Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശാപ്പ് നിരോധനം: മുഖ്യമന്ത്രിമാർക്ക് പിണറായി കത്തയച്ചു; ഫെഡറലിസത്തിന്റെ ലംഘനമാണെന്നു മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം∙ കന്നുകാലി കശാപ്പ് സംബന്ധിച്ച നിയന്ത്രണത്തെക്കുറിച്ചു മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കു മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ഭരണഘടനയുടെ അടിസ്ഥാന ശിലകളിലൊന്നായ ഫെഡറലിസത്തിന്റെ ലംഘനമാണ് ഇതിൽ നടന്നിരിക്കുന്നതെന്നും സംസ്ഥാനങ്ങളുടെ നിയമനിർമാണ സംവിധാനത്തിനു മേലുള്ള ഈ കടന്നുകയറ്റം അനുവദിച്ചുകൂടാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെഡറൽ തത്വങ്ങൾക്കു വിരുദ്ധവും ജനാധിപത്യവിരുദ്ധവും മതനിരപേക്ഷവിരുദ്ധവുമായ ഈ നീക്കത്തെ ഒറ്റക്കെട്ടായി എതിർത്തില്ലെങ്കിൽ ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടും.

മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന 1960ലെ നിയമത്തിന്റെ കീഴിൽ പുറപ്പെടുവിച്ച ചട്ടങ്ങൾ തികച്ചും വിചിത്രമാണ്. നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുമായി ഇതിനു ബന്ധമില്ല. കേന്ദ്രനിയമത്തിനു കീഴിൽ, ഇപ്പോൾ പുതുതായി കൊണ്ടുവന്ന ചട്ടങ്ങളുടെ പിന്നിൽ സംസ്ഥാനങ്ങളുടെ നിയമനിർമാണ അധികാരങ്ങൾ കവർന്നെടുക്കുക എന്ന ഗൂഢലക്ഷ്യമാണുള്ളത്. ഭരണഘടനയുടെ 19(1)ജി വകുപ്പ് അനുസരിച്ച്, തൊഴിലെടുക്കാനുള്ള മൗലികാവകാശം ലംഘിക്കപ്പെടുന്നതുമൂലം യുക്തിരഹിതമായി അടിച്ചേൽപിക്കപ്പെട്ട ഈ നിയന്ത്രണങ്ങൾ ഭരണഘടനാപരമായി നിലനിൽക്കില്ല.

ഭക്ഷണം തിരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ അടിസ്ഥാനസ്വാതന്ത്ര്യത്തെയും ഈ നിയന്ത്രണങ്ങൾ ലംഘിക്കുന്നു. ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കാവുന്ന ഈ നടപടി, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ മറികടന്നുകൊണ്ട് എടുത്തതു തികച്ചും നിർഭാഗ്യകരമാണ്. ഭരണഘടനയുടെ അടിസ്ഥാനതത്വമായ ജനാധിപത്യത്തിനു വിരുദ്ധമാണിത്. നിർദിഷ്ട ചട്ടങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ സംസ്ഥാന നിയമനിർമാണ പരിധിയിൽ വരുന്നതിനാൽ, ഓരോ സംസ്ഥാനത്തിന്റെയും സാമൂഹിക, സാംസ്കാരിക, സാമ്പത്തിക സാഹചര്യങ്ങൾക്കനുസൃതമായി നിയമനിർമാണം നടത്തുവാൻ അനുവദിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.

related stories