Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാഭവൻ മണിയുടെ മരണം: സിബിഐ പ്രഥമവിവര റിപ്പോർട്ട് നൽകി

kalabhavan-mani

കൊച്ചി ∙ നടൻ കലാഭവൻ മണിയുടെ അസ്വാഭാവിക മരണം സംബന്ധിച്ച കേസിൽ സിബിഐ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചു. ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസ് റജിസ്റ്റർ ചെയ്ത അതേ എഫ്ഐആറാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സിബിഐ തിരുവനന്തപുരം യൂണിറ്റ് സമർപ്പിച്ചത്. കേസ് അന്വേഷിച്ച ചാലക്കുടി പൊലീസിന്റെ പക്കലുള്ള മുഴുവൻ വിവരങ്ങളും സിബിഐ ശേഖരിച്ചിരുന്നു. ഇപ്പോൾ അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന സിബിഐ സൂപ്രണ്ട് എ. ഷിയാസിന്റെ സംഘം പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

അസ്വാഭാവിക മരണത്തിനാണു കേസ് എടുത്തതെങ്കിലും പൊലീസിന് അസ്വാഭാവികമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് അടുത്ത ബന്ധുക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. മണിയുടെ മരണത്തിൽ സംശയമുണ്ടെന്നും അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നും കുറ്റപ്പെടുത്തി സഹോദരൻ കെ.ആർ. രാമകൃഷ്ണൻ, മണിയുടെ ഭാര്യ നിമ്മി എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണു ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വീടിനു സമീപത്തെ അതിഥിമന്ദിരമായ ‘പാഡി’യിൽ 2016 മാർച്ച് അഞ്ചിനാണു മണിയെ രക്തം ഛർദിച്ച് അവശനിലയിൽ കണ്ടെത്തിയത്. അന്നുതന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു വൈകിട്ട് 7.15നു ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.