Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാലിന്യ നിർമാർജനത്തിൽ നഗരസഭകൾ പരാജയം: മുഖ്യമന്ത്രി

തിരുവനന്തപുരം∙ നഗരസഭകൾ ചുമതല നിർവഹിക്കുന്നതിലെ പരാജയമാണു മാലിന്യ പ്രശ്നത്തിനും അതുമൂലം രോഗങ്ങൾ പടരുന്നതിനും ഇടയാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ (കെഎംസിഎസ്‌യു) സുവർണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നതാണു ശുചീകരണപ്രവർത്തനങ്ങൾ ഇല്ലാത്തത്, ശുചീകരണ പ്രവർത്തനങ്ങൾ ഇല്ലാതിരിക്കുക, മാലിന്യ നിർമാർജനത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താതിരിക്കുക, നഗരസഭാ തലത്തിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുക എന്നിവയുടെ ഫലമായി പലയിടങ്ങളിലും വലിയ തോതിൽ മാലിന്യം കെട്ടിക്കിടക്കുന്നുണ്ട്. നഗരസഭകൾ ചുമതല നിർവഹിക്കുന്നതിലെ പരാജയം കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ പരാജയത്തിനു കാരണം നഗരസഭ ഭരണം ആരിലൂടെയാണോ നടക്കേണ്ടത് അവരു‌ടെ അമാന്തമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പല തരം പനികളും മറ്റു രോഗങ്ങളും നാട്ടിൽ പടരുന്നതിനു കാരണം ശുചീകരണ പ്രവർത്തനങ്ങളിലെ അലംഭാവമാണ്. അതില്ലാതിരിക്കുന്നതിനു നല്ല രീതിയിൽ ഇടപെടാൻ നഗരസഭാ ജീവനക്കാർ ശ്രദ്ധിക്കണം. ഇടപെടലുണ്ടായില്ലെങ്കിൽ സർക്കാരിനു കണ്ടില്ലെന്നു നടിക്കാനാകില്ല.

ഹരിതകേരള മിഷന്റെ പ്രധാന ഭാഗമാണു ശുചീകരണ പ്രവർത്തനങ്ങൾ. ഇതിൽ മുന്നേറാനാകാത്തതിനു കാരണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ ജാഗ്രതക്കുറവാണ്. നഗരസഭകൾ ആരംഭിച്ച കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഊന്നൽ നൽകിയിരുന്നതു ശുചീകരണ പ്രവർത്തനങ്ങളിലാണ് .പിന്നീട് ഒട്ടേറെ ചുമതലകൾ വന്നുചേർന്നപ്പോൾ ശുചീകരണ പ്രവർത്തനത്തിൽ പിന്നാക്കം പോയി.

മാലിന്യ നിർമാർജന നടപ‌ടികൾ ഒരുഭാഗത്തു നടക്കുമ്പോൾ ഇതുമായി സഹകരിക്കാതെ മാലിന്യവർധനയ്ക്കു കാരണമാകുന്ന സ്ഥാപനങ്ങൾ ഉണ്ട്. ഇവർക്കെതിരെ നഗരസഭ ന‌ടപടിയെടുക്കണം. ഇതിനായി നിർവഹണ വിഭാഗം ഫലപ്രദമായി പ്രവർത്തിക്കണം. നാട്ടിൽ ശുചിത്വത്തിനു പ്രാധാന്യം കൊടുത്തിട്ടും മാലിന്യ നിർമാർജനത്തിൽ വിജയം നേടാനായിട്ടില്ലാത്തതു ഗൗരവപ്രശ്നമായി കാണണം. ഉദ്യോഗസ്ഥരെ സമീപിക്കുന്ന ജനങ്ങളോടു മാന്യമായി ഇടപെടാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മേയർ വി.കെ.പ്രശാന്ത്, സ്വാഗതസംഘം ചെയർമാൻ വി.ശിവൻകുട്ടി, കെഎംസിഎസ്‌യു പ്രസിഡന്റ് വി.സുരേഷ്കുമാർ, വൈസ്പ്രസിഡന്റുമാരായ എൻ.സിന്ധു, പി.അജയകുമാർ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ടി.സി.മാത്തുക്കുട്ടി, പി.വി.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

related stories