Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഷ്ണുവിന്റെ അച്ഛൻ പരാതിയുമായി ഡിജിപിക്കു മുന്നിൽ

jishnu-pranoy ജിഷ്ണു പ്രണോയി

തിരുവനന്തപുരം ∙ പാമ്പാടി നെഹ്റു കോളജിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച ജിഷ്ണുപ്രണോയിയുടെ അച്ഛൻ കെ.പി.അശോകൻ ഡിജിപി: ടി പി.സെൻകുമാറിനെ സന്ദർശിച്ചു പരാതി നൽകി. ജിഷ്ണു മരിച്ച് ആറു മാസത്തോളമായിട്ടും കേസിൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനാൽ സിബിഐ അന്വേഷണം വേണമെന്നും അതിനായി ഡിജിപി ശുപാർശ നൽകണമെന്നും അശോകൻ പരാതിയിൽ ആവശ്യപ്പെട്ടു.

മുൻ ഡിജിപി ലോക്നാഥ് ബെഹ്റയെ കാണാൻ ശ്രമിച്ചപ്പോൾ പൊലീസ് ആസ്ഥാനത്തനു മുൻപിൽ ജിഷ്ണുവിന്റെ അമ്മ മഹിജയും സഹോദരൻ ശ്രീജിത്തും ഉൾപ്പെടെയുളളവരോടു ബലപ്രയോഗം നടത്തിയ മ്യൂസിയം എസ്ഐ സുനിൽ കുമാറിനും എസിപി: കെ.ഇ.ബൈജുവിനുമെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അശോകൻ ആവശ്യപ്പെട്ടു. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. ആവശ്യങ്ങൾ അനുഭാവപൂർവം ഡിജിപി കേട്ടതായും പരിഹരിക്കാമെന്ന് ഉറപ്പു നൽകിയതായും അശോകൻ പറഞ്ഞു. ഭാര്യ മഹിജയ്ക്കും സഹോദരൻ ശ്രീജിത്തിനും പൊലീസ് ആസ്ഥാനത്തിനു മുന്നിൽ മർദനത്തിൽ പരുക്കേറ്റതായും പരാതിയിൽ പറയുന്നു. തെളിവിനായി മെഡിക്കൽ കോളജിൽ ചികിത്സ തേടിയതിന്റെ രേഖകളും നൽകി.

പരാതിയിൽ ഉന്നയിക്കുന്ന പ്രധാന കാര്യങ്ങൾ

∙ ജിഷ്ണു മരിച്ച മുറിയിൽ രക്തം ഒലിച്ചിറങ്ങിയ പാട് ഉണ്ടായിട്ടും മുറി പൂട്ടി സീൽ ചെയ്തില്ല. ഹോസ്റ്റൽ വാർഡൻ നൽകിയ പൂട്ട് ഉപയോഗിച്ച് അടച്ചു.

∙ ജിഷ്ണുവിനെ കെട്ടിത്തൂക്കിയ ചുമരിലെ കൊളുത്തിന്റെ ബല പരിശോധന നടത്തിയിട്ടില്ല. തൂക്കാൻ ഉപയോഗിച്ച തോർത്ത് മുണ്ട് പോസ്റ്റ്മോർട്ടം സമയത്തു ഹാജരാക്കിയില്ല.

∙ ദുരൂഹമരണമായിട്ടും ഡിവൈഎസ്പി സ്ഥലം സന്ദർശിച്ചില്ല, സിഐ മൃതദേഹം കണ്ടില്ല.

∙ ദുരൂഹതയുണ്ടെന്ന് ഉടൻ തന്നെ ബന്ധുക്കൾ പഴയന്നൂർ പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണം ആത്മഹത്യയിൽ മാത്രം ഒതുക്കി.

∙ കേസ് അട്ടിമറിക്കാൻ പഴയന്നൂർ എസ്ഐ ജ്ഞാനശേഖരൻ കൂട്ടുനിന്നു. ഇയാൾ ഹോസ്റ്റലിൽ ജിഷ്ണുവിന്റെ ഒപ്പം താമസിച്ചിരുന്നവരുടെ മൊഴിയെടുത്തില്ല. പകരം എഫ്ഐആറിൽ മറ്റൊരു വിദ്യാർഥിയെ കൊണ്ട് ഒപ്പിടിവിച്ചു.

∙ ശരീരത്തിൽ മുറിവുകൾ ഉണ്ടായിട്ടും ദുരൂഹ മരണമെന്ന കാര്യം രേഖാമൂലം ഫൊറൻസിക് വിഭാഗത്തെ അറിയിച്ചില്ല.

∙ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ച മൃതദേഹത്തിന് ഒപ്പം ഒരു സിവിൽ പൊലീസുകാരൻ മാത്രമാണു വന്നത്.

∙ മരണത്തിന് അഞ്ച് ദിവസത്തിനുശേഷം ജിഷ്ണുവിന്റേതെന്ന പേരിൽ ഇംഗ്ലിഷിൽ തയാറാക്കിയ ആത്മഹത്യാക്കുറിപ്പ് ഹോസ്റ്റലിനു പിന്നിലെ അഴുക്കുചാലിൽ നിന്നും കണ്ടെത്തിയതു ഡിവൈഎസ്പി ബിജു കെ.സ്റ്റീഫനാണ്. ഈ ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരം ജിഷ്ണുവിന്റേതാണെന്നു തെളിയിക്കാൻ സാധിച്ചിട്ടില്ല.

∙ ഇപ്പോൾ കേസ് അന്വേഷിക്കുന്ന എഎസ്പി കിരൺ നാരായണന്റെ സംഘത്തിൽ നിന്നു പ്രതികൾക്കു വിവരങ്ങൾ ചോർത്തി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം.

∙ മൂന്ന് മാസത്തോളം പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒത്താശ ചെയ്ത ത്യശൂർ റൂറൽ എസ്പി വിജയകുമാറിനെതിരെ അന്വേഷണം നടത്തണം.