Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളികളുടെ ഭക്ഷണശീലം സംരക്ഷിക്കപ്പെടും: മുഖ്യമന്ത്രി

Pinarayi Vijayan

കോഴിക്കോട്∙ മലയാളികളുടെ ഭക്ഷണ ശീലം സംരക്ഷിക്കപ്പെടുമെന്നും ആർക്കും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലും നാഗ്പൂരിലും ഇരുന്നു കേരളത്തിൽ എന്തു ഭക്ഷിക്കണമെന്ന് ആരും ഉപദേശിക്കേണ്ട. മാട്ടിറച്ചി നിരോധന ഉത്തരവു കേരളത്തിൽ നടപ്പാക്കാൻ പറ്റുന്ന ഒന്നല്ല എന്നു മാത്രമേ ഇപ്പോൾ പറയുന്നുള്ളു. സാധാരണക്കാരുടെ ഭക്ഷണമാണിത്. പകരം ആട്ടിറച്ചി വാങ്ങാൻ പറഞ്ഞാൽ ആർക്കു കഴിയും. എത്ര ഇരട്ടി വിലയാണ് നൽകേണ്ടത്. അതിനിവിടെ ആരുടെ കൈയ്യിലാണ് പണമുള്ളതെന്നും പിണറായി ചോദിച്ചു. സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

വർഷം 6552 കോടി രൂപയുടെ മാട്ടിറച്ചി കച്ചവടമാണ് കേരളത്തിൽ നടക്കുന്നത്. 2.52 ലക്ഷം ടൺ ഇറച്ചി വിൽക്കുന്നു. അഞ്ചു ലക്ഷം പേർ ഈ രംഗത്തു തൊഴിലെടുക്കുന്നു. 15 ലക്ഷം കന്നുകാലികളാണ് കേരളത്തിലേക്കു വരുന്നത്. ഇതൊന്നും വേണ്ട എന്നു പറഞ്ഞാൽ എന്താകും ഇവിടത്തെ അവസ്ഥ. നായകളെ കൊല്ലാൻ പാടില്ലെന്നു പറഞ്ഞതു പോലെയാകും. കാലികളെ കൊല്ലരുതെന്നു പറഞ്ഞാൽ, മനുഷ്യൻ പിന്നെ ഹെൽമെറ്റുമിട്ട് നടക്കേണ്ടി വരും. എന്തെങ്കിലും ഒരുദ്ദേശമില്ലെങ്കിൽ ആരെങ്കിലും പശുക്കളെ വളർത്തുമോ? ഇറച്ചി, അല്ലെങ്കിൽ പാൽ, ഇതിനല്ലേ പശുക്കളെ വളർത്തുന്നത്. അല്ലാതെ അമ്മയാണെന്നു പറഞ്ഞ് ആരെങ്കിലും കാലികളെ പോറ്റുമോ? ഈ മാതൃസ്നേഹം പറയുന്ന ആരെങ്കിലും പശുക്കളെ പോറ്റുന്നുണ്ടോ? ഇതിൽ രാഷ്ട്രീയമില്ല, തനി വർഗീയതയാണ്.

ആർഎസ്എസ് അജൻഡ കേരളത്തിൽ നടപ്പാക്കാൻ സമ്മതിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു വർഷം നടന്ന വികസന പ്രവർത്തനങ്ങൾ എൽഡിഎഫ് സർക്കാർ ഇല്ലെങ്കിൽ കേരളത്തിൽ സംഭവിക്കുമായിരുന്നോ എന്നും പിണറായി ചോദിച്ചു. ഉദ്ദേശിച്ച ലക്ഷ്യം നേടാൻ കഴിയാതെ പോയതു മാലിന്യ സംസ്കരണ മേഖലയിൽ മാത്രമാണ്. മാലിന്യം തടയാൻ അധികാരമുണ്ടായിട്ടും അതു പ്രയോഗിക്കാൻ സർക്കാർ അനുവദിച്ചിട്ടും തദ്ദേശ സ്ഥാപനങ്ങൾ എന്തിനാണ് ശങ്കിച്ചു നിൽക്കുന്നതെന്നും പിണറായി ചോദിച്ചു. മാലിന്യ സംസ്കരണ രംഗത്തു കൂടി ലക്ഷ്യം കൈവരിക്കാതെ നവകേരള സൃഷ്ടി സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പശ്ചാത്തല വികസന വിഷയത്തിൽ സ്വകാര്യ വ്യക്തികൾക്ക് ഉണ്ടാകുന്ന നഷ്ടത്തേക്കാൾ പൊതു സമൂഹത്തിനുണ്ടാകുന്ന ലാഭത്തിലാണ് സർക്കാരിന്റെ ശ്രദ്ധ. നഷ്ടമുണ്ടാകുന്നവർക്ക് അർഹമായ പരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് അധ്യക്ഷനായിരുന്നു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, ടി.പി.രാമകൃഷ്ണൻ, സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ, എ.കെ.ശശീന്ദ്രൻ എംഎൽഎ, എളമരം കരീം എന്നിവർ പ്രസംഗിച്ചു.

related stories