Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടപ്പാക്കുന്നത് ആർഎസ്എസ് അജൻഡ: പിണറായി

pinarayi-vijayan

തിരുവനന്തപുരം ∙ കേന്ദ്ര വിജ്ഞാപനം രാജ്യത്ത് ആർഎസ്എസ് അജൻഡ നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിനാകെ ബാധകമായ നിരോധനം പ്രഖ്യാപിക്കും മുമ്പു സംസ്ഥാനങ്ങളുടെ അഭിപ്രായം കേൾക്കാനും പരിഗണിക്കാനും കേന്ദ്രം തയാറാകേണ്ടതായിരുന്നു. ആർഎസ്എസ് ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ നയിക്കുന്നതു രാജ്യത്തിന് അപകടമാണ്.

ജനങ്ങൾക്ക് ഇഷ്ടമുള്ളതു കഴിക്കാനുള്ള സ്വാതന്ത്ര്യം വേണം. ഫെഡറൽ സംവിധാനം തകർക്കുന്ന രീതിയിലാണു കേന്ദ്രം നീങ്ങുന്നത്. ഇതുവരെ പശുവിനെ കൊല്ലുന്നതിന്റെ പേരിലാണു പല ഭാഗത്തും സംഘപരിവാർ അക്രമം അഴിച്ചുവിട്ടത്. കന്നുകാലികളെ കൊണ്ടുപോകുന്നവർക്കെതിരെ അവർ അടുത്തകാലത്തു വലിയ ആക്രമണം നടത്തി. അതു തടയുന്നതിനുപകരം കന്നുകാലികളെ കൊല്ലുന്നതു നിരോധിക്കാൻ കേന്ദ്രം തയാറായതിൽനിന്നു ഭരണനിയന്ത്രണം ആർഎസ്എസിനാണെന്ന് ഒന്നുകൂടി വ്യക്തമായി.

നാസിസമാണ് ആർഎസ്എസ് നടപ്പാക്കുന്നത്. ഈ നിലപാട് ജനാധിപത്യരാജ്യത്തിനു ചേർന്നതല്ല. എല്ലാ മതങ്ങളിൽ പെട്ടവരും മാംസഭക്ഷണം കഴിക്കുന്നുണ്ട്. അതെല്ലാം നിരോധിക്കുകവഴി ജനങ്ങളുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന്മേലാണ് മോദി സർക്കാർ കൈവയ്ക്കുന്നത്. പാവങ്ങളുടെയും സാധാരണക്കാരുടെയും പ്രധാന പോഷകാഹാരമാണ് മാംസം. അതുകൊണ്ടുതന്നെ, ഇതു പാവങ്ങൾക്കെതിരായ കടന്നാക്രമണമാണ്. ഇത്തരം അപരിഷ്കൃത നടപടികൾക്കെതിരെ രാജ്യവ്യാപകമായി ജനരോഷം ഉയരണം.

ഇന്നു കന്നുകാലികൾക്കാണ് നിരോധനമെങ്കിൽ നാളെ മത്സ്യം കഴിക്കുന്നതിനും നിരോധനം വരും. കശാപ്പ് നിരോധനം ലക്ഷക്കണക്കിന് ആളുകളുടെ തൊഴിലും ഇല്ലാതാക്കും. തുകൽ വ്യവസായത്തിന് അസംസ്കൃത സാധനം കിട്ടാതാകും. തുകൽ വ്യവസായത്തിൽ പണിയെടുക്കുന്ന 25 ലക്ഷത്തിലധികം പേരിൽ ഭൂരിഭാഗവും ദലിതരാണ്. അതുകൊണ്ടുതന്നെ, നിരോധനം പാവപ്പെട്ട ജനങ്ങളെയാകെ ബാധിക്കുമെന്നും പിണറായി പറഞ്ഞു.

related stories