Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂരത്തിനും ഫുൾ എ പ്ലസ്

thrissur-pooram പൂരഭൂഗോളം! തേക്കിൻകാടാണ് പൂരപ്രേമിയുടെ പ്രപഞ്ചം. ആരവങ്ങളിൽ, ആനച്ചൂരിൽ, മേളക്കൊഴുപ്പിൽ മുങ്ങിനിൽക്കുമ്പോൾ തൃശൂരിലെ ഈ മൈതാനത്തിനുപുറത്തൊരു ലോകം കാണിയുടെ മനസ്സിലില്ല. കുടമാറ്റത്തിലലിഞ്ഞു നിൽക്കുന്ന കാണികളുടെയും തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ കുടമാറ്റത്തിന്റെയും ദൃശ്യം. (ഫിഷ് ഐ ലെൻസ് ചിത്രം) ചിത്രം: രാഹുൽ ആർ. പട്ടം

തൃശൂർ∙ കാലവും കലാശവും എണ്ണിയെടുത്ത പഞ്ചവാദ്യത്തിന്റെ  ‘കണക്ക്’, ഇലഞ്ഞിമരം മേളപ്പെരുവനമായി പന്തലിച്ച ‘രസതന്ത്രം’, കുടമാറ്റവും വെടിക്കെട്ടും ഒരു നൊടികൊണ്ടു മണ്ണിനെ സ്വർഗമാക്കി മാറ്റിയ ‘ഭൂമിശാസ്ത്രം’. പിന്നെയോ, ഒരു പകൽമുഴുവൻ പൂരത്തിൽ അലഞ്ഞിട്ടും തെല്ലും മടുക്കാത്ത കാണികളുടെ ‘ഊർജതന്ത്രം’... കൊല്ലം മുഴുവൻ നടത്തിയ ഒരുക്കത്തിനൊടുവിൽ പൂരഫലം വന്നപ്പോൾ എല്ലാ ആഘോഷ ഇനങ്ങൾക്കും എ പ്ലസ്; സമ്പൂർണവിജയം! പത്താം ക്ലാസ് പരീക്ഷയ്ക്കിരുന്ന കുട്ടികളെപ്പോലെ എല്ലാ സമ്മർദങ്ങളും അതിജീവിച്ചാണു സംഘാടകർ ഇത്തവണ പൂരം വിജയിപ്പിച്ചത്. വെടിക്കെട്ടു നടത്താനാകുമോയെന്ന, അവസാനം വരെ നീണ്ട ആശങ്ക.

ഘടകപൂരങ്ങൾക്കൊപ്പം രാവിലെമുതൽ പൂരപ്പറമ്പിൽ വന്നു നിറഞ്ഞൂ കാണികൾ... കാലങ്ങളായി പൂരപ്പറമ്പിൽ പലയാവർത്തി വായിച്ച വാദ്യമേളങ്ങൾ കേട്ടുപഠിച്ചവർ. കലാമണ്ഡലത്തിൽ അധ്യാപകനായിരുന്ന കോങ്ങാട് മധു ശിഷ്യരെ കൊല്ലപ്പരീക്ഷയ്ക്കൊരുക്കുന്ന ഗുരുവിനെപ്പോലെ മഠത്തിൽവരവ് പഞ്ചവാദ്യം നയിച്ചു. ഗജവീരൻ തിരുവമ്പാടി ശിവസുന്ദർ ഉണ്ണിക്കണ്ണന്റെ കോലത്തിൽ തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റി. പാറമേക്കാവ് പത്മനാഭനേറ്റിയ തിടമ്പിൽ പാറമേക്കാവ് ഭഗവതിയെ അമ്പലമുറ്റത്തേക്ക് ഇറക്കിയെഴുന്നള്ളിച്ചപ്പോൾ അകമ്പടിയായി പെരുവനച്ചെമ്പട. ആ മേളത്തിന്റെ കാലമാറ്റം പോലും കാണികൾക്കു ‘മനഃപ്പാഠം’!

വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറയിലായിരുന്നു അടുത്ത അധ്യായം. മേളം കൊണ്ടുപേരുകേട്ട ആ മരച്ചുവട്ടിൽ, 300 കലാകാരന്മാരുടെ മേളച്ചിട്ട ആംഗ്യംകൊണ്ടു നിയന്ത്രിച്ച പെരുവനത്തിന്റെ ഗുരുകുലവിദ്യാഭ്യാസം.!  ജനം പകൽച്ചൂട് മറന്നു. വാനിലുയർന്ന കൈകൾ താളം വിരലിലെണ്ണിപ്പഠിച്ചു. ആ പരീക്ഷ പാസായി പൂരപ്രേമികൾ നേരെ ഇറങ്ങിയത് തെക്കേഗോപുരനടയിലേക്ക്. ഓരോ കാണിയും തേക്കിൻകാടു നിറഞ്ഞ കാണിക്കടൽ കണ്ട് അമ്പരന്നു. പിന്നെ അതിലൊന്നായി ലയിച്ചു. കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളവും പരയ്ക്കാട് തങ്കപ്പമാരാരുടെ  പ്രമാണത്തിലുള്ള പഞ്ചവാദ്യവും പൂരത്തിന്റെ മാറ്റുകൂട്ടി.

ഒടുവിൽ, ലോകം  കുടക്കീഴിലേക്ക് ഒതുങ്ങുന്ന വിസ്മയം; കുടമാറ്റം. നിറങ്ങൾ ഏഴെന്ന് പഠിച്ചത് ശരിയോ എന്ന് തെല്ലൊരു സംശയം! കുടകൾ വിരിയുമ്പോൾ വർണങ്ങൾ ഏഴല്ലെഴുപത്! വാൽക്കണ്ണാടിയിലെ ഭഗവതിയും ശക്തൻ തമ്പുരാനുമൊക്കെ സ്പെഷൽ കുടകളിൽ വിരിഞ്ഞു. ഓരോ കുടമാറ്റത്തിനുമൊപ്പം ഇളകിമറിഞ്ഞ പൂരപ്രേമികൾ മൂല്യനിർണയം നടത്തി: ഈ കുടമാറ്റത്തിനു മാർക്ക് നൂറിൽ നൂറ്! പുലർച്ചെ നടക്കുന്ന വെടിക്കെട്ടിന് എത്രയാവും മാർക്ക്? ആ കാഴ്ചയിലേക്കു കണ്ണുനട്ടു, പൂരപ്രേമികൾ.