Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജു വധം: രണ്ട് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ; പ്രതികളിലൊരാൾ വിദേശത്തേക്ക് കടന്നെന്ന് പൊലീസ്

Political violence, Kannur

പയ്യന്നൂർ ∙ ആർഎസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജുവിനെ കൊല ചെയ്ത കേസിൽ രണ്ട് സിപിഎം പ്രവർത്തകരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. രാമന്തളി കുന്നരുവിലെ പി.സത്യൻ (32), കക്കംപാറയിലെ വി.ജിതിൻ (32) എന്നിവരെയാണ് സിഐ എം.പി.ആസാദ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽവച്ച് അറസ്റ്റ് ചെയ്തത്.

വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിന് ചെന്നൈയിലേക്കു പോകാൻ ശ്രമിക്കവേ രാത്രി പതിനൊന്നരയോടെയായിരുന്നു അറസ്റ്റ്. പ്രതികളെ കോടതി 30 വരെ റിമാൻഡ് ചെയ്തു. കഴിഞ്ഞ 12ന് ആണു പാലക്കോട് പാലത്തിനു സമീപം ബിജുവിനെ ഏഴംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

അതേസമയം, പ്രതികളിൽ ഒരാൾ വിദേശത്തേക്കു കടന്നതായി പൊലീസ് അറിയിച്ചു. സിപിഎം പ്രവർത്തകനായ പ്രതീഷാണ് വിദേശത്തേക്കു കടന്നത്. ഇയാൾ നേരത്തേ വിദേശത്ത് ജോലിചെയ്തുവരികയായിരുന്നു. ഒരു മാസം മുൻപു നാട്ടിലെത്തിയ പ്രതീഷ് കൃത്യം നിർവഹിച്ചശേഷം വിദേശത്തേക്കു കടന്നുവെന്നാണു പൊലീസ് പറയുന്നത്.

ഏഴു പ്രതികളുള്ള കേസിൽ റിനീഷ്, ജ്യോതിഷ് എന്നീ സിപിഎം പ്രവർത്തകരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഈ മാസം 30 വരെയാണു കോടതി റിമാൻഡ് ചെയ്തിരുന്നത്. പ്രതികളെ ഒരുമിച്ചു കോടതിയിൽ ഹാജരാക്കുന്നതിനാണു സത്യനെയും ജിതിനെയും 30 വരെ റിമാൻഡ് ചെയ്തത്.

മറ്റു രണ്ടു പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും വിദേശത്തേക്കു കടന്ന പ്രതിയെ നാട്ടിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. റിനീഷിനെയും ജ്യോതിഷിനെയും കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ ഹർജി ഇന്നു കോടതി പരിഗണിക്കും.