Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രമസമാധാന രംഗത്തു മികച്ച സംസ്ഥാനമാണു കേരളം; ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്

pinarayi-vijayan-10

തിരുവനന്തപുരം∙ ക്രമസമാധാന രംഗത്തു മികച്ച സംസ്ഥാനമാണു കേരളം എന്നു ഗവർണർ പി.സദാശിവത്തിന് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തു ക്രമസമാധാനത്തകർച്ചയാണെന്നും സ്ത്രീകൾക്കും കുട്ടികൾക്കും ബിജെപിക്കാർക്കുമെതിരെയുള്ള അക്രമങ്ങൾ കൂടിവരുന്നതായും ആരോപിച്ചു മഹാരാഷ്ട്രയിലെ ബിജെപി എംപി പൂനം മഹാജൻ ഗവർണർക്കു കത്തയച്ചിരുന്നു. ഇതിന്റെ കോപ്പിയുൾപ്പെടെ ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്തിനു മറുപടിയായാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

എ‍ൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 19 ആർഎസ്എസ്, ബിജെപി, എബിവിപി പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കാര്യമായ നടപടിയെടുത്തിട്ടില്ലെന്നും പൂനത്തിന്റെ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമം സംബന്ധിച്ച് ഈ കാലയളവിൽ 1300 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഗവർണർക്കയച്ച കത്തിൽ അവർ പറഞ്ഞിട്ടുണ്ട്. എന്നാൽ മേയ് 13ന് ഒ.രാജഗോപാൽ എംഎൽഎ ഗവർണർക്കു നൽകിയ കത്തിൽ 14 സംഘപരിവാർ പ്രവർത്തകർ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കൊല ചെയ്യപ്പെട്ടു എന്നാണു പറഞ്ഞിരുന്നത്. പൊലീസ് റിപ്പോർട്ട് പ്രകാരം രാജഗോപാലിന്റെയും പൂനം മഹാജന്റെയും പ്രസ്താവനകൾ വൈരുധ്യം നിറഞ്ഞതും സത്യവിരുദ്‌ധവുമാണ്.

സമാധാനം കാത്തുസൂക്ഷിക്കാനുള്ള നടപടികളുമായാണു സർക്കാർ മുന്നോട്ടു പോകുന്നതെന്നു മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ജില്ലകളിൽ സമാധാന ശ്രമങ്ങൾക്കു തിരിച്ചടിയാകുന്ന സംഭവങ്ങളുണ്ടാകുമ്പോൾ ജില്ലാ ഭരണകൂടങ്ങൾ സമാധാനയോഗം വിളിച്ചുചേർക്കുന്നതുൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുന്നുണ്ട്. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എം.എൻ. വെങ്കിടചെല്ലയ്യ ചെയർമാനായുള്ള പബ്ലിക് അഫയേഴ്സ് സെന്റർ നടത്തിയ പഠനത്തിൽ ക്രമസമാധാനപാലനത്തിൽ മുന്നിൽ നിൽക്കുന്നതു കേരളവും തമിഴ്നാടുമാണ്. അതുകൊണ്ടുതന്നെ പൂനം മഹാജന്റെ ആരോപണങ്ങൾ തെറ്റാണെന്നു മാത്രമല്ല രാഷ്ട്രീയ പ്രേരിതവുമാണെന്നു മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

related stories