Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള കോൺഗ്രസിന്റെ‌ പിറകെ നടക്കേണ്ടതില്ലെന്നു കെപിസിസി യോഗത്തിൽ വിമർശനം

km-mani

തിരുവനന്തപുരം ∙ കെ.എം.മാണിയെയും കേരള കോൺഗ്രസിനെയും അടിക്കടി യുഡിഎഫിലേക്കു ക്ഷണിക്കുന്ന നേതാക്കളുടെ നിലപാടിനെതിരെ കെപിസിസി നേതൃയോഗത്തിൽ വിമർശനം. കേരള കോൺഗ്രസിന് ഇത് അനാവശ്യ പ്രാധാന്യം നൽകിയെന്നു ചിലർ ചൂണ്ടിക്കാട്ടി. താൻ മാണിയെ ക്ഷണിച്ചിട്ടില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസന്റെ മറുപടി.

പല ഘട്ടത്തിലും കോൺഗ്രസിനെ അപമാനിക്കുന്ന നിലപാടു സ്വീകരിച്ച മാണിയെ തിരികെ കൊണ്ടുവരാൻ കോൺഗ്രസ് മുൻകൈ എടുക്കുന്ന സമീപനം തുടരണോ എന്നു ചോദിച്ചു പി.ടി.തോമസാണു വിമർശനത്തിനു തുടക്കമിട്ടത്. എന്നും രാവിലെ കേരള കോൺഗ്രസിനെ മുന്നണിയിലേക്കു ക്ഷണിക്കേണ്ടതില്ലെന്നു ജോസഫ് വാഴയ്ക്കൻ പറഞ്ഞു. മാണിക്കു പിന്നാലെ പോയി കോൺഗ്രസ് അപഹാസ്യമാകുന്നു. കോട്ടയത്തു പോലും കേരള കോൺഗ്രസിനു പഴയ ശക്തിയില്ല. തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ അവർക്കെതിരെ കോൺഗ്രസ് വിജയം നേടി. ഇൗ സാഹചര്യത്തിൽ വലിയ പാർട്ടിയായ കോൺഗ്രസ് ചെറിയ കക്ഷിയുടെ പിറകെ പോകുന്നതു നാണക്കേടാണെന്നും വാഴയ്ക്കൻ പറഞ്ഞു.

എം.എം.ജേക്കബ് ഇതിനോടു യോജിച്ചു. മാണിക്കു തോന്നുമ്പോൾ തിരിച്ചുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു. പുന:സംഘടനയുടെ പേരിൽ താഴെത്തട്ടിലേക്കു ഗ്രൂപ്പിസം വ്യാപിക്കാതെ നേതൃത്വം ശ്രദ്ധിക്കണമെന്നു വി.എം.സുധീരൻ പറഞ്ഞു. ആരോഗ്യ കാരണങ്ങളാൽ തന്നെയാണു താൻ‌ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ബൂത്ത് തലങ്ങളിലെങ്കിലും ഐക്യമുണ്ടാക്കാൻ കോൺഗ്രസ് ഇനി ശ്രദ്ധിക്കണമെന്നും സുധീരൻ പറഞ്ഞു.

പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങണമെന്നും ബിജെപി കർമപദ്ധതി തയാറാക്കിക്കഴിഞ്ഞെന്നും ശശി തരൂർ പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിനു മുൻപു ദേശീയതലത്തിൽ മതേതര കൂട്ടായ്മ രൂപപ്പെടും. ബിഹാറിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മതേതരകക്ഷികളുടെ ഏകീകരണം വരും. മുതിർന്ന നേതാക്കളെ ഉൾക്കൊണ്ടുതന്നെയാണ് രാഹുൽ ഗാന്ധി പ്രവർത്തിക്കുന്നതെന്നും തരൂർ പറഞ്ഞു.

സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ബൂത്ത്തല പുന:സംഘടന ഇപ്പോൾ എന്തിനാണെന്നു യോഗത്തിൽ ചോദ്യമുയർന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇതേക്കുറിച്ചു വിശദീകരിച്ചു. തൃശൂരിൽ ബൂത്തുതല പുന:സംഘടന പൂർത്തിയായെന്നും അതിനാൽ മറ്റു ജില്ലകളിലും പൂർത്തിയാക്കേണ്ടതുണ്ടെന്നും ഹസൻ വ്യക്തമാക്കി. സംഘടനാ തിരഞ്ഞെടുപ്പു കഴിയുമ്പോൾ‌ തർക്കമില്ലെങ്കിൽ ഇൗ ബൂത്തുകൾക്കു തന്നെ തുടരാം.

Your Rating: