Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതര സംസ്ഥാന കുട്ടികളെ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ചിറ്റൂർ ∙ മേനോൻപാറയിലെ വീട്ടിൽ ഇതരസംസ്ഥാനക്കാരായ 14 കുട്ടികളെ രേഖകളില്ലാതെ പാർപ്പിച്ച സംഭവത്തിൽ യുപിയിലെ നോയിഡ ആസ്ഥാനമായ ഗ്രേസ് കെയർ സൊസൈറ്റിയുടെ ചുമലതക്കാരനായ അജു മാത്യു ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മനുഷ്യക്കടത്തിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. സൊസൈറ്റിയുടെ ഡയറക്ടർ ജോണിനെതിരെയും മനുഷ്യക്കടത്തിനു കൊഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ യുപിയിലാണെന്നും ഇവിടെ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും കേസിന്റെ അന്വേഷണച്ചുമതലയുള്ള ചിറ്റൂർ സിഐ വി. ഹംസ പറഞ്ഞു. 

17നാണ് മേനോൻപാറ നല്ലവീട്ടുചള്ളയിലെ ഒരു വീട്ടിൽ ഒൻപതു മുതൽ 16 വയസ്സു വരെ പ്രായമുള്ള 14 കുട്ടികളെ അനധികൃതമായി താമസിപ്പിച്ചതായി ദേവരായൻകോട്ട അങ്കണവാടി വർക്കർ കണ്ടെത്തിയത്. തുടർന്ന് ചിറ്റൂർ ശിശുവികസന പദ്ധതി ഓഫിസർ സ്ഥലത്തെത്തുകയും ജില്ലാ ശിശുവികസന ഓഫിസർക്ക് കുട്ടികളെ കൈമാറുകയുമായിരുന്നു.

കുട്ടികൾ ഇപ്പോൾ മുട്ടിക്കുളങ്ങര ശിശുക്ഷേമ കേന്ദ്രത്തിലാണ്. കുട്ടികളെ എത്തിച്ച ഗ്രേസ് കെയർ സൊസൈറ്റിയുടെ സൗത്ത് ഇന്ത്യൻ മാനേജരാണ് അറസ്റ്റിലായ അജു മാത്യു ജോർജ്.

കുട്ടികളെ കൊണ്ടുവരുന്ന സംസ്ഥാനത്തെ ശിശുക്ഷേമ സമിതിയുടെ അനുമതി, കുട്ടികളെ പാർപ്പിക്കുന്ന സംസ്ഥാനത്തെ ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അനുമതി, കുട്ടികൾ അനാഥരാണെന്ന ബന്ധപ്പെട്ട വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഇല്ലാത്ത സാഹചര്യത്തിലാണു കേസ്. 

കഴിഞ്ഞ വർഷം വരെ തമിഴ്നാട്ടിലെ ഒരു സ്കൂളിൽ പഠിച്ച കുട്ടികളെ അവിടെ നിന്നു ടിസി വാങ്ങി മേനോൻപാറയിലെ സ്കൂളിൽ ചേർക്കാൻ കൊണ്ടുവന്നതാണെന്ന സ്ഥാപന അധികൃതരുടെ വാദം രേഖകളില്ലാത്തതിനാൽ പൊലീസ് അംഗീകരിച്ചിട്ടില്ല.

മുട്ടിക്കുളങ്ങരയിലെത്തി ശിശുക്ഷേമ സമിതി അംഗങ്ങൾ കുട്ടികളുടെ മൊഴിയെടുത്തിരുന്നു. കുട്ടികളിൽ ചിലർ അനാഥരാണെന്നാണ് അധികൃതരുടെ നിഗമനം.

related stories