Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേദനകൾ ചേക്കേറിയ അമ്മമരം

mothers-day സുമയുടെ മകൻ രഞ്ജിത് തൃശൂർ വെസ്റ്റ്ഫോർട്ട് ആശുപത്രിയിൽ. (ഇടത്) ഒരുമനയൂരിലെ ടാർപ്പായക്കുടിലിൽനിന്ന് ഭർത്താവ് സുബ്രുവിനെ സ്കൂട്ടറിൽ കയറ്റാൻ എടുത്തുകൊണ്ടുപോകുന്ന സുമ.(വലത്)

തൃശൂർ ∙ ഈ അമ്മ തോളിലേറ്റുന്നത് എടുത്താൽ പൊങ്ങാത്ത കുടുംബഭാരം മാത്രമല്ല; ഭർത്താവിനെയും മകനെയും കൂടിയാണ്. രണ്ടു പതിറ്റാണ്ടായി ഭർത്താവിനെ വീട്ടിനുള്ളിൽനിന്നു മുച്ചക്ര സ്കൂട്ടറിലേക്കും തിരിച്ചും എടുത്തിരുന്നു. വീടെന്നു വിളിക്കാനാകില്ല, ടാർപായ വലിച്ചുകെട്ടിയൊരു കുഞ്ഞിടം! മെടഞ്ഞ ഓല കുത്തിച്ചാരി ‘ഭിത്തി’! അതിനുള്ളിൽ പ്രായപൂർത്തിയായ മകളും രണ്ട് ആൺകുട്ടികളും. 

മക്കൾ വളർന്നു പറക്കമുറ്റുന്നതുവരെ മാത്രമേയുള്ളു ദുരിതങ്ങൾ എന്നു കരുതിയ ഈ അമ്മയുടെ മറ്റേ തോളിലേക്ക് ഇനി മകൻ കൂടി ചേക്കേറുകയാണ് – 19 വയസ്സുകാരൻ രഞ്ജിത്. ഒരുമാസം മുൻപ് അപകടത്തിൽപെട്ട അവൻ, ശരീരം തളർന്ന് അബോധാവസ്ഥയിൽ കിടപ്പാണ് ആശുപത്രിയിൽ. രണ്ടുദിവസത്തിനകം ഡിസ്ചാർജ് ചെയ്യും; അമ്മയുടെ മറ്റേ തോളിലേക്ക്! ഇരുതോളിലും ഭാരമേറുമ്പോഴും പോരാടാനുള്ള കരുത്തുകൂട്ടുകയാണ് ഈ അമ്മമനസ്സ്! 

ഒരുമനയൂർ അംബേദ്കർ കോളനിയിൽ മറ്റൊരാളുടെ ഭൂമിയിൽ ചെറുകൂര കെട്ടിക്കഴിയുന്ന കുന്തറ വീട്ടിൽ സുമയുടെയും കുടുംബത്തിന്റെയും ജീവിതമാണിത്. ഭർത്താവ് സുബ്രു (42) 19–ാം വയസ്സിൽ പനി വന്നു ശരീരത്തിന്റെ പാതി തളർന്നയാൾ.

ലോട്ടറി വിറ്റുമാത്രം ജീവിക്കാൻ കഴിയുന്ന സുബ്രുവിനെ സുമ ജീവിതത്തിലേക്കു സ്വീകരിച്ചത് ജീവിതാവസാനം വരെ തോളിലേറ്റാൻ തീരുമാനിച്ചു തന്നെ. രാവിലെ ഒരുക്കി മുച്ചക്ര സൈക്കിളിലേക്കു തോളിലെടുത്തുകൊണ്ടുപോയി ഇരുത്തും സുമ. 

കഴിഞ്ഞ ഏപ്രിൽ 23നു മണത്തലയിലുണ്ടായ ബൈക്ക് അപകടമാണു മകൻ രഞ്ജിത്തിനെ കിടപ്പിലാക്കിയത്. തലയോട്ടിക്കേറ്റ പരുക്കു ഗുരുതരമായതിനാൽ വെസ്റ്റ്ഫോർട്ട് ആശുപത്രിയിൽ അബോധാവസ്ഥയിലാണിപ്പോഴും. മൂത്തമകൻ സുമേഷ് കൂലിപ്പണി ഉപേക്ഷിച്ച് അനുജനെ ശുശ്രൂഷിക്കാൻ ആശുപത്രിയിൽ നിൽക്കുകയാണ്. മകൾ രജിത പത്തിൽ പരീക്ഷയെഴുതി നിൽക്കുന്നു. 

തിരിച്ചടിയിൽ തളരാത്ത മനസ്സുമായി സുമ പറയുന്നു. ഭർത്താവിനെ മാത്രമല്ല, മകനെയും തോളിലേറ്റാൻ തയാറാണ്. പക്ഷേ, ആശുപത്രിയിൽ ചെലവാകുന്ന ലക്ഷങ്ങൾ... കടം ചോദിക്കാൻ ഇനിയാരുമില്ല.

ആശുപത്രിയിൽനിന്നു മകനെ ഡിസ്ചാർജ് ചെയ്താൽ കൊണ്ടുപോയി കിടത്താനൊരിടം വേണം. ടാർപായ മാത്രം വിരിച്ച കൂടാരത്തിൽ അവനെ കിടത്തുന്നതെങ്ങനെ? വരുന്നതു മഴക്കാലമല്ലേ?