Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയം ജില്ലാപഞ്ചായത്തിൽ മാണി–സിപിഎം വിജയം വീണ്ടും

km-mani

കോട്ടയം∙ ജില്ലാപഞ്ചായത്തിൽ വീണ്ടും കേരള കോൺഗ്രസ് (എം) – സിപിഎം കൂട്ടുകെട്ട്. വികസനകാര്യ സ്ഥിരം സമിതിയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥി സിപിഎം പിന്തുണയോടെ വിജയിച്ചു. കേരള കോൺഗ്രസി (എം) നുള്ളിൽ അഭിപ്രായഭിന്നത രൂക്ഷമാക്കിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തനിയാവർത്തനമായി സ്ഥിരം സമിതി തിരഞ്ഞെടുപ്പും.

കാഞ്ഞിരപ്പള്ളി ഡിവിഷൻ അംഗം സെബാസ്റ്റ്യൻ കുളത്തുങ്കലാണ് (12–8) ജയിച്ചത്. കേരള കോൺഗ്രസിന്റെ ആറും സിപിഎമ്മിന്റെ ആറും വോട്ട് സെബാസ്റ്റ്യനു ലഭിച്ചു. കോൺഗ്രസ് സ്ഥാനാർഥി അയർക്കുന്നം ഡിവിഷനിലെ ലിസമ്മ ബേബിക്ക് കിട്ടിയത് കോൺഗ്രസിന്റെ എട്ട് വോട്ട്. സിപിഐ അംഗം പി.സുഗതൻ വിട്ടുനിന്നു.

പി.സി.ജോർജിന്റെ ജനപക്ഷം അംഗം ലിസി സെബാസ്റ്റ്യൻ വോട്ട് അസാധുവാക്കി. കേരള കോൺഗ്രസ് അംഗം സഖറിയാസ് കുതിരവേലിൽ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം രാജിവച്ച് പ്രസിഡന്റായി വിജയിച്ചതോടെയാണു വീണ്ടും തിരഞ്ഞെടുപ്പു വേണ്ടിവന്നത്. കെ.എം.മാണിയുടെ കപടമുഖമാണു പുറത്തു വന്നതെന്നു കോട്ടയം ജില്ലാ കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

പ്രാദേശികമായി എടുത്ത തീരുമാനമാണെന്നും സിപിഎം പിന്തുണ ചോദിച്ചിട്ടില്ലെന്നുമായിരുന്നു കേരള കോൺഗ്രസിന്റെ പ്രതികരണം. കോൺഗ്രസിനെ തോൽപ്പിക്കാനാണു കേരള കോൺഗ്രസുമായി ചേർന്നതെന്നു സിപിഎം ജില്ലാ നേതൃത്വം പറയുന്നു. കേരള കോ‍ൺഗ്രസുമായുള്ള കൂട്ടുകെട്ട് അംഗീകരിക്കില്ലെന്ന നിലപാട് സിപിഐ ആവർത്തിച്ചു. അതേസമയം ജില്ലാ പഞ്ചായത്തിലെ സംഭവം തികച്ചും പ്രാദേശികമെന്ന് കെ.എം.മാണി പ്രതികരിച്ചു.

ഈ മാസം ആദ്യം സിപിഎം പിന്തുണയിൽ സഖറിയാസ് കുതിരവേലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയതോടെയാണ് കോൺഗ്രസും കേരള കോൺഗ്രസും തമ്മിലുള്ള ബന്ധം വഷളായത്. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പ് 24നാണ്. സമിതിയിൽ കേരള കോൺഗ്രസിനു രണ്ട് അംഗങ്ങളും കോൺഗ്രസ്, സിപിഎം എന്നിവർക്ക് ഓരോ അംഗങ്ങളുമുണ്ട്.

സെബാസ്റ്റ്യൻ കുളത്തുങ്കൽ തന്നെ അധ്യക്ഷനാകാനാണു സാധ്യത. കോട്ടയം ജില്ലാ പഞ്ചായത്ത് കക്ഷിനില ആകെ 22 കോൺഗ്രസ്– എട്ട് കേരള കോൺഗ്രസ്–ആറ് സിപിഎം–ആറ് സിപിഐ– ഒന്ന് ജനപക്ഷം–ഒന്ന്.