Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശാപ്പ് നിരോധനം നടപ്പാക്കാനാകാത്ത ഉത്തരവായി മാറും: മുഖ്യമന്ത്രി

Pinarayi-Vijayan

ആലപ്പുഴ ∙ കേരളത്തിലെ ജനങ്ങളുടെ ഭക്ഷണം എന്തു വേണമെന്നു ന്യൂഡൽഹിയിൽനിന്നോ നാഗ്പുരിൽനിന്നോ മനസ്സിലാക്കേണ്ട ആവശ്യമില്ലെന്നും മലയാളികൾ നല്ല ഭക്ഷണശ‍ീലം രൂപപ്പെടുത്തിയെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ഭക്ഷണശീലത്തെ ആക്രമിക്കുന്ന രീതിയാണു കേന്ദ്രസർക്കാർ നടപ്പാക്കുന്നത്.

സംസ്ഥാനത്തിന്റെ നിലപാട് അറിയിച്ച് പ്രധാനമന്ത്രിക്കു കത്തെഴുതിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് ഉത്തരവു പിൻവലിക്കുകയാണു കേന്ദ്രം ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. അല്ലെങ്കിൽ നടപ്പാക്കാനാകാത്ത ഉത്തരവായി അതു മാറും. കേരളത്തിൽ അഞ്ചുലക്ഷത്തോളംപേർ നേരിട്ട് ഇറച്ചി വിൽപനയുമായി ബന്ധപ്പെട്ടു ജോലിചെയ്യുന്നുണ്ട്. അങ്ങനെയൊരു മേഖല പെട്ടെന്നു വേണ്ടെന്നുവച്ചാൽ അംഗീകരിക്കാൻ കഴിയില്ല.

മാംസാഹാരം കഴിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളി: സുധാകർ റെഡ്ഡി

തിരുവനന്തപുരം ∙ തൊഴിലില്ലായ്മപോലുള്ള ഗൗരവമേറിയ ജനകീയ വിഷയങ്ങളിൽ ചെറുവിരൽപോലും അനക്കാത്ത കേന്ദ്രസർക്കാരാണ് ജനം എന്തു ഭക്ഷണം കഴിക്കണമെന്നു നിഷ്കർഷിക്കുന്നതെന്നു സിപിഐ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി. മാംസാഹാരം കഴിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണിത്.

വിലക്കുറവും മികച്ച പ്രോട്ടീൻ ഉള്ളതുമായ മാംസാഹാരം നിരോധിക്കുന്നതു സാധാരണക്കാരുടെ ആരോഗ്യത്തെ ബാധിക്കും. ചെറുകിട മാംസക്കച്ചവടക്കാർക്കു ബീഫ് നിരോധനം ആഘാതമാണ്. ആർഎസ്എസ് അജൻഡ അനുസരിച്ചു ജനതയെ സസ്യാഹാരികളാക്കാനാണു നരേന്ദ്ര മോദിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

വേറെ നിയമം കൊണ്ടുവരും: കോടിയേരി

കോഴിക്കോട് ∙ ബീഫ് വിഷയത്തിൽ പ്രത്യേക നിയമം കൊണ്ടുവരുന്ന കാര്യം സർക്കാർ ആലോചിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനങ്ങളോട് ആലോചിക്കാതെ എടുത്ത കേന്ദ്രതീരുമാനം ഇതരസംസ്ഥാനങ്ങളുമായി ചർച്ച ചെയ്തു ദേശീയതലത്തിൽ ചോദ്യംചെയ്യും. ഇന്ത്യയിൽ ചാതുർവർണ്യ സംവിധാനം തിരിച്ചുകൊണ്ടുവരാനുള്ള അജൻഡയുടെ ഭാഗമാണു നിരോധനം. ബ്രാഹ്മണരുടെ ഭക്ഷണം ഇന്ത്യയിൽ അടിച്ചേൽപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബദൽ നിയമം പരിഗണിക്കും: മന്ത്രിമാർ

∙ കെ.രാജു: കന്നുകാലി വിഷയത്തിൽ കേന്ദ്രസർക്കാർ ഇറക്കിയ ഉത്തരവു ഭരണഘടനാവിരുദ്ധവും തൊഴിൽ ചെയ്തു ജീവിക്കുന്നതിനുള്ള അവകാശത്തെ നിഷേധിക്കലുമാണ്. ഉത്തരവു കോടതിയിൽ ചോദ്യംചെയ്യുന്ന കാര്യം ആലോചനയിലാണ്. ആവശ്യമെങ്കിൽ നിയമനിർമാണം നടത്തുന്ന കാര്യവും പരിഗണനയിലാണ്. കശാപ്പിന്റെ പേരിൽ ക്ഷീരകർഷകരെ ദുരിതത്തിലാക്കാനാണു കേന്ദ്രസർക്കാർ ശ്രമം. ഈ നയം സംസ്ഥാന സർക്കാർ അംഗീകരിക്കില്ല. സർക്കാർ മുന്നിൽ നിന്നു ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

∙ പി.തിലോത്തമൻ: കന്നുകാലി കശാപ്പ് നിരോധനം കാർഷിക മേഖലയെ തകർക്കും. നിയമം ദുർവ്യാഖ്യാനം ചെയ്യുന്നുണ്ടെന്ന ചില നേതാക്കളുടെ പ്രതികരണം അംഗീകരിക്കാനാവില്ല. നിരോധനത്തിനെതിരെ നിയമനടപടികളെക്കുറിച്ചു സർക്കാർ ആലോചിച്ചു തീരുമാനിക്കും.

∙ കെ.ടി.ജലീൽ: കേന്ദ്രസർക്കാരിന്റെ ബീഫ് നിരോധനം മറികടക്കാൻ നിയമനിർമാണം അടക്കമുള്ള എല്ലാ വഴികളും തേടും. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. കന്നുകാലി വിൽപന നിരോധന വിജ്ഞാപനമിറക്കാൻ റമസാൻ ദിവസമാണു ബിജെപി തിരഞ്ഞെടുത്തത്.

ബലികർമങ്ങൾക്കു കന്നുകാലികളെ അറുക്കുന്നതു നിരോധിച്ചത് ഇസ്‍ലാം വിശ്വാസികളെ ബാധിക്കും. ജെല്ലിക്കെട്ട് ആചാരാനുഷ്ഠാനമെന്നു പറഞ്ഞു നിയമനിർമാണം നടത്തിയ ബിജെപി രാജ്യത്തെ 15 കോടിയിലേറെ മതന്യൂനപക്ഷങ്ങളുടെ വികാരം കണക്കിലെടുത്തില്ല.

related stories