Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെമ്പിളൈ ഒരുമൈ പ്രവർത്തകർ നിരാഹാരം നിർത്തി; സത്യഗ്രഹം തുടരും

munnar-fasting മൂന്നാറിലെ സമരപ്പന്തലിൽ പെമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതി അഗസ്റ്റിൻ, കൗസല്യ, രാജേശ്വരി എന്നിവർ ചിക്കൻ ബിരിയാണി കഴിച്ച് നിരാഹാരം അവസാനിപ്പിക്കുന്നു. ചിത്രം: മനോരമ

മൂന്നാർ ∙ മന്ത്രി എം.എം.മണി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ടു പെമ്പിളൈ ഒരുമൈ മൂന്നാറിൽ നടത്തി വന്ന നിരാഹാരസമരം അവസാനിപ്പിച്ചു. സത്യഗ്രഹസമരം തുടരും. സമരപ്പന്തലിൽ ചിക്കൻ ബിരിയാണി കഴിച്ചാണു ഗോമതി, കൗസല്യ, രാജേശ്വരി എന്നിവർ അഞ്ചുദിവസം നീണ്ട നിരാഹാരം അവസാനിപ്പിച്ചത്. ഇതിനുശേഷം ഗോമതി, കൗസല്യ, രാജേശ്വരി, ശ്രീലത ചന്ദ്രൻ എന്നിവർ സത്യഗ്രഹം തുടങ്ങി. ചൊവ്വാഴ്ച മുതലാണു ഗോമതി, കൗസല്യ, രാജേശ്വരി എന്നിവർ നിരാഹാരം തുടങ്ങിയത്.

നിരാഹാരം തുടർന്നാൽ പൊലീസ് പീഡിപ്പിക്കുമെന്നു ഭയന്നും സമരം നടത്തുന്നവരുടെ ആരോഗ്യനില മോശമായതിനാലുമാണു നിരാഹാര സമരം അവസാനിപ്പിക്കുന്നതെന്നു രാജേശ്വരി മാധ്യമങ്ങളോടു പറഞ്ഞു. തീരുമാനമെടുക്കുന്നതിനു മുൻപു സമരപ്പന്തലിൽ പെമ്പിളൈ ഒരുമൈ നേതാക്കൾ യോഗം ചേർന്നു. സമരം ചെയ്തിരുന്ന ഗോമതി അഗസ്റ്റിൻ, കൗസല്യ, രാജേശ്വരി എന്നിവരെ ഇന്നലെ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്കു നീക്കിയിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസ നിരാകരിച്ച മൂന്നുപേരും രാത്രി ഏഴുമണിയോടെ കെഎസ്‌ആർടിസി ബസിൽ കയറി മൂന്നാറിലേക്കു മടങ്ങി. എട്ടരയോടെ സമരപ്പന്തലിലെത്തിയ മൂന്നുപേരും നിരാഹാരം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

നിരാഹാരസമരം അഞ്ചാം ദിവസമായതോടെ ഗോമതി അഗസ്റ്റിൻ, കൗസല്യ, രാജേശ്വരി എന്നിവരുടെ ആരോഗ്യനില മോശമാണെന്ന് ഇന്നലെ രാവിലെ ഡോക്‌ടർ റിപ്പോർട്ട് നൽകിയിരുന്നു. ഇതെത്തുടർന്നു പത്തരയോടെ സമരപ്പന്തലിലെത്തിയ പൊലീസ് ആദ്യം രാജേശ്വരിയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. ചികിൽസ വേണ്ടെന്നു പറഞ്ഞതിനാൽ ഗോമതിയെയും കൗസല്യയെയും സമരം തുടരാനനുവദിച്ചു. ഉച്ചയ്ക്കു രണ്ടരയോടെ മെഡിക്കൽ സംഘമെത്തി പരിശോധിച്ചു. ഇവരെ രണ്ടുപേരെയും ഉടനെ ആശുപത്രിയിലെത്തിക്കണമെന്നു പൊലീസിനു റിപ്പോർട്ട് നൽകി.

തുടർന്നു പൊലീസ് ബലം പ്രയോഗിച്ച് ഇവരെ ആംബുലൻസിൽ കയറ്റുകയായിരുന്നു. പെമ്പിളൈ ഒരുമൈയുടെയും കോൺഗ്രസിന്റെയും ആം ആദ്മിയുടെയും പ്രവർത്തകർ പൊലീസ് നീക്കത്തിൽ പ്രതിഷേധിച്ചു. ആംബുലൻസിലേക്കു കൊണ്ടുപോകുന്നതിനിടെ ആദ്യം സ്ട്രെച്ചറിൽ നിന്നും പിന്നീട് ആംബുലൻസ് ഗതാഗതക്കുരുക്കിൽപ്പെട്ടപ്പോഴും ഗോമതി പുറത്തേക്ക് എടുത്തുചാടാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. അടിമാലി ജംക്‌ഷനിൽ കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞു റോഡിൽ കിടന്നു. ഇവരെ പൊലീസെത്തി നീക്കി. മൂന്നു കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു.

അടിമാലി ആശുപത്രിയിൽവച്ച് ഡ്രിപ്പ് ഇടാനുള്ള ഡോക്‌ടർമാരുടെ ശ്രമത്തിനു ഗോമതി വഴങ്ങിയില്ല. ആംബുലൻസിൽവച്ചു കൗസല്യയ്‌ക്ക് അപസ്‌മാരരോഗമുണ്ടായി. കൗസല്യയ്ക്കു ചികിൽസ നൽകുന്നതിനോടു വിയോജിപ്പില്ലെന്നും ഗോമതി അറിയിച്ചു. ഇതോടെ പ്രവർത്തകരായ നാലുപേർ സത്യഗ്രഹം തുടങ്ങി. പെമ്പിളൈ ഒരുമൈ സമരത്തിനു പിന്തുണയുമായി മൂന്നാറിലുണ്ടായിരുന്ന കോൺഗ്രസ് വനിതാ നേതാക്കളായ ഷാനിമോൾ ഉസ്‌മാനും ലതിക സുഭാഷും ഇവരോടൊപ്പം അടിമാലി ആശുപത്രിയിലുമെത്തിയിരുന്നു. ചികിൽസ വേണ്ടെന്നു ഡോക്‌ടർക്ക് എഴുതിക്കൊടുത്തിട്ടാണ് അൻപതോളം പൊലീസുകാർക്കിടയിലൂടെ പെമ്പിളൈ ഒരുമൈക്കാർ ആശുപത്രി വിട്ടത്.

പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നില്ല എന്നതിനാൽ ആശുപത്രി വിട്ടുപോകുന്നതു തടയാനുമായില്ല. അതേസമയം, നിരാഹാരമനുഷ്‌ഠിച്ച മൂന്നു നേതാക്കളുടെയും ആരോഗ്യനില ഒട്ടും തൃപ്‌തികരമായിരുന്നില്ലെന്ന് അടിമാലി താലൂക്ക് ആശുപത്രിയിലെ ഡോക്‌ടർമാർ പറഞ്ഞു. അടിമാലിയിലേക്കു കെഎസ്ആർടിസി ബസിൽ പുറപ്പെട്ട ഗോമതിയും കൂട്ടരും പാതിവഴിയിൽവച്ചു സഹപ്രവർത്തകരിലൊരാളുടെ കാറിൽ കയറിയാണു മൂന്നാറിലെ സമരപ്പന്തലിലെത്തിയത്. രാത്രി വൈകിയും സമരപ്പന്തലിനു കനത്ത പൊലീസ് സന്നാഹം കാവലുണ്ട്.