Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിഷേധത്തീയായി ‘പെമ്പിളൈ’; വാവിട്ട്, കൈപൊള്ളി മണി

gomathy ഒരുമൈ വീര്യം: മന്ത്രി എം. എം. മണിയുടെ വിവാദ പ്രസംഗത്തെത്തുടർന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിൻ മൂന്നാറിൽ റോഡിൽ കിടന്ന് പ്രതിഷേധിച്ചപ്പോൾ. ചിത്രം: അരവിന്ദ് ബാല

മൂന്നാർ ∙ പെമ്പിളൈ ഒരുമൈ സമരത്തിൽ പങ്കെടുത്ത തോട്ടം തൊഴിലാളി സ്ത്രീകളെ അവഹേളിച്ചു മന്ത്രി എം.എം.മണി നടത്തിയ പ്രസംഗത്തെത്തുടർന്നു മൂന്നാറിൽ സംഘർഷവും സംസ്ഥാനമൊട്ടാകെ പ്രതിഷേധവും. മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും പരാമർശം തള്ളിക്കളയുകയും വിശദീകരണം തേടുമെന്നു വ്യക്തമാക്കുകയും ചെയ്തതോടെ മണി, സർക്കാരിനും പാർട്ടിക്കും പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

പാർട്ടി നേതാക്കളും എതിരായതോടെ, ‘പരാമർശം തെറ്റിദ്ധരിക്കപ്പെട്ടതിൽ നിർവ്യാജം ഖേദമുണ്ട്’ എന്നു മന്ത്രി പ്രസ്താവിച്ചു. സിപിഐയുടെ നേതൃത്വത്തിലുള്ള റവന്യു വകുപ്പിന്റെ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ തൽക്കാലത്തേക്കു നിർത്തിവയ്പിക്കുകയും മണി ഉൾപ്പെടെയുള്ളവരുടെ നിർദേശം സ്വീകരിച്ചു മതി ഒഴിപ്പിക്കലെന്നു മുഖ്യമന്ത്രിയും സിപിഎമ്മും തീരുമാനിക്കുകയും ചെയ്തതിനുശേഷം പുതിയ വിവാദത്തിലേക്കാണു മണി സർക്കാരിനെ തള്ളിവിട്ടത്.

മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കലിനെത്തുടർന്നു തിരുവനന്തപുരത്തു നടന്ന യോഗത്തിൽ ഉദ്യോഗസ്ഥരെ രൂക്ഷമായി ശാസിച്ചതിനും കുഞ്ചിത്തണ്ണിയിൽ സബ് കലക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചതിനും പിന്നാലെയാണ് പെമ്പിളൈ ഒരുമൈ പ്രവർത്തകരെയും മൂന്നാർ ദൗത്യസംഘം മുൻ തലവൻ സുരേഷ്കുമാറിനെയും അവഹേളിച്ചു മണിയുടെ പ്രസംഗം.

ഇതിന്റെ വിശദാംശങ്ങൾ പുറത്തു വന്നതോടെ പെമ്പിളൈ ഒരുമൈ പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രവർത്തകർ മൂന്നാറിൽ റോഡിൽ കുത്തിയിരുന്നതോടെ ഗതാഗതം തടസ്സപ്പെട്ടു. മണി നേരിട്ടെത്തി മാപ്പുപറയാതെ പിന്മാറില്ലെന്നു പ്രഖ്യാപിച്ചു സ്ത്രീകൾ റോഡിൽ വൈകിയും കുത്തിയിരിപ്പു തുടർന്നു.

എന്നാൽ, പെമ്പിളൈ ഒരുമൈ സമരം തുടങ്ങിയതു താൻ ആവശ്യപ്പെട്ടിട്ടല്ലെന്നും സമരം നിർത്താൻ ആവശ്യപ്പെടുകയില്ലെന്നും മണി വ്യക്തമാക്കി. ഈയിടെ സിപിഎമ്മിൽനിന്നു പെമ്പിളൈ ഒരുമൈയിൽ തിരിച്ചെത്തിയ ഗോമതി അഗസ്റ്റിനൊപ്പം രാജേശ്വരി, കൗസല്യ എന്നിവരുടെ നേതൃത്വത്തിൽ എട്ടംഗസംഘമാണു പകൽ രണ്ടരയോടെ എം.എം.മണിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയത്. മന്ത്രിയുടെ പരാമർശത്തിനെതിരെ പൊട്ടിത്തെറിച്ച ഗോമതി, മന്ത്രി മൂന്നാറിലെത്തി കാലിൽ വീണു മാപ്പുപറയണമെന്നാവശ്യപ്പെട്ടു.

മണിക്ക് അമ്മയും പെങ്ങന്മാരുമില്ലേ? സിപിഎമ്മിന് അപമാനമാണു മണിയെന്നും ഗോമതി കരഞ്ഞുകൊണ്ടു പറഞ്ഞു. റോഡ് ഉപരോധിച്ചതോടെ പൊലീസ് ഇടപെട്ട് ഇവരെ നീക്കാൻ ശ്രമിച്ചു. സമരക്കാരോടൊപ്പമുണ്ടായിരുന്ന പെമ്പിളൈ ഒരുമൈ ഏരിയാ സെക്രട്ടറി കെ.കുമാറിനെ പൊലീസ് ബലമായി വാഹനത്തിൽ കയറ്റാൻ ശ്രമിച്ചതോടെ സംഘർഷമായി. പത്തു മിനിറ്റോളം നീണ്ട പിടിവലിക്കൊടുവിൽ പൊലീസ് ഇയാളെ വിട്ടു.

പൊലീസ് മർദിച്ചെന്നാരോപിച്ചു കുമാറും രാജേശ്വരിയും ആശുപത്രിയിൽ ചികിൽസതേടി. ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെയും കെപിസിസി വൈസ് പ്രസിഡന്റ് എ.കെ.മണിയുടെയും നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും മന്ത്രിക്കെതിരെ പ്രകടനം നടത്തി. ഐഎൻടിയുസിയുടെ നേതൃത്വത്തിൽ തൊഴിലാളി സ്ത്രീകൾ ടൗണിൽ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ ധർണ നടത്തി.