Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹത്തിനു പ്രയോജനം കിട്ടുന്ന പദ്ധതികൾ വിമർശനങ്ങളുടെ പേരിൽ ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം∙ അഴിമതിക്കെതിരായ നിലപാടുമായി സംസ്ഥാന സർക്കാർ കൂടുതൽ ശക്തമായി മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളുടെ നിർദേശങ്ങൾ എല്ലാ ഘട്ടത്തിലും സർക്കാർ കണക്കിലെടുക്കുമെന്നും എന്നാൽ സമൂഹത്തിനാകെ പ്രയോജനം കിട്ടുന്ന ഏതെങ്കിലും പദ്ധതിയോ പരിപാടിയോ വിമർശനങ്ങളുടെ പേരിൽ നിർത്തിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതിയുടെ കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ പൊതുസമൂഹം അംഗീകരിച്ചിട്ടുണ്ട്. പല പ്രശ്നങ്ങളിലും സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ, അഴിമതി പ്രശ്നം ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നു പത്ര-ദൃശ്യ മാധ്യമങ്ങളുടെയും വാർത്താ ഏജൻസികളുടെയും എഡിറ്റർമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ മാധ്യമങ്ങൾ പൊതുവെ ക്രിയാത്മകമായാണു പ്രതികരിച്ചത്.

വിമർശിച്ചവർ പോലും പല പ്രശ്നങ്ങളിലും സർക്കാരിന്റെ ഉദ്ദേശ്യശുദ്ധി മാനിച്ചു പിന്തുണയ്ക്കുകയുണ്ടായി. പത്രങ്ങളുടെ മുഖപ്രസംഗങ്ങളിലും ക്രിയാത്മക സമീപനമാണു കണ്ടത്. അതു സർക്കാരിന്റെ പ്രവർത്തനങ്ങൾക്കു മാധ്യമങ്ങൾ നൽകുന്ന പിന്തുണയായി കാണുന്നു.

ആരോഗ്യകരമായ വിമർശനങ്ങളെ സർക്കാർ അംഗീകരിക്കും. പ്രധാന നദികൾ ശുദ്ധീകരിക്കുന്നതിനു പ്രത്യേക പദ്ധതി നടപ്പാക്കാനും അതിനായി പ്രത്യേക ബോർഡ് രൂപീകരിക്കാനും ആലോചിക്കുന്നുണ്ട്. ചെറുകിട-ഇടത്തരം തുറമുഖങ്ങളുടെ വികസനം ലക്ഷ്യമിട്ടു മാരിടൈം ബോർഡ് രൂപീകരിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി പുതിയ നിയമം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്ന പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

വ്യവസായങ്ങൾക്കുള്ള അനുമതി വേഗം ലഭ്യമാക്കാനുള്ള ഏകജാലകം ഫലപ്രദമാക്കുന്ന നടപടി പുരോഗമിക്കുകയാണെന്നു പിണറായി പറഞ്ഞു. വ്യവസായ നയത്തിൽ ഇക്കാര്യം പ്രഖ്യാപിക്കും. മാലിന്യസംസ്കരണം വേണ്ടത്ര മുന്നോട്ടു പോയിട്ടില്ലെന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാകും. കേരള ബാങ്ക് വരുമ്പോൾ പ്രാഥമിക സഹകരണബാങ്കുകൾ കൂടുതൽ ശക്തമാകും. അതോടെ നബാർഡിൽനിന്നു ലഭിക്കുന്ന പണം സംസ്ഥാന ബാങ്ക് വഴി നേരിട്ടു പ്രാഥമിക ബാങ്കുകളിലേക്കു പോകും.

സിബിഎസ്ഇ പത്താം ക്ലാസ് ഫലം വൈകുന്നതു കണക്കിലെടുത്തു കേരള ഹയർസെക്കൻഡറി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നീട്ടണമെന്ന ആവശ്യം പരിശോധിക്കും. പൊതുവിദ്യാലയങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എയ്ഡഡ് വിദ്യാലയങ്ങളെയും സർക്കാർ സഹായിക്കും. മാനേജ്മെന്റും പിടിഎയും സ്കൂൾ വികസനത്തിനു മുടക്കുന്ന തുകയ്ക്കു തുല്യമായ തുക സർക്കാർ അനുവദിക്കും. എന്നാൽ ഇതിന് ഒരു കോടി രൂപ എന്ന പരിധി വച്ചിട്ടുണ്ട്.

വിവിധ മാധ്യമങ്ങളിൽനിന്നെത്തിയ എഡിറ്റർമാർ ക്രിയാത്‌മകമായ ഒട്ടേറെ നിർദേശങ്ങൾ അവതരിപ്പിച്ചു. മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കുന്ന പത്രസമ്മേളനം മുഖ്യമന്ത്രി പുനരാരംഭിക്കണമെന്നും ആവശ്യം ഉയർന്നു. പലപ്പോഴും തനിക്കു പ്രത്യേകിച്ച് ഒന്നും പറയാനുണ്ടാവില്ലെന്നതുകൊണ്ടാണു മാധ്യമപ്രവർത്തകരെ കാണാത്തതെന്നും പ്രധാന കാര്യങ്ങളിൽ തീരുമാനം എടുക്കുമ്പോൾ പത്രസമ്മേളനം നടത്തി വിശദീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

related stories