Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോ അക്കാദമി: പരാതി പിൻവലിച്ചതു സിപിഐ നേതൃത്വത്തിന്റെ അറിവോടെ എന്നു പരാതിക്കാരൻ

തിരുവനന്തപുരം∙ ലോ അക്കാദമി മുൻ പ്രിൻസിപ്പൽ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്ന പരാതി പിൻവലിച്ചതു സിപിഐ നേതൃത്വത്തിന്റെ അറിവോടെ ആണെന്ന് എഐഎസ്എഫ് നേതാവ് വിവേക് വിജയഗിരിയുടെ വെളിപ്പെടുത്തൽ. തീരുമാനം പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ അറിവോടെ ആയിരുന്നു.

എഐഎസ്എഫ് നേതൃത്വത്തെയും അറിയിച്ചിരുന്നു. കാനം ഏർപ്പെടുത്തിയ അഡ്വക്കറ്റ് വഴിയാണു കേസ് പിൻവലിച്ചതെന്നും വിവേക് പറഞ്ഞു. നേരത്തെ പരാതി പിൻവലിച്ചതിന് എതിരെ രംഗത്തുവന്ന എഐഎസ്എഫ് സംസ്ഥാന നേതൃത്വം പുതിയ വെളിപ്പെടുത്തലോടെ വെട്ടിലായി.

ലോ അക്കാദമി സമരം സംഭവബഹുലമാകുന്നതിൽ പ്രധാന ഘടകമായിരുന്നു വിവേകിന്റെ പരാതി. ലക്ഷ്മി നായർ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെ‌ന്ന പരാതിയുടെ ചുവടുപിടിച്ചു സിപിഐ ആയിരുന്നു പ്രക്ഷോഭം കടുപ്പിച്ചത്. ഇതിനെ തുടർന്നാണ് 1989ലെ എസ്‌സി, എസ്ടി നിയമപ്രകാരം ലക്ഷ്മി നായരെ പ്രതി ചേർത്തു പേരൂർക്കട പൊലീസ് കേസെടുത്തത്.

ലക്ഷ്മിക്കെതിരെ സിപിഐ നേതാവ് പി.കെ.രാജു കോടതിയിൽ ഹർജിയും സമർപ്പിച്ചിരുന്നു. പരാതി പിൻവലിച്ച നടപടി വിദ്യാർഥിയുടെ വ്യക്തിപരമായ കാര്യമാണെന്നും പരാതിക്കാരൻ നിലപാടു മാറ്റിയാൽ വക്കീലിനു വേറെ നിർവാഹമില്ലെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു.