Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസുമായി ദേശീയ സഖ്യമില്ല: ബിനോയ് വിശ്വം

binoy-viswam

കോഴിക്കോട് ∙ ദേശീയതലത്തിൽ കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ബിജെപിക്കെതിരെ മതനിരപേക്ഷ, ജനാധിപത്യ കൂട്ടായ്മയാണ് ലക്ഷ്യമെന്നും സിപിഐ ദേശീയ നിർവാഹക സമിതി അംഗം ബിനോയ് വിശ്വം. കോഴിക്കോട്ട് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തലത്തിൽ പ്ലാറ്റ്ഫോം എന്ന രീതിയിലാണ് കോൺഗ്രസുമായി സഹകരിക്കാൻ ഉദ്ദേശിക്കുന്നത്. പൊതുവേദിയും മുന്നണിയും രണ്ടാണെന്ന് സിപിഎം മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ചെറുപാർട്ടികളെ വലവീശാൻ ബിജെപി നീക്കം നടത്തുന്ന സാഹചര്യത്തിൽ പൊതുസ്ഥാനാർഥിയെ കൊണ്ടുവരാനുള്ള ശ്രമം വേണം.

കോൺഗ്രസിന്റെ സാമ്പത്തിക നയങ്ങൾ മാറാത്ത കാലത്തോളം സിപിഐ അവരുമായി രാഷ്ട്രീയ സഖ്യത്തിനില്ല. ഗാന്ധിയുടെയും നെഹ്റുവിന്റെയും ആശയം മറന്നു പോകുന്ന കോൺഗ്രസാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുൻമന്ത്രിമാരും കോൺഗ്രസിന്റെ പല നേതാക്കളും ബിജെപിയിലേക്കു ചേക്കേറുകയാണ്.

പലരുടെയും ഒരു കാൽ കോൺഗ്രസിലും മറുകാൽ ബിജെപിയിലുമാണ്. ഇത്തരത്തിലൊരു പാർട്ടിയുമായി രാഷ്ട്രീയ സഖ്യത്തിനു സിപിഐക്കു താൽപര്യമില്ല. എന്നാൽ, കേന്ദ്രത്തിൽ ബിജെപിയെ തടയാൻ വിശാലമതേതര ജനാധിപത്യ ഐക്യമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസുമായി സിപിഐ സഖ്യമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന തരത്തിൽ ചില ഭാഗങ്ങളിൽനിന്നു പരാമർശമുണ്ടായതിനെത്തുടർ‌ന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.