Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിബിഐ അന്വേഷണം വേണമെന്ന് കോടിയേരിയോടു ജിഷ്ണുവിന്റെ പിതാവ്

jishnu-ep

നാദാപുരം∙ പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ജിഷ്ണുവിന്റെ അച്ഛൻ കെ.പി. അശോകൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു കത്തു നൽകി. ഇപ്പോൾ നടക്കുന്ന പൊലീസ് അന്വേഷണത്തിൽ സത്യം പുറത്തു കൊണ്ടുവരാൻ സാധിക്കില്ല എന്നു കുടുംബം വിശ്വസിക്കുന്ന സാഹചര്യത്തിൽ സിബിഐ അന്വേഷണത്തിന് ഇടതു സർക്കാരിനെക്കൊണ്ടു തീരുമാനമെടുപ്പിക്കണമെന്നാണു കത്തിലെ ആവശ്യം.

ജിഷ്ണുവിന്റെ ഡിഎൻഎ ടെസ്റ്റിനു ശേഖരിച്ച രക്ത സാംപിൾ മതിയാകില്ലെന്ന വിവരം കൂടി പുറത്തു വന്നതോടെ സർക്കാരിലും അന്വേഷണത്തിലും വിശ്വാസം നഷ്ടപ്പെട്ടതായി അശോകനും ജിഷ്ണുവിന്റെ അമ്മ മഹിജയും വ്യക്തമാക്കിയിരുന്നു. പാർട്ടി മഹിജയുടെ സമരം തള്ളിപ്പറഞ്ഞപ്പോഴും വീട്ടിലെത്തി കോടിയേരി ബാലകൃഷ്ണൻ കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നു.

പാർട്ടി അനുമതിയില്ലാതെ പൊലീസ് ആസ്ഥാനത്തു സമരം നടത്തിയതാണു സിപിഎം പ്രാദേശിക, ജില്ലാ നേതൃത്വങ്ങളെ ചൊടിപ്പിച്ചത്. തുടർന്നു വളയത്തു വിശദീകരണ യോഗം നടത്തി കുടുംബത്തിന്റെ നിലപാടിനെതിരെ പാർട്ടി അത‍ൃപ്തി പ്രകടിപ്പിച്ചിരുന്നു. ഏപ്രിൽ 15നു സിപിഎം നടത്തിയ പൊതുയോഗത്തിൽ‌ മഹിജയെയും സഹോദരൻ കെ.കെ. ശ്രീജിത്തിനെയും മറ്റും എളമരം കരീം ഉൾപ്പെടെയുള്ളവർ നിശിതമായി വിമർശിച്ചപ്പോൾ ഏപ്രിൽ 23ന്റെ പൊതുയോഗത്തിൽ ജിഷ്ണുവിന്റെ കുടുംബത്തെ പാർട്ടിയും നാട്ടുകാരും സംരക്ഷിക്കണമെന്ന നിലപാടാണു കോടിയേരി എടുത്തത്.

മഹിജയെ പൊലീസ് ആസ്ഥാനത്തു മർദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടു പുതിയ ഡിജിപിയെ കാണുമെന്ന ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്റെ പ്രഖ്യാപനവും സർക്കാരിനും സിപിഎമ്മിനും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. മഹിജയെ സമരത്തിനു തലസ്ഥാനത്തേക്കു കൊണ്ടു പോയ ബന്ധുവായ കെ.കെ. ശ്രീജിത്തിനു സിപിഎമ്മിൽ അംഗത്വം പുതുക്കി നൽകാതിരിക്കാൻ പാർട്ടി ഘടകം തീരുമാനിച്ചിരുന്നു.

ഈ തീരുമാനം പുനഃപരിശോധിക്കണമെന്നു മഹിജ അടക്കമുള്ളവർ കോടിയേരിയോട് ആവശ്യപ്പെട്ടെങ്കിലും അതിലും തീരുമാനമായിട്ടില്ല.