Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാണിയെ ക്ഷണിക്കാൻ ഇവിടെ കല്യാണമൊന്നും ഇല്ലല്ലോയെന്നു ഹസൻ

mm-hassan-04

തിരുവനന്തപുരം∙ കെ.എം.മാണിയെ താൻ യുഡിഎഫിലേക്കു ക്ഷണിച്ചിട്ടില്ലെന്നും ക്ഷണിക്കാൻ ഇവിടെ കല്യാണമൊന്നും നടക്കുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. കഴിഞ്ഞദിവസം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, കേരള കോൺഗ്രസിനെ ആരും പുറത്താക്കിയതല്ലെന്നും അവർക്കു തിരിച്ചുവരാം എന്നുമാണു താൻ പറഞ്ഞത്. അതു വളച്ചൊടിച്ചു താൻ കേരള കോൺഗ്രസിനെ ക്ഷണിച്ചെന്നു വാർത്ത നൽകി.

മലപ്പുറത്തു യുഡിഎഫ് സ്ഥാനാർഥിയായാണു പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിച്ചത്. കേരള കോൺഗ്രസിന്റെ വോട്ടു കൊണ്ടുകൂടിയാണ് അദ്ദേഹം ജയിച്ചത് എന്നത് അവരുടെ അവകാശവാദമാണെന്നും ഹസൻ പറഞ്ഞു. മാണിയുടെ വിഷയം യുഡിഎഫ് ചർച്ച ചെയ്യുമോ എന്ന ചോദ്യത്തിന്, 21നു യുഡിഎഫ് യോഗം ചേരുമെന്നു മാത്രമായിരുന്നു മറുപടി.

മലപ്പുറത്ത് സിപിഎമ്മിന്റേതു മൃദുഹിന്ദുത്വ സമീപനം ആയിരുന്നെന്നു ഹസൻ

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്വീകരിച്ചതു മൃദുഹിന്ദുത്വ സമീപനമാണെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. മലപ്പുറത്തെ വോട്ടർമാരെ അധിക്ഷേപിക്കുന്ന തരത്തിൽ, ന്യൂനപക്ഷ വർഗീയതയുടെ വിജയമാണ് അവിടെ ഉണ്ടായതെന്നു പറഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രസ്താവന പിൻവലിച്ചു മാപ്പു പറയണം.

മലപ്പുറത്തു വർഗീയ ധ്രുവീകരണം ഉണ്ടായെന്ന സിപിഎം കണ്ടെത്തൽ ശരിയില്ല. ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെയുള്ള രാഷ്ട്രീയമായ വിലയിരുത്തലാണ് ഉണ്ടായത്. ബിജെപിയുടെ വർഗീയ ഫാഷിസം പ്രതിരോധിക്കാൻ കോൺഗ്രസിതര ജനാധിപത്യ സഖ്യത്തിനേ സാധിക്കൂവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പഴയ ജനസംഘ ബാന്ധവത്തിന്റെ ഓർമ വേട്ടയാടുന്നതിനാലാണ്. കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്കു പോകുമെന്ന വിലയിരുത്തൽ ശരിയല്ലെന്നും ഹസൻ പറഞ്ഞു.

വൈദ്യുതി നിരക്കു വർധനയ്ക്കെതിരെ നേതൃയോഗം പ്രമേയം പാസാക്കി. കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ലൈംഗികാതിക്രമങ്ങൾ വർധിച്ചുവരുന്നു. പൊലീസിനു നിരന്തരം വീഴ്ച പറ്റുന്നു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. എൽഡിഎഫ് നേതാക്കളുടെ പരസ്പരമുള്ള വിഴുപ്പലക്കൽ ജനങ്ങളുടെ മുന്നിലെത്തി. വിനോദസഞ്ചാരത്തിന്റെ മറവിൽ യുഡിഎഫ് സർക്കാരിന്റെ മദ്യനയം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും പ്രമേയം കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ, മുതിർന്ന നേതാക്കളായ എം.എം.ജേക്കബ്, വക്കം പുരുഷോത്തമൻ, ശശി തരൂർ എംപി തുടങ്ങിയവർ നേതൃയോഗത്തിൽ പ്രസംഗിച്ചു.