Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോച്ച് ക്ഷാമം അതിരൂക്ഷം; ട്രെയിനുകൾ വൈകുന്നു

കൊച്ചി∙ കോച്ച് ക്ഷാമം മൂലം ട്രെയിനുകൾക്കു സ്പെയർ കോച്ചുകൾ നൽകാനില്ലാതെ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ. ചെന്നൈയിലേക്ക് അറ്റകുറ്റപ്പണിക്കയച്ച കോച്ചുകൾ തിരികെ വരാത്തതാണു പ്രതിസന്ധിക്കു കാരണം. ഇതുമൂലം ദീർഘദൂര എക്സ്പ്രസുകൾ പുറപ്പെടാൻ വൈകുന്നതു പതിവായിരിക്കയാണ്.

വാർഷിക അറ്റകുറ്റപ്പണിക്കായി ചെന്നൈ പെരമ്പൂരിലുള്ള പീരിയോഡിക്കൽ ഓവർഹോളിങ് വർക്‌ഷോപ് (പിഒഎച്ച്) അടച്ചതാണു കോച്ച് ക്ഷാമം രൂക്ഷമാക്കിയത്. സെക്കൻഡ് എസി കോച്ചുകൾക്കു പകരം തേഡ് എസി കോച്ചുകളാണു ചില ട്രെയിനുകൾക്കു നൽകുന്നത്. അറ്റകുറ്റപ്പണിക്ക് അയച്ച എസി, സ്ലീപ്പർ കോച്ചുകൾ മിക്കതും ചെന്നൈയിൽ കെട്ടിക്കിടക്കുകയാണ്.

വിവിധ കോച്ച് ഫാക്ടറികളിലായി ആയിരക്കണക്കിനു പുതിയ കോച്ചുകൾ പ്രതിവർഷം ഉണ്ടാക്കുന്നുവെന്നാണു റെയിൽവേ അവകാശവാദം. എന്നാൽ, കേരളത്തിന് ആവശ്യത്തിനു കോച്ചുകൾ ലഭിക്കുന്നില്ല. തിരക്കേറിയ ചില ട്രെയിനുകളിൽ അധിക കോച്ചുകൾ വേണമെന്ന ആവശ്യവും റെയിൽവേ പരിഗണിച്ചിട്ടില്ല.

നാഗർകോവിൽ-ഷാലിമാർ ഗുരുദേവ് എക്സ്പ്രസ്, കൊച്ചുവേളി- ഡെറാഡൂൺ എക്സ്പ്രസ്, കന്യാകുമാരി–കത്ര വൈഷ്ണോദേവി ഹിമസാഗർ, എറണാകുളം -പട്ന, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, എറണാകുളം-ബെംഗളൂരു എക്സ്പ്രസ്, കൊച്ചുവേളി-ലോകമാന്യതിലക് ബൈവീക്ക്‌ലി എന്നിവയ്ക്കു കൂടുതൽ‍ എസി കോച്ചുകൾ നൽകണമെന്നാണു യാത്രക്കാരുടെ ആവശ്യം.

എസി കോച്ചുകളിൽ നിന്നു റെയിൽവേക്ക് അധിക വരുമാനം ലഭിക്കുമെങ്കിലും കോച്ചുകൾ നൽകാൻ തയാറാകുന്നില്ല. റെയിൽവേ ബോർഡ് പ്രതിനിധി മുഖ്യമന്ത്രിക്ക് ഉറപ്പു നൽകിയിട്ടു പോലും മാവേലി എക്സ്പ്രസ് ഉൾപ്പെടെ മലബാറിൽ നിന്നുള്ള ട്രെയിനുകൾക്കു ഫസ്റ്റ് എസി കോച്ച് അനുവദിച്ചിട്ടില്ല. ദക്ഷിണ റെയിൽവേയിൽ ഏറ്റവും കൂടുതൽ കോച്ചുകൾ (1800ൽ അധികം) കൈകാര്യം ചെയ്യുന്നതു തിരുവനന്തപുരം ഡിവിഷനാണ്.

കേരളത്തിൽ പിഒഎച്ച് വർക‌്ഷോപ് വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ഷൊർണൂരിലും കൊച്ചിൻ ഹാർബർ ടെർമിനസിലും ഇതിനാവശ്യമായ സ്ഥലം ഉണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.

ട്രെയിനുകളുടെ എണ്ണം കൂടിയതിന് ആനുപാതികമായി ചെന്നൈയിലെ അറ്റകുറ്റപ്പണി സൗകര്യം വർധിപ്പിക്കാത്തതും കോച്ച് ക്ഷാമത്തിന് ഇടയാക്കുന്നു.