Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺ. അംഗത്വ വിതരണത്തിന് ഈയാഴ്ച തുടക്കം

തിരുവനന്തപുരം∙ കോൺഗ്രസ് അംഗത്വ വിതരണം ഇൗയാഴ്ച ആരംഭിക്കുമെന്നും പാർട്ടിയുടെ ആശയങ്ങളുമായി യോജിക്കുന്ന ആർക്കും മേയ് 15 വരെ അംഗത്വം നേടാൻ അവസരമുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. കെപിസിസി നേതൃയോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. 25 പേർക്ക് അംഗത്വം നൽകാവുന്ന ആറു ബുക്കുകളാണ് ആദ്യഘട്ടത്തിൽ ഓരോ ബൂത്ത് കമ്മിറ്റികൾക്കും നൽകുക. അഞ്ചു രൂപയാണ് അംഗത്വ ഫീസ്.

ഓൺലൈൻ വഴി അംഗത്വമെടുക്കാമെങ്കിലും മിസ്ഡ് കോൾ അംഗത്വരീതി ഇല്ല. മേയ് പത്തിനകം സംസ്ഥാനത്തെ എല്ലാ ബൂത്ത്കമ്മിറ്റികളും രൂപീകരിക്കണം. തൃശൂർ ജില്ലയിൽ മാത്രമാണ് ഇതു പൂർണം. രൂപീകരണ പുരോഗതി വിലയിരുത്താൻ എല്ലാ ജില്ലകളിലും കെപിസിസി പ്രസിഡന്റ് കൂടി പങ്കെടുക്കുന്ന അവലോകന യോഗങ്ങൾ ചേരും. ഇടുക്കിയിൽ ഇൗ മാസം 25, എറണാകുളം 26, തൃശൂർ 27, പാലക്കാട് 28, കോട്ടയം 29, തിരുവനന്തപുരം 30, പത്തനംതിട്ട മേയ് ഒന്ന്, കാസർകോട് രണ്ട്, കണ്ണൂർ മൂന്ന്, വയനാട് നാല്, കോഴിക്കോട് അഞ്ച്, ആലപ്പുഴ ആറ്, മലപ്പുറം എട്ട്, കൊല്ലം ഒൻപത് എന്നീ തീയതികളിലാണ് അവലോകന യോഗം.

രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ മേയ് 21നു രാവിലെ ഡിസിസി ഓഫിസുകളിൽ പുഷ്്പാർച്ചന നടത്തും. വൈകിട്ട് വർഗീയതയ്ക്കെതിരെ കോൺഗ്രസ് ജനകീയ സദസ്സ് സംഘടിപ്പിക്കും. ചമ്പാരൻ സമരത്തിന്റെ 100–ാം വാർഷിക ഭാഗമായി ഒരു വർഷം നീളുന്ന പരിപാടികൾ സംഘടിപ്പിക്കും.

മേയ് ആദ്യ വാരം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തു നടക്കും. ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ‘സ്ത്രീ സുരക്ഷയും കേരളവും; സ്ത്രീ ശാക്തീകരണത്തിൽ ഇന്ദിരാഗാന്ധിയുടെ പങ്ക്’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുമെന്നും ഹസൻ പറഞ്ഞു.

Your Rating: