Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കസ്റ്റഡി മരണം: മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്താനായില്ലെന്നു സൂചന

കാസർകോട് ∙ പൊലീസ് കസ്റ്റഡിയിൽ മരിച്ച ബിഎംഎസ് പ്രവർത്തകൻ കാസർകോട് സിപിസിആർഐ ക്വാർട്ടേഴ്സിലെ കെ.സന്ദീപ്(28)ന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

ഡോ. വിനയചന്ദ്രന്റെ നേതൃത്വത്തിലുള്ള ആറംഗ ഡോക്ടർമാരുടെ വിദഗ്ധ സംഘമാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. തുടർന്നു രാത്രിയോടെ കാഞ്ഞങ്ങാട്ടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.

കാസർകോട് ജനറൽ ആശുപത്രിയിൽ ഇന്നലെ രാവിലെ 11.30ന് ആണ് കാഞ്ഞങ്ങാട് ആർഡിഒ പി.കെ.ജയശ്രീ, ഡപ്യൂട്ടി തഹസിൽദാർ ജയരാജൻ വൈക്കത്ത് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്.

ഡിവൈഎസ്പിമാരായ കെ.ഹരിശ്ചന്ദ്ര നായിക്, പി.അസൈനാർ, സിഐമാരായ അബ്ദുൽറഹീം, ഉണ്ണിക്കൃഷ്ണൻ എന്നിവർ ഇൻക്വസ്റ്റിനു നേതൃത്വം നൽകി. മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ടിലെ പരാമർശം.

കാൽമുട്ടിലും പാദത്തിലും ചെറിയ മുറിവുകളുണ്ടെങ്കിലും ഓടുന്നതിനിടെ വീണതാകാമെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ പറഞ്ഞു. 

പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ചു കഴിഞ്ഞ ദിവസം കാസർകോട് പൊലീസ് കസ്റ്റഡിയിലെടുത്ത കെ.സന്ദീപ് (28) സ്റ്റേഷനിലെത്തും മുൻപ് കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

ജീപ്പിൽ വച്ചു പൊലീസുകാർ സന്ദീപിന്റെ വയറ്റത്തു ചവിട്ടുകയും വെള്ളം ചോദിച്ചപ്പോൾ നൽകിയില്ലെന്നും ആരോപിച്ചു ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ പ്രതിഷേധത്തെ തുടർന്നു കാസർകോട് ടൗൺ എസ്ഐ പി.അജിത്കുമാറിനെ എആർ ക്യാംപിലേക്കു മാറ്റി.

സന്ദീപിനു മർദനമേറ്റെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പി.അസൈനാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയും നിയമിച്ചിട്ടുണ്ട്. 

സംഭവത്തിൽ പ്രതിഷേധിച്ചു ബിജെപി കാസർകോട് നിയോജകമണ്ഡലത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. ദേശീയപാത താളിപ്പടുപ്പിൽ വാഹനം തടഞ്ഞ ഹർത്താൽ അനുകൂലികളെ പൊലീസ് വിരട്ടിയോടിക്കുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. സംഘർഷത്തിനിടെ യുവമോർച്ച സംസ്ഥാന സെക്രട്ടറി തൃക്കരിപ്പൂരിലെ എ.പി.ഹരീഷിനു(29) പരുക്കേറ്റു.

related stories
Your Rating: