Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതു നയമനുസരിച്ചു പോയാൽ മാത്രം പൊലീസിനു സർക്കാർ സംരക്ഷണം: മുഖ്യമന്ത്രി; പൊലീസ് യോഗത്തിന് ശ്രീവാസ്തവയും

Pinarayi Vijayan

തിരുവനന്തപുരം∙ ഇടതുമുന്നണി നയത്തിനനുസരിച്ചു പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കു മാത്രം സർക്കാരിന്റെ സംരക്ഷണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതിനു വിരുദ്ധമായി പ്രവർത്തിക്കാൻ ആരെയും അനുവദിക്കില്ല. കേസ് അന്വേഷണത്തിലും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും രാഷ്ട്രീയ പക്ഷപാതം പാടില്ല.

അഴിമതിക്കാരെ സേനയിൽ വച്ചുപൊറുപ്പിക്കില്ല. പൊതു പ്രവർത്തകർക്കെതിരെ ഗുണ്ടാ നിയമവും യുഎപിഎയും ചുമത്തരുതെന്നും ഡിജിപിയുടെ സർക്കുലർ പ്രകാരം മാത്രമേ അത്തരം കേസുകളിൽ നടപടി സ്വീകരിക്കാൻ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കീഴുദ്യോഗസ്ഥർ വീഴ്ച വരുത്തിയാൽ മേലുദ്യോഗസ്ഥർക്കും ഉത്തരവാദിത്തമുണ്ടാകുമെന്നു മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. തിരുവനന്തപുരം റേഞ്ചിലെ എസ്ഐ മുതൽ ഐജി വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പൊലീസിന്റെ തുടർച്ചയായ വീഴ്ചകളിൽ സർക്കാരിനു നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനാണു റേഞ്ച് അടിസ്ഥാനത്തിൽ മുഖ്യമന്ത്രി യോഗം വിളിച്ചത്. ഒന്നര മണിക്കൂർ പ്രസംഗത്തിൽ മുഖ്യമന്ത്രി പൊലീസ് നയം അടിവരയിട്ടുറപ്പിച്ചു. ജനസൗഹൃദ പൊലീസാണു സർക്കാർ നയം.

വിവാദ സംഭവങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നയതീരുമാനങ്ങൾ വേഗത്തിൽ എടുക്കണം. പൊലീസിന്റെ ആത്മവിശ്വാസം തകർക്കുന്ന നടപടികൾ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകരുത്. പൊലീസിന്റെ ന്യായമായ തീരുമാനങ്ങൾക്കു സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകും.

വ്യക്തിപരമായ ഇഷ്ടങ്ങളും ജാതി-മത പരിഗണനയും നീതിനിർവഹണത്തിൽ പാടില്ല. രാഷ്ട്രീയ കേസുകളുടെ പേരിൽ പൊതുപ്രവർത്തകർക്കെതിരെ ഗുണ്ടാ നിയമം ചുമത്തരുതെന്നു മുഖ്യമന്ത്രി ആവർത്തിച്ചു. 

പരാതിയുമായി എത്തുന്ന സാധാരണക്കാർക്കാവണം മുൻഗണന. ജനത്തിരക്കുള്ള സ്ഥലങ്ങളിൽ പൊലീസ് സാന്നിധ്യം വേണം. വീഴ്ചയുണ്ടാൽ ഉത്തരവാദി എസ്ഐയോ പൊലീസുകാരോ മാത്രമാകില്ല. നിരീക്ഷിക്കേണ്ട മേലുദ്യോഗസ്ഥർ‍ക്കും ഉത്തരവാദിത്തമുണ്ടാകും.

നവമാധ്യങ്ങൾ വഴി സർക്കാരിനെതിരായ വാർത്തകൾ പ്രചരിപ്പിക്കരുത്. മണൽ, ഭൂമി, അബ്കാരി, ലഹരിമരുന്നു മാഫിയകളെ അമർച്ച ചെയ്യാൻ പ്രത്യേക സംഘം രൂപീകരിക്കണം. ക്വട്ടേഷൻ സംഘങ്ങളെയും അമർച്ച ചെയ്യണം. സ്ത്രീകൾക്കെതിരായ അതിക്രമം വർധിക്കുകയാണ്. പലതും വീടുകളിലാണു നടക്കുന്നത്.

സാമൂഹികക്ഷേമ വകുപ്പുമായി സഹകരിച്ചു പരിഹാരം കണ്ടെത്തണം. സൈബർ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ കൂടുതൽ പരിശീലനം വേണം. വാഹനാപകടങ്ങൾ കുറയ്ക്കാനും ശ്രദ്ധിക്കണം. കെട്ടിക്കിടക്കുന്ന കേസുകളിൽ അന്വേഷണം വേഗം പൂർത്തിയാക്കണം. മേലുദ്യോഗസ്ഥർ കൃത്യമായി സ്റ്റേഷൻ പരിശോധന നടത്തണം– മുഖ്യമന്ത്രി നിർദേശിച്ചു. 

മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയും യോഗത്തിനെത്തിയിരുന്നു. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, ഡിജിപി ലോക്നാഥ് ബെഹ്റ, റേഞ്ച് ഐജി മനോജ് ഏബ്രഹാം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. നാളെ കണ്ണൂരിലും 29ന് എറണാകുളത്തും 30ന് മലപ്പുറത്തുമാണു മറ്റു യോഗങ്ങൾ. 

related stories