Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിയുടെ പരാമർശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം; പ്രതികരണങ്ങൾ

mm-mani-mm-moni

മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവർത്തകരെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ മന്ത്രി എം.എം. മണിക്കെതിരെ പാർട്ടിഭേദമില്ലാതെ വ്യാപക പ്രതിഷേധം. യുഡിഎഫ്, എൻഡിഎ നേതാക്കൾക്കു പുറമേ എൽഡിഎഫ് നേതാക്കളും മണിക്കെതിരെ രംഗത്തെത്തി.

മന്ത്രിസഭയിൽനിന്നു പുറത്താക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം ∙ മര്യാദയുടെ സകല സീമകളും ലംഘിച്ച്, വായിൽ തോന്നുന്നതെല്ലാം വിളിച്ചുകൂവുന്ന എം.എം.മണിയെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനുള്ള തുറന്ന കത്തിൽ ആവശ്യപ്പെട്ടു.

സമനില തെറ്റിയ ആളെപ്പോലെയാണു മണി പെരുമാറുന്നത്. മണിയുടെ മാനസികനില പരിശോധിക്കണം. ഉദ്യോഗസ്ഥരെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ അധിക്ഷേപിച്ച മണി ഇപ്പോൾ സ്ത്രീകൾക്കുനേരെയും തിരിഞ്ഞിരിക്കുന്നു. സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി ക്രിമിനൽ കുറ്റമാണു ചെയ്തത്. മന്ത്രിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണം.

നീതി നടപ്പാക്കുമെന്ന സത്യപ്രതിജ്ഞാ വാചകവും മന്ത്രി ലംഘിച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ സ്വത്തു സംരക്ഷിക്കാൻ ബാധ്യസ്ഥനായ മന്ത്രി സംസ്ഥാനത്തിന്റെ സ്വത്ത് കൊള്ളയടിക്കുന്നവരുമായി ചേർന്ന് അതു തടയാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്. കേരളത്തിന്റെ ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം കേട്ടുകേൾവിയില്ലാത്തതാണ് – രമേശ് ചൂണ്ടിക്കാട്ടി.

സ്ത്രീകൾ ചൂലുകൊണ്ട് അടിച്ചുപുറത്താക്കും: കുമ്മനം

തിരുവനന്തപുരം ∙ മന്ത്രി എം.എം.മണിയെ സ്ത്രീകൾ ചൂലുകൊണ്ട് അടിച്ചുപുറത്താക്കുന്ന കാലം വിദൂരമല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ആരെയും അസഭ്യം പറയുന്ന മണി മലയാളികൾക്ക് അപമാനമാണ്.

മണിയെ മലയാളികൾക്കുമേൽ കെട്ടിവച്ചു സിപിഎം കേരളീയരെ മുഴുവൻ വെല്ലുവിളിക്കുന്നു. വാക്കു കൊണ്ടോ, നോക്കു കൊണ്ടോ സ്ത്രീകളെ അപമാനിക്കുന്നതു സ്ത്രീപീഡനമായി കണക്കാക്കാൻ നിയമം ഉണ്ട്. ആ നിയമം അനുസരിച്ചു മന്ത്രിക്കെതിരെ ക്രിമിനൽ കേസ് എടുക്കണം – കുമ്മനം ആവശ്യപ്പെട്ടു.

ചവറ്റുകൊട്ടയിലാകും സ്ഥാനം: പന്ന്യൻ

തിരുവനന്തപുരം ∙ വായിൽ തോന്നുന്നതെന്തും വിളിച്ചുപറയുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ ആയിരിക്കുമെന്നു സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. ഇരിക്കുന്ന കസേരയുടെ വിലയെങ്കിലും നോക്കണമെന്നും മന്ത്രി എം.എം.മണിക്കുള്ള മറുപടിയായി പന്ന്യൻ പറഞ്ഞു.

‘‘വിവരക്കേടു പറയാൻ മടിയില്ലാത്തവർ നാട്ടിലുണ്ട്, വാർത്തയിൽ നിറഞ്ഞുനിൽക്കാൻ എന്തും പറയാൻ മടിയില്ലാത്ത കാലമാണ്. ഓരോരുത്തരും ഇരിക്കുന്ന കസേര ഓർക്കേണ്ടേ? മാന്യത എന്നതാണു മലയാളിയുടെ ഏറ്റവും വലിയ സൗന്ദര്യം. അതു കൈവിട്ട കളി ആരു കളിച്ചാലും ചരിത്രത്തിൽ അവരുടെ സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കും’– പന്ന്യൻ പറഞ്ഞു.

കേരള സമൂഹം അംഗീകരിക്കില്ല: ശ്രീമതി

കണ്ണൂർ ∙ കേരളം ഭരിക്കുന്ന മന്ത്രിയിൽനിന്ന് സ്ത്രീകളെ അധിക്ഷേപിക്കുന്ന ഇത്തരം പരാമർശം സ്ത്രീ സമൂഹമെന്നല്ല, കേരള സമൂഹവും ഒരിക്കലും അംഗീകരിക്കില്ലെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി എംപി. പെമ്പിളൈ ഒരുമൈ സമരത്തിൽ പാർട്ടി നിലപാടിന്റെ ഭാഗമായി ഞങ്ങളെല്ലാം അവിടെ പോവുകയും അവരോടു സംസാരിക്കുകയും ചെയ്തതാണ്. അത്തരം ഒരു സമരത്തെക്കുറിച്ച് എങ്ങനെയാണ് ഇത്രയും മോശമായി പറയുക? – ശ്രീമതി ചോദിച്ചു.

എന്തും പറയുന്ന രീതി നല്ലതല്ല: മന്ത്രി എ.കെ.ബാലൻ

തിരുവനന്തപുരം ∙ ദേവികുളം സബ് കലക്ടറെ ഊളംപാറയ്ക്കുവിടണമെന്ന മന്ത്രി എം.എം.മണിയുടെ പ്രസ്താവന പാർട്ടി പരിശോധിക്കണമെന്ന് മന്ത്രി എ.കെ. ബാലൻ. ആർക്കും എന്തും പറയാവുന്ന രീതി നല്ലതല്ല. സബ്കലക്ടറുടെ നടപടികളിൽ ചില നിയമ പ്രശ്നങ്ങളുണ്ട്. പ്രശ്നങ്ങളുണ്ടാകുമ്പോൾ സ്ഥലത്തെ ചുമതലപ്പെട്ട മന്ത്രിമാരുമായി ആലോചിക്കുന്നതു നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

മണി സ്ത്രീകളെ അപമാനിച്ചു: മന്ത്രി മേഴ്സിക്കുട്ടിയമ്മ

കൊട്ടാരക്കര ∙ സ്ത്രീകളെ അപമാനിക്കുന്ന മന്ത്രി എം.എം. മണിയുടെ പ്രസ്താവന തിരുത്തപ്പെടേണ്ടതാണെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ഇത്തരം പ്രസ്താവനകൾ ഏത് ഉന്നതൻ നടത്തിയാലും അതിനെതിരെ ശക്തമായി പ്രതികരിക്കും. ഇത്തരം പ്രസ്താവനകളെ ഒരിക്കലും അംഗീകരിക്കാനാകില്ല. മണിയുടെ പ്രസ്താവനയ്ക്കെതിരെ പാർട്ടി വേദികളിൽ ശക്തമായി പ്രതികരിക്കും – മന്ത്രി പറഞ്ഞു.

മന്ത്രിസഭയ്ക്ക് അപമാനം: ഹസൻ

മന്ത്രി മണി നടത്തിയ ആക്ഷേപവും ഭാഷയും ജനാധിപത്യ വിരുദ്ധവും മന്ത്രിസഭയ്ക്ക് അപമാനകരവുമാണെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. ക്രിമിനൽ കേസ് നേരിടുന്ന ഉമാഭാരതി രാജിവയ്ക്കണമെന്ന അച്യുതാനന്ദന്റെ നിലപാടു മണിക്കും ബാധകമാണ് – ഹസൻ പറഞ്ഞു.

അംഗീകരിക്കാനാവില്ല: ടി.എൻ.സീമ

തിരുവനന്തപുരം ∙ മണിയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.എൻ. സീമ. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന അദ്ദേഹത്തെപോലെ മുതിർന്ന നേതാവിൽനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു. രാജിവയ്ക്കണമോ എന്നതൊക്കെ പാർട്ടിയുടെ ഭാഗമായി നിൽക്കുന്ന താൻ പറയേണ്ട കാര്യമല്ലെന്നും സീമ പറഞ്ഞു.

ആലോചിക്കേണ്ടതു മുഖ്യമന്ത്രി: കാനം

മണിയുടെ സംസാരം മന്ത്രിസഭയ്ക്കു നാണക്കേടാണോയെന്ന് ആലോചിക്കേണ്ടതു മുഖ്യമന്ത്രിയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രോൽസാഹനമാണ് സ്ത്രീകളെയും മറ്റും ആക്ഷേപിക്കാൻ മന്ത്രി എം.എം.മണിക്ക് കരുത്ത് പകരുന്നതെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ കുറ്റപ്പെടുത്തി.

സ്ത്രീകളെ അപമാനിക്കുന്ന അധാർമികമായ പരാമർശങ്ങൾ നടത്തിയ മന്ത്രി എം.എം.മണി മാപ്പു പറയണമെന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് ആവശ്യപ്പെട്ടു. മണിക്ക് അധികാരം തലയ്ക്കുപിടിച്ചു ഭ്രാന്തായിരിക്കുകയാണെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പറഞ്ഞു.

മണിയെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നും മന്ത്രിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. സമനില നഷ്ടപ്പെട്ട ആളെപ്പോലെ സംസാരിക്കുന്ന മണിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് കെപിസിസി മുൻ അധ്യക്ഷൻ വി.എം. സുധീരൻ പറഞ്ഞു.

എം.എം.മണിയെ മന്ത്രിസഭയിൽനിന്നു പുറത്താക്കി കേസ് എടുക്കാൻ മുഖ്യമന്ത്രി തയാറാകുന്നില്ലെങ്കിൽ മണിയെ സ്ത്രീകൾക്ക് തെരുവിൽ കൈകാര്യം ചെയ്യേണ്ടിവരുമെന്ന് കെ.കെ.രമ പറഞ്ഞു. മന്ത്രിയുടെ ഭാഷയ്ക്ക് മാന്യത വേണമെന്നും മന്ത്രിയിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാനാവാത്തതാണു മണിയുടെ പരാമർശമെന്നും ജനതാദൾ (യു) സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാർ എംപി പറഞ്ഞു.

മണിക്കെതിരെ കേസെടുക്കണമെന്ന് കേരള കോൺഗ്രസ്(ജേക്കബ്) ഉപാധ്യക്ഷ ഡെയ്സി ജേക്കബ് ആവശ്യപ്പെട്ടു. പ്രസ്താവന പിൻവലിച്ചു മണി മൂന്നാറിലെത്തി മാപ്പു പറയണമെന്നു സിപിഐ അസി. സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു.