Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഷ്ണുവിന്റെ വീട്ടിലെത്തിയ കോടിയേരിക്ക് സ്നേഹ സ്വീകരണം; പ്രാദേശിക നേതാക്കൾക്ക് വിമർശനം

mahija-kodiyeri ജിഷ്ണുപ്രണോയിയുടെ വളയത്തെ വീട്ടിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജിഷ്ണുവിന്റെ അമ്മ മഹിജ, അച്ഛൻ അശോകൻ, മകൾ അവിഷ്ണ എന്നിവർക്കൊപ്പം. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ സമീപം.

നാദാപുരം∙ പാമ്പാടി നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ വീട്ടിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുടുംബാംഗങ്ങളെ കണ്ടു. പാർട്ടി സെക്രട്ടറി എത്തിയപ്പോൾ കൂടെയുണ്ടായിരുന്ന പ്രാദേശിക പാർട്ടി നേതാക്കളെ ജിഷ്ണുവിന്റെ അമ്മ മഹിജ പരസ്യമായി വിമർശിച്ചു.

ജിഷ്ണുവിന്റെ വീട്ടിൽ കോടിയേരി പോകണമോ എന്ന കാര്യത്തിൽ പാർട്ടിയിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാൽ, പോകാൻ കോടിയേരി തീരുമാനിച്ചപ്പോൾ ജില്ലാ സെക്രട്ടറി പി. മോഹനനും ഏരിയാ സെക്രട്ടറി പി.പി. ചാത്തുവും അടക്കമുള്ളവർ ഒപ്പം ചേർന്നു.

ചിരിച്ചു കൊണ്ടാണ് മഹിജ കോടിയേരിയെ എതിരേറ്റത്. താങ്കളെ കാണാൻ ഏറെയായി ആഗ്രഹിക്കുകയായിരുന്നു എന്ന് അവർ പറഞ്ഞു. പിന്നാലെ ജില്ലാ സെക്രട്ടറി പി. മോഹനനോട് ‘ ഇതു വഴി പോയിട്ടു പോലും ഇവിടെയൊന്നു കയറാൻ തോന്നിയില്ലല്ലോ മാഷേ’ എന്നു ചോദിച്ചു. ഏരിയാ സെക്രട്ടറി പി.പി. ചാത്തുവിനു നേരെയും അവരുടെ വിമർശനമുയർന്നു.

‘ഞങ്ങളുടെ വീട്ടിൽ നിന്ന് ഏറെ അകലെയൊന്നുമല്ല ചത്തുവേട്ടന്റെ വീട്. ആദ്യം കൂടെയുണ്ടായിരുന്നു. പിന്നീട് കണ്ടില്ല’ – മഹിജ പരിഭവിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി. കുഞ്ഞികൃഷ്ണൻ വന്നതിൽ വലിയ നന്ദിയും സന്തോഷവുമുണ്ടെന്നും മഹിജ പറഞ്ഞു.

മാധ്യമ പ്രവർത്തകരെ പുറത്തു നിർത്തി കോടിയേരിയോട് മഹിജ ഏറെ നേരം സംസാരിച്ചു. പാർട്ടിയുടെ ആരോപണത്തിനു വിധേയനായ ജിഷ്ണുവിന്റെ അമ്മാവൻ‌ ശ്രീജിത്തുൾപ്പെടെ ആർക്കെതിരെയും പാർട്ടി തലത്തിൽ നടപടിയുണ്ടാകരുതെന്നും മഹിജ ആവശ്യപ്പെട്ടു. നടപടിയുണ്ടാകില്ലെന്ന് ഉറപ്പു ലഭിച്ചതായാണു കുടുംബം നൽകുന്ന സൂചന.

ജിഷ്ണുവിന്റെ കുടുംബത്തിന്റെ വേദനകൾക്കു സിപിഎം വിലകൽപിക്കുന്നു: കോടിയേരി

നാദാപുരം∙ ജിഷ്ണുപ്രണോയിയുടെ കുടുംബത്തിന്റെ വേദനകൾക്കും ആവശ്യങ്ങൾക്കും സിപിഎം വിലകൽപിക്കുന്നതായും കോടതിയുടെ ഇടപെടലുകൾ കൊണ്ടു മാത്രമാണ് ജിഷ്ണുപ്രണോയി കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയാതിരുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

ഡിജിപി ഓഫിസിനു മുൻപിൽ മഹിജയും സംഘവും നടത്തിയ സമരത്തിനു ശേഷം ഇതാദ്യമായി ഇന്നലെ ജിഷ്ണുവിന്റെ വീട്ടിലെത്തി മഹിജയെയും മറ്റു ബന്ധുക്കളെയും കണ്ടു സംസാരിച്ച ശേഷം സിപിഎം കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

വളയം മറ്റൊരു നന്ദിഗ്രാമമാക്കുമെന്നാണു പാർട്ടി ശത്രുക്കൾ പ്രചരിപ്പിച്ചത്. അതു സാധ്യമാകില്ലെന്നു കോടിയേരി പറഞ്ഞു.

related stories