Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗക്കിടക്കയിലേക്ക് കേരളം പനിച്ച്, വിറച്ച്, ചുമച്ച്...

fever (ഫയൽ ചിത്രം)

സംസ്ഥാനത്ത് വിവിധ തരം പനികൾ പടരുന്നു. തലസ്ഥാന ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ. ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും മുൻകരുതൽ നടപടികളുമായി രംഗത്തുണ്ടെങ്കിലും രോഗം പടരുകതന്നെയാണ്.

∙ വിവിധ തരം പനികൾ ബാധിച്ച് ഈ വർഷം മരിച്ചവരുടെ എണ്ണം: തിരുവനന്തപുരം – 14 ∙ കൊല്ലം – 6 ∙ പത്തനംതിട്ട – 2 ∙ ഇടുക്കി – 1 ∙ പാലക്കാട് – 4 ∙ മലപ്പുറം – 1 തിരുവനന്തപുരം ജില്ലയിൽ ഈ മാസം 917 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 1262 പേർക്കു സംശയിക്കുന്നു. 14 പേർക്ക് എച്ച്1എൻ1. ഇന്നലെ മാത്രം 1602 പേർ പനി ബാധിച്ചു ചികിത്സ തേടി.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആറ് ഡോക്ടർമാർക്കും ഡെങ്കിപ്പനി ബാധിച്ചു. കൊല്ലം ജില്ലയിൽ ഇന്നലെ ചികിൽസ തേടിയത് 728 പേർ. കഴിഞ്ഞ ദിവസങ്ങളേക്കാൾ കൂടിതലാണിത്. 12 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജനുവരി മുതൽ ജില്ലയിൽ എച്ച്1 എൻ1 63 പേർക്ക് സ്ഥിരീകരിച്ചു.

പത്തനംതിട്ട ജില്ലയിൽ ദിവസം ശരാശരി 300 പേരാണ് ഈയാഴ്ച പനി ബാധിച്ച് ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളിൽ എത്തിയത്. ആലപ്പുഴ ജില്ലയിൽ ഇന്നലെ ഏഴു പേരെ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രണ്ടു പേർക്ക് എലിപ്പനിയും ഏഴു പേർക്ക് ചിക്കൻ പോക്സും സ്ഥിരീകരിച്ചു.

പകർച്ചപ്പനി ബാധിച്ച് 532 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കോട്ടയം ജില്ലയിൽ ഇന്നലെ മാത്രം 317 പേർ ചികിൽസ തേടി. ഇൗ മാസം ഇതുവരെ 16 പേർക്കു ഡെങ്കിപ്പനി ബാധിച്ചു. 120 ഇതര സംസ്ഥാന തൊഴിലാളികളിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 24 പേർക്കാണ് ഇതുവരെ എച്ച്‌1 എൻ1 സ്ഥിരീകരിച്ചത്.

ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 15 കുട്ടികളെ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി ജില്ലയിൽ ഈ മാസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 4333 ആണ്. ഇതിൽ ഒൻപതു പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ 82 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു; 93 പേരിൽ എച്ച്1എൻ1 ബാധയും. എലിപ്പനി ബാധിച്ച് 45 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പായിപ്ര, അങ്കമാലി, പെരുമ്പാവൂർ മേഖലകളിലും മലയോര പ്രദേശങ്ങളിലുമാണ് ഇത്തവണ പനി പടർന്നിരിക്കുന്നത്. തൃശൂർ ജില്ലയിൽ ഏപ്രിലിനുശേഷം ഇതുവരെ 108 പേർക്ക് ഡെങ്കിപ്പനി വന്നതായാണ് കണക്ക്. ഒല്ലൂരിലെ പടവരാട് മേഖലയിലാണിത്. പാലക്കാട് ജില്ലയിൽ ഈ മാസം 109 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

പ്രതിദിനം 40–50 പേരാണ് ഡെങ്കി രോഗലക്ഷണങ്ങളോടെ ചികിത്സ തേടുന്നത്. മലപ്പുറം ജില്ലയിൽ 146 പേർക്ക് ഡെങ്കിപ്പനി സംശയിക്കുന്നു. 12 പേർക്ക് സ്ഥിരീകരിച്ചു. രണ്ടുപേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ 56 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

13 പേർക്ക് എച്ച്1എൻ1. മട്ടന്നൂർ പഞ്ചായത്തിലാണ് പ്രധാനമായും ഡെങ്കി പടർന്നത്. കാസർകോട് ജില്ലയിൽ രണ്ടു മാസത്തിനിടെ മൂന്ന് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.