Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ വൈദ്യുതീകരണം: പ്രഖ്യാപനം 29 ന് കോഴിക്കോട്ട്

തിരുവനന്തപുരം∙ സമ്പൂർണ വൈദ്യുതീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം 29 നു കോഴിക്കോട് മാനാഞ്ചിറ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതും കേസ് ഉള്ളതുമായ ചില പ്രദേശങ്ങളിൽ ഒഴികെ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചതായി മന്ത്രി എം.എം. മണി അറിയിച്ചു.

ആയിരത്തോളം വീടുകളിൽ മാത്രമാണ് ഇനി വൈദ്യുതി എത്താനുള്ളത്. എല്ലാ വീടുകളിലും വൈദ്യുതി എത്തുന്നതോടെ ഉപയോക്താക്കളുടെ എണ്ണം 1.25 കോടിയാവും. ഒരു വർഷം കൊണ്ടു 4.7 ലക്ഷം പേർക്കാണു വൈദ്യുതി കണക്‌ഷൻ നൽകിയത്. കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് 85 നിയമസഭാ മണ്ഡലങ്ങളിൽ സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കിയിരുന്നു.

ഗ്രാമങ്ങളിൽ ഏതെങ്കിലും രണ്ടു പൊതുസ്ഥലങ്ങളിലും 10% വീടുകളിലും വൈദ്യുതി എത്തിച്ചാൽ സമ്പൂർണ വൈദ്യുതീകരണം ആകുമെന്നാണു കേന്ദ്ര മാനദണ്ഡം. ഇതനുസരിച്ചു കേരളം വളരെ നേരത്തേ തന്നെ സമ്പൂർണ വൈദ്യുതീകരണ ലക്ഷ്യം കൈവരിച്ചു. എന്നാൽ അതിനു പകരം എല്ലാ വീട്ടിലും വൈദ്യുതി എത്തിക്കുകയെന്ന ലക്ഷ്യമാണു സർക്കാർ നടപ്പാക്കിയതെന്നു മന്ത്രി പറഞ്ഞു.

ഒരു ലക്ഷത്തോളം ഉപയോക്താക്കളെ പദ്ധതിയിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നര ലക്ഷത്തോളം പേരെ കണ്ടെത്തി വൈദ്യുതി എത്തിച്ചു. ഇതിൽ 1.25 ലക്ഷം പേരും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ്. വയറിങ് നടത്താൻ സാമ്പത്തിക ശേഷിയില്ലാത്തവർക്ക് അതിനുള്ള സംവിധാനം ഏർപ്പെടുത്തിക്കൊടുത്തു.

ഇടമലക്കുടി, പോങിൻചുവട്, ആര്യനാട്, റോസ്മല, കുറത്തിക്കുടി, കാട്ടുകുടി, മേമാരി, ലക്കംകുടി, കമ്മാളംകുടി, പെരിയകുടി, കുത്തുകാൽകുടി, പറശ്ശിക്കടവ്, ചുള്ളിക്കാട്, അരേക്കാപ്പ് തുടങ്ങിയ വനപ്രദേശങ്ങളിൽ വൈദ്യുതി എത്തിക്കാനായതു നേട്ടമാണ്. ലൈൻ വലിക്കാൻ സാധിക്കാത്ത വനപ്രദേശങ്ങളിൽ സൗരോർജ നിലയങ്ങൾ സ്ഥാപിച്ചു വൈദ്യുതി നൽകി.

22 കോളനികളിലായി 1600 വീടുകളിലാണ് ഇങ്ങനെ സൗരോർജം എത്തിച്ചത്. 174 കോടി രൂപ ചെലവഴിച്ചു നടപ്പാക്കിയ പദ്ധതിയിൽ 127 എംഎൽഎമാരുടെ വികസന നിധിയിൽ നിന്ന് 37.34 കോടി രൂപ ലഭിച്ചെന്നും മണി പറഞ്ഞു.