Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലറ്റ് മുഖേനയുള്ള തിരഞ്ഞെടുപ്പിന് മടിയില്ലെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ

mullappally-ramachandran-2

ന്യൂഡൽഹി ∙ ബാലറ്റ് മുഖേന തിരഞ്ഞെടുപ്പു നടത്തണമെന്നാണു കേരളത്തിലെ നേതാക്കളുടെയും പ്രവർത്തകരുടെയും പൊതുവികാരമെങ്കിൽ അതിനു മടിയില്ലെന്നു കോൺഗ്രസ് തിരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പൊതുധാരണയുടെ പേരിൽ ഭാരവാഹികളെ അടിച്ചേൽപിക്കാൻ ഉദ്ദേശ്യമില്ല. ധാരണയുണ്ടാക്കണമെന്നും തിരഞ്ഞെടുപ്പു പാടില്ലെന്നും കേരളം ഉൾപ്പെടെ ഒരു സംസ്ഥാനത്തെയും വരണാധികാരികൾക്കു നിർദേശം നൽകിയിട്ടില്ല. തിരഞ്ഞെടുപ്പു നടത്തണമെന്നു ചില മുതിർന്ന നേതാക്കളും യൂത്ത് കോൺഗ്രസ് നേതാക്കളും ആവ‌ശ്യപ്പെട്ട സാഹചര്യത്തിലാണു മുല്ലപ്പള്ളിയുടെ പ്രതികരണം.

തെരുവുയുദ്ധത്തിലേക്കു പാർട്ടിയെ വലിച്ചിഴയ്ക്കാതെ തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാക്കണമെന്നു മാത്രമാണു വരണാധികാരികളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള സുദർശൻ നച്ചിയപ്പൻ എല്ലാ ജില്ലകളും സന്ദർശിച്ചു നേതാക്കളും പ്രവർത്തകരുമായി ആശയവിനിമയം നടത്തിവരികയാണ്. ഒരുക്കങ്ങൾ വിലയിരുത്താൻ 23നു തിരഞ്ഞെടുപ്പ് അതോറിറ്റി വരണാധികാരികളുടെ യോഗം വിളിച്ചിട്ടുണ്ട്.

ഓരോ സംസ്ഥാനത്തും തിരഞ്ഞെടുപ്പ് ഏതുവിധം നടത്താനാകുമെന്ന കാര്യത്തിൽ അന്ന് ഏകദേശ ധാരണയാകും. തിങ്കളാഴ്ച വരെയാണ് അംഗത്വവിതരണം. അഞ്ചുരൂപ നൽകി അംഗത്വമെടുത്തവരുടെ പട്ടിക 30നു പ്രസിദ്ധീകരിക്കും. സൂക്ഷ്മപരിശോധനയ്ക്കും പരാതി പരിഹാരത്തിനും ശേഷം ഓഗസ്റ്റ് ആറിന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. ഒക്ടോബർ 31ന് ആണു സം‌സ്ഥാനതലം വരെ തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാക്കുക.