Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഷ്ണു കേസ്: രക്ത സാംപിളിൽ ഡിഎൻഎ പരിശോധന പറ്റില്ല

jishnu-pranoy ജിഷ്ണു പ്രണോയ്

കോഴിക്കോട് ∙ പാമ്പാടി നെഹ്റു കോളജ് പിആർഒ സഞ്ജിത് വിശ്വനാഥന്റെ മുറിയിൽ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടേതെന്നു കരുതുന്ന രക്തക്കറയിൽ ഡിഎൻഎ പരിശോധന സാധ്യമാവില്ല. സാംപിൾ വേർതിരിക്കാനാകില്ലെന്ന് ഫൊറൻസിക് സയൻസ് ലാബ് അന്വേഷണ സംഘത്തെ അറിയിച്ചു.

ഇതു കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണു വിലയിരുത്തൽ. പിആർഒയുടെ മുറിയിൽ നിന്നു കണ്ടെത്തിയ രക്തക്കറ ജിഷ്ണു പ്രണോയിയുടേതാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. പിആർഒയുടെ മുറിയിൽ നിന്നും കോളജ് ഹോസ്റ്റലിലെ കുളിമുറിയിൽ നിന്നും കണ്ടെത്തിയ രക്തം ഒ പോസിറ്റീവ് ഗ്രൂപ്പിൽപ്പെടുന്നതാണെന്ന് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ജിഷ്ണുവിന്റെ രക്ത ഗ്രൂപ്പും ഒ പോസിറ്റീവ് ആയിരുന്നു. തുടർന്നാണ് ഡിഎൻഎ പരിശോധനയ്ക്കായി സാംപിൾ തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചത്. എന്നാൽ പര്യാപ്തമായ അളവിൽ രക്തക്കറയില്ലാത്തതിനാൽ പരിശോധന അസാധ്യമാണെന്നാണ് ഫൊറൻസിക് സയൻസ് ലാബിൽ നിന്ന് അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്.

സാംപിൾ വേർതിരിക്കാൻ പോലും കഴിയുന്നില്ലെന്നാണു ഫൊറൻ‍സിക് സംഘം പറയുന്നത്. ഡിഎൻഎ പരിശോധനയുടെ തുടർ പ്രക്രിയയെന്ന നിലയ്ക്ക് ഫൊറൻസിക് സംഘം ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്ത സാംപിളും ശേഖരിച്ചിരുന്നു.

കുറഞ്ഞത് 50 നാനോ ഗ്രാം സാംപിൾ ഉണ്ടെങ്കിൽ പോലും പരിശോധന സാധ്യമാകും. സാംപിൾ കൈകാര്യം ചെയ്തതിൽ അടക്കം വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന സംശയവുമുണ്ട്. അതേ സമയം രക്ത ഗ്രൂപ്പ് തിരിച്ചറിയാൻ കഴിയുമെങ്കിൽ ഡിഎൻഎ പരിശോധനയും സാധ്യമാണെന്നാണ് ഫൊറൻസിക് വിദഗ്ധരുടെ അഭിപ്രായം.