Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്‌റ്റേറ്റ് കെട്ടിടം: ഉത്തരവ് ഒഴിവാക്കാൻ കേരള സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി ∙ നെല്ലിയാമ്പതിയിൽ മീനമ്പാറ എസ്‌റ്റേറ്റിൽ ഏറ്റെടുത്ത കെട്ടിടം 15 ദിവസത്തിനകം നെല്ലിയാമ്പതി പ്ലാന്റേഷൻസിനു തിരികെ നൽകണമെന്ന ഉത്തരവു നടപ്പാക്കാതെ, ഉത്തരവ് ഒഴിവാക്കണമെന്ന അപേക്ഷയുമായി സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ.

ഉത്തരവു നടപ്പാക്കാത്തതിനു സർക്കാരിനെതിരെ ഇന്നു കോടതിയലക്ഷ്യ ഹർജി നൽകുമെന്ന് എതിർകക്ഷിയുടെ അഭിഭാഷക ഉഷാ നന്ദിനി പറഞ്ഞു. സർക്കാർ ഏറ്റെടുത്ത കെട്ടിടം 15 ദിവസത്തിനകം വിട്ടുനൽകുന്നതിനൊപ്പം, മീനമ്പാറ എസ്‌റ്റേറ്റ് ഉൾപ്പെടെ നെല്ലിയാമ്പതി പ്ലാന്റേഷൻസിന്റെ കൈവശത്തിലുള്ള ഏകദേശം 200 ഏക്കർ ഭൂമി സർക്കാർ രണ്ടുമാസത്തിനകം അളന്നുതിരിച്ചു റിപ്പോർട്ട് നൽകണമെന്നും ജഡ്‌ജിമാരായ മദൻ ബി.ലൊക്കൂർ, ദീപക് ഗുപ്‌ത എന്നിവരുടെ ബെഞ്ച് കഴിഞ്ഞ മാസം 21നു നിർദേശിച്ചിരുന്നു.

ടി.പി.സെൻകുമാറിന്റെ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതും ഇതേ ബെഞ്ചാണ്. കെട്ടിടം വിട്ടുനൽകാൻ 2015 ഡിസംബർ 18നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നൽകിയ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടുള്ളതാണു കഴിഞ്ഞ 21ലെ ഉത്തരവ്.

ഭൂമി അളന്നുതിരിച്ചു നൽകണമെന്നു ഹൈക്കോടതി നൽകിയ ഉത്തരവ് 2012 സെപ്‌റ്റംബർ മൂന്നിനു സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരുന്നു. ഭൂമി സംബന്ധിച്ച ഹർജി നിലവിലുണ്ടെന്നും ഇതിലെ പ്രധാന ആവശ്യമാണു കഴിഞ്ഞ മാസം ഇടക്കാല ഉത്തരവിലൂടെ അനുവദിച്ചിരിക്കുന്നത് എന്നുമാണു സർക്കാരിന്റെ അപേക്ഷയിൽ പറയുന്നത്.