Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎം നേതൃത്വം ചൂടായി; ഒറ്റപ്പെട്ട് മണി; പരാമർശം പാർട്ടിനയ ലംഘനം

mm-mani

തിരുവനന്തപുരം ∙ മന്ത്രി എം.എം.മണി സിപിഎമ്മിൽ ഒറ്റപ്പെട്ട നിലയിൽ. നാളെ ആരംഭിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളിൽ അദ്ദേഹം പ്രതിക്കൂട്ടിൽ നിൽക്കുമെന്നു നേതാക്കളുടെ പ്രതികരണത്തിൽനിന്നു വ്യക്തം. ശിക്ഷ എന്താണെന്നാണ് അറിയാനുള്ളത്. ഇതിനകം മുഖ്യമന്ത്രിയോടു മണി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇങ്ങനെ നീങ്ങിയാൽ മന്ത്രിസഭയിലുണ്ടാകില്ലെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അദ്ദേഹത്തിനു മുന്നറിയിപ്പു നൽകി എന്നാണു വിവരം. വായിൽ തോന്നുന്നതു വിളിച്ചുപറയാനല്ല, മന്ത്രിയായി പ്രവർത്തിക്കാനാണു നിയോഗിച്ചതെന്നു കോടിയേരി അദ്ദേഹത്തോടു പറഞ്ഞു.

തുടർന്നാണു പിഴവു പറ്റി എന്ന നിലയ്ക്കുള്ള പരസ്യപ്രതികരണം വന്നത്. അത് ഉൾക്കൊണ്ടു മണിക്കു നല്ലനടപ്പു വിധിച്ചേക്കുമെന്നു വിശ്വസിക്കുന്നവരാണ് ഏറെ. സ്ത്രീകളോടു പുലർത്തേണ്ട സമീപനം സംബന്ധിച്ച പാർട്ടി നിലപാടിൽനിന്നുള്ള വ്യതിചലനമാണു മണിയിൽ നിന്നുണ്ടായത്. അദ്ദേഹം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയാണ്.

സ്ത്രീകളോടുള്ള മനോഭാവത്തിൽ പാർട്ടി നേതാക്കൾ ഓരോരുത്തരും സ്വയം മാതൃകകളാകണം എന്നാണ് 2005ലെ ഇതു സംബന്ധിച്ച കേന്ദ്ര കമ്മിറ്റി രേഖ നിഷ്കർഷിച്ചിരിക്കുന്നത്. കഴിഞ്ഞ കൊൽക്കത്ത പ്ലീനം ആവശ്യപ്പെട്ടതു പാർട്ടി അംഗസംഖ്യയുടെ 25% സ്ത്രീപ്രാതിനിധ്യമാണ്. സ്ത്രീകളെ അപമാനിക്കുന്ന ഒരു പ്രവണതയും വച്ചുപൊറുപ്പിക്കരുതെന്നാണു സിപിഎം പൊതുനയം. അതാണു മന്ത്രി കൂടിയായ മുതിർന്ന നേതാവ് കാറ്റിൽ പറത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ.ശ്രീമതി, എ.കെ.ബാലൻ, മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരെല്ലാം മണിയെ തള്ളിപ്പറഞ്ഞു. ഒരു മന്ത്രിയുടെ നടപടി തെറ്റായി എന്ന പ്രതികരണം സമീപകാലത്തു പിണറായിയിൽനിന്നുണ്ടായത് ഇ.പി.ജയരാജന്റെ കാര്യത്തിലാണ്.

അദ്ദേഹത്തിനു പുറത്തേക്കുള്ള വഴിയും വൈകാതെ ഒരുങ്ങി. പാർട്ടി ചർച്ച ചെയ്തു നിഗമനത്തിലെത്തും മുൻപേ നടപടി തെറ്റായെന്ന പ്രതികരണം വന്നതു സ്ഥിതി ഗുരുതരം എന്നതിന്റെ സൂചനയാണ്. മണിയെ മന്ത്രിയാക്കണമോ എന്നു സംസ്ഥാന സെക്രട്ടേറിയറ്റിൽ ചോദിച്ച ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, തന്റെ മുന്നറിയിപ്പു ശരിയായില്ലേ എന്നു കേരളത്തിലെ ചില നേതാക്കളോടു ചോദിച്ചതായാണ് അറിയുന്നത്.

മണി ഇനി സൂക്ഷിക്കുമെന്ന ഉറപ്പാണു മുഖ്യമന്ത്രി അന്നു നൽകിയത്. ആ ഉപദേശം മുഖ്യമന്ത്രിയും സെക്രട്ടേറിയറ്റ് അംഗങ്ങളുമെല്ലാം അദ്ദേഹത്തിനു നൽകിയതുമാണ്. എല്ലാം ശരിവയ്ക്കുമെങ്കിലും മൈക്കിനു മുന്നിലെത്തിയാൽ മണി അതു മറക്കും. പാർട്ടിയെ ഇടുക്കിയിൽ പ്രതിരോധിക്കാനും സംരക്ഷിക്കാനും ഇക്കഴിഞ്ഞ കാലയളവിൽ അദ്ദേഹം നടത്തിയ ശ്രമങ്ങളിൽ സിപിഎം നേതൃത്വത്തിനു മതിപ്പുണ്ട്.

നിലവിലെ വിവാദത്തിൽ സിപിഐക്കു മറുപടി പറയുന്നതിനോടും വിരോധമില്ല. അതിനു പകരം സബ് കലക്ടറെ പരസ്യമായി അവഹേളിച്ചത് അംഗീകരിക്കുന്നില്ല. മണി പൊടുന്നനെ വെട്ടിലായതിൽ ചിരിക്കുന്നതു സിപിഐ നേതൃത്വമാണ്. മന്ത്രിസഭയിൽ ഏറ്റവും ശത്രുപക്ഷത്തു സിപിഐ കാണുന്ന നേതാവാണു മണി.

ഇപ്പോൾ അദ്ദേഹത്തെ കൈവിട്ടാൽ സിപിഐയുടെ കൂടി ജയമാകുമോ എന്ന് ആശങ്കപ്പെടുന്നവർ സിപിഎമ്മിലുണ്ട്. അരാഷ്ട്രീയ കൂട്ടായ്മയായി പാർട്ടി വിലയിരുത്തിയ പെമ്പിളൈ ഒരുമൈയ്ക്കു പെട്ടെന്ന് ഉയിർത്തെഴുന്നേൽപ്പ് കിട്ടാൻ മണിയുടെ പ്രസ്താവന കാരണമായോ എന്നതാണു മറ്റൊരു ആശങ്ക.