Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിശുമരണം: നടപടികൾ ഫലം കാണാത്തതിൽ മന്ത്രിക്ക് നിരാശ

KK Shylaja

അഗളി∙അ‌ട്ടപ്പാടിയിൽ ആദിവാസി ശിശുമരണം തടയാൻ സർക്കാർ ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടും ഫലം കാണാത്തതിൽ നിരാശയുണ്ടെന്നു മന്ത്രി കെ.കെ. ശൈലജ. കോട്ടത്തറ ഗവ.ട്രൈബൽ സ്പെഷ്യൽറ്റി ആശുപത്രിയിൽ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് 5000 പേർക്ക് ഒരു ആരോഗ്യപ്രവർത്തക ഉള്ളപ്പോൾ അട്ടപ്പാടിയിൽ 1000പേർക്ക് ഒരാളുണ്ട്. ആവശ്യത്തിന് ആരോഗ്യ ഉപകേന്ദ്രങ്ങളും ആശുപത്രികളുമുണ്ട്. ജീവനക്കാരുടെയും ഡോക്ടർമാരുടെയും കുറവില്ല. കോട്ടത്തറ ഗവ.ട്രൈബൽ സ്പെഷ്യൽറ്റി ആശുപത്രിയിൽ ശിശുരോഗവിദഗ്ധന്റെ സേവനം എല്ലാ ദിവസവും ലഭിക്കത്തക്ക വിധത്തിൽ രണ്ടു പേരെ ഉടൻ നിയമിക്കുമെന്നു മന്ത്രി പറഞ്ഞു.

എല്ലാ പോഷണ പുനരധിവാസ കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കണം. ഭാരക്കുറവുള്ള മുഴുവൻ കുട്ടികളെയും എൻആർസികളിൽ എത്തിക്കണമെന്നും മന്ത്രി നിർദേശിച്ചു. പ്രായപൂർത്തിയാകാത്ത വിവാഹം, ബന്ധു വിവാഹം, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങിയ കാരണങ്ങളാൽ ജനിതക വൈകല്യവും ഭാരക്കുറവുമായി കുട്ടികൾ ജനിക്കുന്ന സാഹചര്യം പ്രത്യേകം പരിശോധിക്കുമെന്നു മന്ത്രി പറഞ്ഞു.

ആദിവാസി മേഖലയിലെ ആരോഗ്യ പ്രശ്നങ്ങൾ തന്റെ ശ്രദ്ധയിൽപെടുത്താൻ പ്രോട്ടോകോൾ നോക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥരോടു മന്ത്രി പറ‍ഞ്ഞു. മരുന്നും ആഹാരവുമില്ലാത്ത കാരണങ്ങളാൽ അട്ടപ്പാടിയിൽ ശിശുമരണമുണ്ടാകില്ലെന്നു മന്ത്രി എ.കെ.ബാലൻ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെയോ പട്ടിക വർഗ ക്ഷേമ വകുപ്പിന്റെയോ വീഴ്ചയുണ്ടാകില്ല.

ഈ വർഷത്തെ ശിശുമരണങ്ങളൊന്നും പോഷകക്കുറവുകൊണ്ടല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എൻ.ഷംസുദ്ദീൻ എംഎൽഎ, കലക്ടർ പി മേരിക്കുട്ടി, പട്ടികവർഗ വികസന വകുപ്പ് ഡയറക്‌ർ ഡോ പി. പുകഴേന്തി, ഡിഎംഒ ഡോ.ശെൽവരാജ്, ഒറ്റപ്പാലം സബ് കലക്ടർ പി.ബി.നൂഹ്, ഡപ്യൂട്ടി ഡിഎംഒ ഡോ.പ്രഭുദാസ് തുടങ്ങിയവർ പങ്കെടുത്തു.

related stories