദിക്കുകയും ചവിട്ടുകയും ചെയ്തതെന്നും ഡിവൈഎസ്പി വൈ.ആർ.റസ്റ്റം പറഞ്ഞു.

ബഹളം കേട്ടെത്തിയ നാട്ടുകാരെ പ്രതികൾ ഭീഷണിപ്പെടുത്തി. അഞ്ചു ബൈക്കുകളിലായാണു പ്രതികൾ വന്നതെന്നും ഇവരെ നാട്ടുകാർ ശ്രദ്ധിച്ചിരുന്നതായും അങ്ങനെയാണു പ്രതികളെ തിരിച്ചറിയുവാൻ കഴിഞ്ഞതെന്നും സിഐ വി.പി.മോഹൻലാലും എസ്ഐ സി.സി.പ്രതാപചന്ദ്രനും പറഞ്ഞു.

കേസിലെ 10 പ്രതികളെ സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു. മറ്റു പ്രതികൾ ഇന്നലെ കീഴടങ്ങുകയായിരുന്നു. പ്രതികൾക്കു ലഹരിമരുന്നു സംഘവുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത ഏഴു പേരെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.

കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് ഇവരെയും മുതിർന്ന പ്രതികളോടൊപ്പം പരിഗണിക്കണമെന്നും കുട്ടികളെന്ന പരിഗണന കൊടുക്കരുതെന്നും കോടതിക്കു റിപ്പോർട്ട് നൽകുമെന്നും പൊലീസ് പറഞ്ഞു.

related stories
Your Rating: