Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷ്ടമുറിക്കായി നേതാക്കൾക്കു മോഹം; കിട്ടാതെ വരുമ്പോൾ ഇഷ്ടക്കേട്, വിവാദം

kerala-house-room-issue

ഗെസ്റ്റ് ഹൗസുകളിൽ ഇഷ്ടപ്പെട്ട മുറികൾ തന്നെ വേണമെന്ന മോഹവുമായി നേതാക്കൾ. ഇഷ്ടമുറികൾ ഒരുക്കുന്നതിനിടയിൽ ആരുടെയും ഇഷ്ടക്കേടുകൾക്കിരയാകരുതേ എന്നതു വെറും വ്യാമോഹമെന്ന് അനുഭവത്തിലൂടെ തിരിച്ചറിയുന്ന ഉദ്യോഗസ്ഥർ. ഇഷ്ടമുറികളോടുള്ള നേതാക്കളുടെ കമ്പം പലപ്പോഴും വിവാദങ്ങൾക്കുമിടയാക്കുന്നു.

സംസ്ഥാന ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ ഡൽഹിയിലെ കേരള ഹൗസിൽ എത്തിയ ഉടൻ ഇഷ്ടമുറി നൽകാൻ കഴിയാത്തതിനു കേരള ഹൗസ് അധികൃതർക്കു മാപ്പു പറയേണ്ടിവന്നത് ഇക്കഴിഞ്ഞ ദിവസമാണ്. നാലു വർഷം മുൻപ് ഇതുപോലൊരു മുറി പ്രശ്നം കേരള ഹൗസിൽ ഉണ്ടായെങ്കിലും അന്നത്തെ മുഖ്യമന്ത്രി മൗനം പാലിച്ചതിനാൽ വിവാദമായില്ല.

വിഎസിനു കേരള ഹൗസിൽ 204 നമ്പർ ആണ് ഇഷ്ടമുറി. കഴിഞ്ഞ ദിവസം അദ്ദേഹം ഇവിടെ എത്തിയപ്പോൾ ഈ മുറിയിൽ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. മറ്റൊരു വിഐപി മുറിയായ 104 നൽകിയെങ്കിലും വിഎസിനു തൃപ്തിയായില്ല. ഇതിനിടയിൽ മന്ത്രി മുറിയൊഴിഞ്ഞു. വിഎസിന് ഇഷ്ടമുറി തന്നെ നൽകി ഉദ്യോഗസ്ഥർ മാപ്പു ചോദിക്കുകയും ചെയ്തു.

ഡൽഹിയിലെ കേരള ഹൗസിൽ മന്ത്രിമാർക്കും മറ്റും താമസിക്കാനായി മൂന്നു വിഐപി മുറികളാണുള്ളത്– 104, 204, 304. ഇതിൽ 104 താഴത്തെ നിലയിലും 204 ഒന്നാം നിലയിലും 304 രണ്ടാം നിലയിലുമാണ്. മൂന്നു മുറികളും ഒരുപോലെയാണ്–വലുപ്പത്തിലും സൗകര്യങ്ങളിലും.

നാലു വർഷം മുൻപ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, കേരള ഹൗസിലെ 204–ാം നമ്പർ മുറി മുഖ്യമന്ത്രിക്കും 304 ഗവർണർക്കും നീക്കിവച്ചിരുന്നു. ഉമ്മൻ ചാണ്ടിയും അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും ഒരേ ദിവസം ഡൽഹിയിലെത്തി. ആദ്യമെത്തിയ വിഎസ് 204–ാം നമ്പർ മുറിയിലേക്കു പോയി. ഇതിനിടെ ഉമ്മൻ ചാണ്ടി കേരള ഹൗസിലെത്തി. മുഖ്യമന്ത്രിക്കായി മുറി ഒഴിയാൻ വിഎസ് തയാറായില്ല. ഉമ്മൻ ചാണ്ടി ഇക്കാര്യത്തി‍ൽ പിടിവാശി കാട്ടിയില്ല. 104–ാം നമ്പർ മുറിയിലേക്കു മാറി.

ഡൽഹിയിൽ മുറികളുടെ കാര്യത്തിൽ പൊതുവേ തർക്കമുണ്ടാകാറില്ല. കെ.കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കെ താമസിക്കാൻ ഇഷ്ടപ്പെട്ടിരുന്നത് 104 ലാണ്. എന്നാൽ അപൂർവം ചില സന്ദർഭങ്ങളിൽ മുഖ്യമന്ത്രി ഉള്ളപ്പോൾത്തന്നെ കേരളത്തിൽ നിന്നു ഗവർണറും എത്താറുണ്ട്. അങ്ങനെ വരുമ്പോൾ കരുണാകരൻ 204 ലേക്കു മാറാൻ മടി കാണിച്ചിരുന്നില്ല. അതേ സമയം, തൃശൂർ രാമനിലയത്തിൽ പഴയ ബ്ലോക്കിലെ ഒന്നാം നിലയിലുള്ള നാലാം നമ്പർ മുറി കെ.കരുണാകരന്റെ ഇഷ്ടമുറിയായിരുന്നു. അദ്ദേഹം ഇല്ലാത്തപ്പോൾ പോലും ഈ മുറി മറ്റാർക്കും നൽകിയിരുന്നില്ല. ആലുവ പാലസിന്റെ താഴത്തെ നിലയിലെ 107–ാം നമ്പറും പാലക്കാട് നഗരത്തിൽ ചെമ്പൈ സംഗീത കോളജിനു സമീപം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ എ–ഒന്നുമൊക്കെ വിഎസിന്റെ ഇഷ്ടമുറികളാണ്.

ആലുവ പാലസിലെ 107–ാം നമ്പർ മുറി മുഖ്യമന്ത്രിമാർക്കാണു സാധാരണ നൽകാറുള്ളത്. എങ്കിലും മുഖ്യമന്ത്രി അല്ലാതിരുന്നപ്പോഴും വിഎസ് ഈ ഇഷ്ടമുറിയിൽ താമസിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കെ ഒരിക്കൽ ഉമ്മൻ ചാണ്ടി ആലുവ പാലസിലെത്തി 107–ാം മുറിയിലേക്കു നീങ്ങി. പക്ഷേ വിഎസ്‌ ഉള്ളിലുണ്ടെന്നു മനസ്സിലായതോടെ ഉമ്മൻ ചാണ്ടി മുകളിലെ മുറികളിലൊന്നിലേക്കു പോയി. ‘അദ്ദേഹം അവിടെ താമസിച്ചോട്ടെ’ എന്നു ജീവനക്കാരോടു പറയുകയും ചെയ്തു. പാർട്ടിയിൽ പ്രശ്നങ്ങളും വിവാദങ്ങളും ഉണ്ടാകുമ്പോഴെല്ലാം വിഎസ് ആലുവ പാലസിലെ 107–ാം നമ്പർ മുറിയിലേക്ക് എത്തുമായിരുന്നു.

മൂന്നാർ ഒഴിപ്പിക്കലിന്റെ തയാറെടുപ്പുകളും ആലോചനകളും നടത്തിയതും ഇതേ മുറിയിലാണ്. കോട്ടയത്ത് നാട്ടകം ഗെസ്റ്റ് ഹൗസിന്റെ ഒന്നാം നമ്പർ മുറി മുഖ്യമന്ത്രിക്കോ ഗവർണർക്കോ വേണ്ടി മാറ്റിവയ്ക്കുന്നതാണ്. ആ മുറിയുടെ വാതിൽ മറ്റൊരാൾക്കു കൂടി വേണ്ടി മാത്രമേ തുറക്കാറുള്ളൂ– കെ.എം.മാണിക്ക്.

മുൻ മുഖ്യമന്ത്രി എ.കെ.ആന്റണിക്കു മുറി നിഷേധിച്ച ചരിത്രമുള്ളതാണു പാലക്കാട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസ്. എന്നാൽ, ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട്ടെത്തിയാൽ കെഎസ്ഇബി ഐബിയാണു താമസിക്കാൻ തിരഞ്ഞെടുക്കാറ്. അടുത്തയിടെ സംസ്ഥാനത്തെ നേതാക്കളുടെയെല്ലാം ഇഷ്ടമുറിയായിരിക്കുകയാണു കോഴിക്കോട് വെസ്റ്റ് ഹില്ലിലുള്ള സർക്കാർ അതിഥി മന്ദിരത്തിലെ ഒന്നാം നമ്പർ മുറി. ബിജെപി ദേശീയ കൗൺസിൽ യോഗത്തിനു പങ്കെടുക്കാൻ കോഴിക്കോട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ചത് ഈ മുറിയിലായിരുന്നു. പ്രധാനമന്ത്രി വരുന്നതു പ്രമാണിച്ചു ലക്ഷങ്ങൾ മുടക്കി മുറി നവീകരിച്ചു. ഇതിനു ശേഷമാണ് ഈ മുറിക്കു പിടിവലി തുടങ്ങിയത്.

ഗെസ്റ്റ് ഹൗസ് മാനേജർക്ക് കിട്ടിയതു സസ്പെൻഷൻ

v-eecharan വി. ഈച്ചരൻ

മന്ത്രിക്കു മുറി നൽകിയില്ലെന്ന കുറ്റത്തിനു ഗെസ്റ്റ് ഹൗസ് മാനേജർക്കും വെയിറ്റർക്കും ലഭിച്ചതു സസ്പെൻഷൻ. മലമ്പുഴയിലെ സർക്കാർ ടൂറിസ്റ്റ് ബംഗ്ലാവിൽ 1972ലാണു സംഭവം. അന്നു ഹരിജനക്ഷേമ മന്ത്രിയായിരുന്ന വി. ഈച്ചരനാണു മുറിവിവാദത്തിൽപെട്ടത്.

മന്ത്രിക്കു വേണ്ടി മുറി ബുക്ക് ചെയ്തിരുന്ന ദിവസംതന്നെ ഹൈക്കോടതി ജഡ്ജിക്കു വേണ്ടിയും ബുക്ക് ചെയ്തിരുന്നു. നിശ്ചിതസമയം കഴിഞ്ഞു മണിക്കൂറുകൾ കഴിഞ്ഞിട്ടും മന്ത്രി വന്നില്ല. അർധരാത്രി ജഡ്ജിയും കുടുംബവുമെത്തി. മുറി നൽകി. മന്ത്രിയും ഹൈക്കോടതി ജഡ്ജിയും തുല്യ റാങ്കിലുള്ളവരാണെന്നും ആദ്യമെത്തിയയാൾക്കു മുറി നൽകി എന്നുമായിരുന്നു മാനേജരുടെ വാദം.

ഏതായാലും, വെളുപ്പിനു മന്ത്രിയെത്തിയപ്പോൾ മുറിയിൽ ജഡ്ജി! വെളുപ്പിനു ജഡ്ജിയെ വിളിച്ചുണർത്തുന്നതിലെ നിയമപ്രശ്നം ചിന്തിച്ച വെയിറ്റർ മാനേജരെയും വിളിച്ചുണർത്താതെ മന്ത്രിക്കു മറ്റൊരു മുറി നൽകി. മന്ത്രി തിരുവനന്തപുരത്തു മടങ്ങിയെത്തി, വൈകാതെ ടൂറിസ്റ്റ് ബംഗ്ലാവിന്റെ മാനേജർക്കും വെയിറ്റർക്കും സസ്പെൻഷൻ ഉത്തരവുമെത്തി.

Your Rating: