Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎം യോഗങ്ങൾക്ക് ഇന്നു തുടക്കം; പാർട്ടിക്കൂട്ടിൽ മണി

തിരുവനന്തപുരം∙ സ്ത്രീവിരുദ്ധത പറഞ്ഞു നാവുപൊള്ളിയ മന്ത്രി എം.എം.മണിയെ ഇന്നാരംഭിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങൾ ശക്തമായി ശാസിക്കും. മന്ത്രിപദവിയിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കണം എന്ന അഭിപ്രായം ഉണ്ടെങ്കിലും അക്കാര്യത്തിൽ പാർട്ടി പല തട്ടിലാണ്. കേന്ദ്ര നേതൃത്വത്തിന്റെ കടുത്ത ഇടപെടൽ ഉണ്ടായില്ലെങ്കിൽ മണി മന്ത്രിപദം കാക്കുമെന്നു കരുതുന്നവരാണേറെ.

അതേസമയം മണിക്കെതിരെ കേസെടുക്കാനുള്ള വനിതാ കമ്മിഷൻ നിർദേശം പാർട്ടി ഗൗരവത്തോടെ എടുത്തിട്ടുണ്ട്. കേസ് കടുത്താൽ മണിയെ സംരക്ഷിച്ചേക്കില്ല. പൊതുപ്രവർത്തകരുടെ ഭാഗത്തുനിന്നു സ്ത്രീവിരുദ്ധ പരാമർശങ്ങളുണ്ടാകുന്നതു കോടതികളും അതീവ ഗൗരവത്തോടെയാണു കാണുന്നത്. പുറത്തു പ്രചരിക്കുന്ന വിധം താൻ പെമ്പിളൈ ഒരുമൈയെ പരിഹസിച്ചിട്ടില്ല എന്നാണു മണി പാർട്ടിക്കു നൽകിയ വിശദീകരണം. എന്നാൽ ഉദ്യോഗസ്ഥർക്കെതിരെ മണി നടത്തിയ അറുവഷളൻ പ്രയോഗങ്ങളും നേതൃത്വത്തിനു രസിച്ചിട്ടില്ല. മൂന്നാർ മുൻ ദൗത്യസംഘത്തിലെ സുരേഷ് കുമാറിനെതിരെ നടത്തിയ പ്രതികരണങ്ങളും പാർട്ടിക്കു ഹിതകരമല്ല. മൊത്തത്തിൽ മണിയെ തിരുത്താതെ വയ്യ എന്ന മനോഭാവത്തിലാണു നേതൃത്വം.

മന്ത്രിസഭയിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കുന്നതു മുഖ്യമന്ത്രിയുടെകൂടി അഭിപ്രായം കണക്കിലെടുത്തേ നടക്കൂ. ഇ.പി.ജയരാജൻ ഒഴിവായപ്പോൾ മണിയെ ഉൾപ്പെടുത്തിയതു മന്ത്രിസഭാ രൂപീകരണ വേളയിൽ പരിഗണിക്കാതിരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്ന നിലയിലാണ്. അടിസ്ഥാനവർഗത്തെ പ്രതിനിധീകരിക്കുന്ന നേതാവ്, ഇടുക്കി പ്രാതിനിധ്യം എന്നിവയും കണക്കിലെടുത്തു. പക്ഷേ മന്ത്രി എന്ന നിലയിലുള്ള സംഭാവനകളെക്കാളേറെ, തലവേദനയാണ് അദ്ദേഹം നൽകുന്നത്.

സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലുമുള്ള വനിതാ നേതാക്കളും ശക്തമായി തിരിഞ്ഞേക്കാം. കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ റിപ്പോർട്ടിങ്ങിനായാണു യോഗം വിളിച്ചിരിക്കുന്നതെങ്കിലും ഭരണരംഗത്തെ ഈ പ്രശ്നങ്ങളാണു മുന്നിൽ. ഭരണം നന്നാക്കാനുള്ള നിർദേശങ്ങൾ ചർച്ചചെയ്തു പിരിഞ്ഞ കഴിഞ്ഞ യോഗത്തിനുശേഷം വീണ്ടും കൂടുമ്പോൾ പ്രശ്നങ്ങൾ രൂക്ഷമാകുന്നതാണു നേതാക്കൾ കാണുന്ന കാഴ്ച.