Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെറ്റിക്കേസുകളിലെ പിഴത്തുക പോയത് പൊലീസുകാരുടെ അക്കൗണ്ടിലേക്ക്

police-fine

കൊച്ചി∙ പെറ്റിക്കേസിൽ കോടതി പിഴ ചുമത്തിയ പലരുടെയും പണം നിക്ഷേപിക്കപ്പെട്ടതു പൊലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിൽ. മാസം രണ്ടുലക്ഷം രൂപവരെ പിഴത്തുകയായി ലഭിച്ചിരുന്ന ഓണററി മജിസ്ട്രേട്ട് കോടതികളിലെ പിഴയടവു പതിനായിരത്തിൽ താഴെയായതാണ് അന്വേഷണത്തിനു വഴിയൊരുക്കിയത്. പിഴപ്പണം പൊലീസ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടതിന്റെ തെളിവുകൾ കോടതിക്കു ലഭിച്ചു. 

എറണാകുളം ഓണററി മജിസ്ട്രേട്ടിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങി. പിഴപ്പണം അടയ്ക്കാതെ വരുമ്പോൾ വാറന്റാകുന്ന കേസുകളിൽ വിലാസക്കാരനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണു ലോക്കൽ പൊലീസ് സ്ഥിരമായി കോടതിയിൽ സമർപ്പിക്കുന്നത്.

ഇങ്ങനെ തീർപ്പാക്കാത്ത പെറ്റി കേസുകൾ കുന്നുകൂടുമ്പോൾ എഴുതിത്തള്ളുകയാണു പതിവ്. ഈ സാഹചര്യം മുതലെടുത്താണു വാറന്റ് നടപ്പാക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ പണം വാങ്ങുന്നത്. 

പൊതുസ്ഥലത്തു പുകവലിച്ചതിന് 200 രൂപ പിഴ ചുമത്തപ്പെട്ട ആലപ്പുഴ സ്വദേശിയിൽനിന്നു വാറന്റ് നൽകേണ്ട പൊലീസ് ഉദ്യോഗസ്ഥൻ 600 രൂപ സ്വന്തം അക്കൗണ്ടിലേക്കു വാങ്ങിയതിന്റെ തെളിവു കോടതിക്കു ലഭിച്ചു.

തുക നിക്ഷേപിക്കാനുള്ള അക്കൗണ്ട് നമ്പറും ബാങ്ക് കോഡും വ്യക്തമാക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ സ്വന്തം ചെക്ക്‌ലീഫിന്റെ ഫോട്ടോ എടുത്ത് ആലപ്പുഴ സ്വദേശിക്കു വാട്സാപ്പ് ചെയ്തുകൊടുത്തതായും കണ്ടെത്തി. 

തെളിവെടുപ്പിൽ സമാന സംഭവങ്ങളുടെ തെളിവുകൾ കൊച്ചി നഗരത്തിൽ തന്നെ കണ്ടെത്തി. ഇതോടെയാണു സംസ്ഥാന വ്യാപകമായ അന്വേഷണം ആവശ്യപ്പെട്ടു പൊലീസ് മേധാവികൾക്കു റിപ്പോർട്ട് നൽകിയത്. വാറന്റ് നൽകാൻ ചെല്ലുമ്പോൾ പിഴപ്പണം കൈവശം വാങ്ങിയശേഷം കോടതിയിൽ അടയ്ക്കാതെ വിലാസക്കാരനില്ലെന്ന റിപ്പോർട്ട് എഴുതി വാറന്റ് മടക്കുകയാണു പതിവ്.

സംശയം തോന്നിയ കോടതി കേസുകൾ തള്ളാതായതോടെയാണു തട്ടിപ്പു നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ കെണിയിലായത്. വാറന്റ് മടങ്ങിയ കേസുകളിൽ സ്വന്തം നിലയിൽ കക്ഷികളെ കണ്ടെത്തി മൊഴിയെടുത്ത കോടതി പൊലീസ് തട്ടിപ്പു തിരിച്ചറിയുകയായിരുന്നു.