Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഷ്ണുവിന്റെ പിതാവ് മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി

jishnu-pranoy

കോഴിക്കോട് ∙ ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അച്ഛൻ കെ.പി. അശോകൻ മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർമാൻ പി. മോഹനദാസിനു പരാതി നൽകി. പാമ്പാടി നെഹ്റു ഗ്രൂപ്പ് ഓഫ് എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ പി. കൃഷ്ണദാസ്, വൈസ് പ്രിൻസിപ്പൽ ശക്തിവേൽ, പബ്ലിക് റിലേഷൻസ് ഓഫിസർ സഞ്ജിത് വിശ്വനാഥൻ, പഴയന്നൂർ എസ്ഐ സി. ജ്ഞാനശേഖരൻ, തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ഫൊറൻസിക് മെഡിസിൻ വിഭാഗത്തിലെ ഡോ. കെ. ജെറി ജോസഫ് എന്നിവരെ എതിർകക്ഷികളാക്കിയാണു പരാതി നൽകിയിരിക്കുന്നത്. മകന്റെ മരണത്തിനു കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ഡിജിപിക്കു പരാതി നൽകാൻ പോയ തന്നെയും ഭാര്യ മഹിജയെയും ഒപ്പമുണ്ടായിരുന്നവരെയും പൊലീസ് മർദിച്ചു.

മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. പഴയന്നൂർ സ്റ്റേഷനിലെ എസ്ഐയും ഫൊറൻസിക് വിഭാഗത്തിലെ ഡോക്ടറും കൊലപാതകം മറച്ചു വയ്ക്കാനുള്ള ശ്രമമാണു നടത്തിയത്. ഇതെല്ലാമാണു പരാതിയിൽ പറയുന്നത്. പരാതി തൃശൂർ ജില്ലയുടെ ചുമതലയുള്ള കമ്മിഷൻ അംഗം കെ. മോഹൻകുമാറിനു കൈമാറുമെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും പി. മോഹനദാസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ടു കോടതിയിലിരിക്കുന്ന കാര്യങ്ങളിൽ കമ്മിഷന് ഇടപെടാൻ കഴിയില്ല. മറ്റു കാര്യങ്ങൾ അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും അച്ഛനൊപ്പമുണ്ടായിരുന്നു.