Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈലന്റ് വാലി: രക്ഷയായത് ഇന്ദിരയുടെ നിലപാടെന്ന് ജയറാം രമേശ്

Jairam Ramesh

കൊച്ചി ∙ സൈലന്റ് വാലിയിലെ കുന്തിപ്പുഴയിൽ അണകെട്ടി വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതി യാഥാർഥ്യമാകാതിരുന്നതിനു പിന്നിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ശക്തമായ നിലപാടുകൾ.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയറാം രമേശി ന്റെ ‘ഇന്ദിരഗാന്ധി-എ ലൈഫ് ഇൻ നേച്ചർ’ എന്ന പുസ്തകത്തിലാണ് അമൂല്യവും പകരംവയ്ക്കാനില്ലാത്തതുമായ കേരളത്തിലെ മഴക്കാടുകളുടെ സംരക്ഷണത്തിനായി ഇന്ദിര സ്വീകരിച്ച നിലപാടുകളെപ്പറ്റി പരാമർശിക്കുന്നത്.

കോൺഗ്രസും സിപിഎമ്മും ഒരുപോലെ പിന്തുണച്ച പദ്ധതിയാണ് ഇന്ദിരാഗാന്ധിയുടെ നിലപാടുകളെ തുടർന്നു തടസ്സപ്പെട്ടത്. കെഎസ്ഇബി ശുപാർശ ചെയ്ത പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് അക്കാലത്തു മുഖ്യമന്ത്രിമാരായിരുന്ന കെ. കരുണാകരനും ഇ.കെ. നായനാരുമടക്കമുള്ള നേതാക്കൾ അവരെ സന്ദർ‍ശിച്ചിരുന്നു.

മൂന്നു വർഷത്തിലേറെ പദ്ധതിയെക്കുറിച്ചു വിശദമായി പഠിക്കുകയാണ് ഇന്ദിര ചെയ്തത്. ചിപ്കോ പ്രസ്ഥാനത്തിനു ശേഷം ഇന്ത്യയുടെ പാരിസ്ഥിതിക ചരിത്രത്തിൽ നിർണായക പ്രാധാന്യമുള്ള സൈലന്റ് വാലി പ്രക്ഷോഭം അവരിൽ സ്വാധീനം ചെലുത്തിയിരുന്നു.

അധികാരശക്തികൾ ഒരു ഭാഗത്തും പരിസ്ഥിതി പ്രവർത്തകർ മറുഭാഗത്തുമായി നിലയുറപ്പിച്ച പ്രക്ഷോഭത്തെക്കുറിച്ച് അവർക്കു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നതായും അതു മുഖ്യമന്ത്രിമാരായിരുന്ന കെ. കരുണാകരനും ഇ.കെ. നായനാർക്കും അയച്ച കത്തുകളിൽ വ്യക്തമാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടുന്നു.

അന്ന് ഇന്ദിരാ ഗാന്ധി സ്വീകരിച്ച ശക്തമായ നിലപാടും പദ്ധതിയിൽ നിന്നു പിന്നോട്ടുപോകാൻ കാരണമായിട്ടുണ്ടെന്നു പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ പ്രഫ. എം.കെ. പ്രസാദ് ചൂണ്ടിക്കാട്ടി. അധികാരത്തിൽ ഇല്ലാതിരുന്ന സമയത്തും സൈലന്റ് വാലി പദ്ധതിക്കെതിരെ അവർ ശക്തമായ നിലപാടെടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു. ജൂൺ പത്തിനാണ് ജയറാം രമേശിന്റെ പുസ്തകം പുറത്തുവരുന്നത്.

Your Rating: