Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കയ്യേറ്റങ്ങളും പട്ടയ വിതരണവും: മുഖ്യമന്ത്രി ഏഴിനു ചർച്ച നടത്തും

തിരുവനന്തപുരം∙ മൂന്നാർ ഉൾപ്പെടെ ഇടുക്കി ജില്ലയിലെ കയ്യേറ്റം ഒഴിപ്പിക്കലും പട്ടയ വിതരണവും സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ ഏഴിന് ഒരു ദിവസം മുഴുവൻ നീളുന്ന ചർച്ച നടത്തുന്നു. വിവിധ സമുദായങ്ങളുടെ നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ, രാഷ്ട്രീയ കക്ഷി നേതാക്കൾ, മാധ്യമ പ്രതിനിധികൾ എന്നിവരുടെ നാലു യോഗങ്ങളാണു വിളിച്ചു ചേർത്തിരിക്കുന്നത്.

മുഖ്യമന്ത്രിക്കു സൗകര്യപ്രദമായ ദിവസം എന്ന നിലയിലാണു ഞായറാഴ്ച്ച ചർച്ച നിശ്ചയിച്ചത്. രാവിലെ 11 ന് തൈക്കാട് ഗവ.ഗെസ്റ്റ് ഹൗസിൽ തുടങ്ങുന്ന ചർച്ച വൈകിട്ടു വരെ നീളും. ഞായറാഴ്ച ക്രിസ്ത്യൻ മതമേലധ്യക്ഷന്മാർക്കു രാവിലെ പള്ളിയിൽ പോകേണ്ടതിനാൽ അവരുടെ യോഗം ഉച്ചതിരിഞ്ഞായിരിക്കും. മന്ത്രി എം.എം.മണി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. യോഗം വിളിക്കാൻ മുഖ്യമന്ത്രി, റവന്യുവകുപ്പിനു നിർദേശം നൽകുകയായിരുന്നു.

രാവിലെ 11 ന് പരിസ്ഥിതി പ്രവർത്തകരുടെ യോഗത്തോടെയാണു തുടക്കം. 12 നു മാധ്യമ പ്രവർത്തകരുടെയും മൂന്നു മണിക്കു സമുദായ നേതാക്കളുടെയും യോഗം. രാഷ്ട്രീയ കക്ഷിനേതാക്കളുടെ യോഗം അഞ്ചിനു ചേരും.

ഇടുക്കി ജില്ലയിലെ ഹിന്ദു, ക്രിസ്ത്യൻ, മുസ്‍ലിം സമുദായങ്ങളിൽ നിന്നുള്ള പ്രമുഖ നേതാക്കളെ വിളിക്കുന്നുണ്ട്. അവർ എത്താൻ വൈകിയാൽ യോഗത്തിന്റെ സമയത്തിൽ മാറ്റമുണ്ടാകും. നിയമസഭയിൽ പ്രാതിനിധ്യമുള്ള കക്ഷികളെയാണു രാഷ്ട്രീയ കക്ഷികളുടെ യോഗത്തിലേക്കു വിളിക്കുക. മുഖ്യമന്ത്രിക്കും മണിക്കും പുറമെ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ, പട്ടിക വിഭാഗ മന്ത്രി എ.കെ.ബാലൻ, വനം മന്ത്രി കെ.രാജു, ചീഫ് സെക്രട്ടറി, റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി, ഇടുക്കി കലക്ടർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

ഇതിനു മുന്നോടിയായി റവന്യു വകുപ്പ് കയ്യേറ്റങ്ങളുടെ തരംതിരിച്ചുള്ള പട്ടിക തയാറാക്കിയിട്ടുണ്ട്. ഇതിൽ വൻകിട കയ്യേറ്റങ്ങൾ യോഗത്തിൽ അവതരിപ്പിച്ച് ഒഴിപ്പിക്കലിനെക്കുറിച്ചു ചർച്ച ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. വീടു വയ്ക്കുന്നതിനായി 10 സെന്റിൽ താഴെ കയ്യേറിയവരോടു കർശന നടപടി വേണ്ടെന്ന നിലപാടിലാണു സർക്കാർ. 

related stories