Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാറിൽ നിർമാണത്തിന് റവന്യു, മലിനീകരണ നിയന്ത്രണ ബോർഡ് അനുമതികളും നിർബന്ധം

munnar

ചെന്നൈ ∙ മൂന്നാറിൽ നിർമാണപ്രവർത്തനങ്ങൾക്കു പഞ്ചായത്തിനു പുറമേ റവന്യു വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അനുമതികൾകൂടി വേണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ദക്ഷിണേന്ത്യൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. 2010നു ശേഷം കെട്ടിടനിർമാണങ്ങൾക്കു നൽകിയ അനുമതിയുമായി ബന്ധപ്പെട്ട രേഖകൾ സർക്കാർ ഹാജരാക്കണം. ഏലമലക്കാടുകളിലെ (കാർഡമം ഹിൽ റിസർവ്​) മരം മുറിക്കാൻ പാടില്ലെന്ന മുൻ ഉത്തരവുകൾ കർശനമായി നടപ്പാക്കിയോ എന്ന കാര്യത്തിലും ട്രൈബ്യൂണൽ കേരള സർക്കാരിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടു. അടിയന്തര ഘട്ടങ്ങളിൽ മരം മുറിക്കേണ്ടിവന്നാലും നിയമപരമായ എല്ലാ അനുമതികളും വേണം. ദേവികുളം സബ് കലക്ടർ ഡോ. ശ്രീറാം വെങ്കട്ടരാമനെ കേസിൽ കക്ഷി േചർത്തു.

മൂന്നാറിലെ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ട്രൈബ്യൂണൽ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് പി. ജ്യോതിമണി, വിദഗ്ധ സമിതി അംഗം ഡോ. പി.എസ്​. റാവു എന്നിവരടങ്ങിയ ബെഞ്ചി​ന്റെ നിർദേശങ്ങൾ. ചട്ടങ്ങൾ മറികടന്ന് ഒട്ടേറെ കെട്ടിടങ്ങൾ നിർമിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് റവന്യു വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അനുമതി നിർബന്ധമാക്കിയത്.

പരിസ്​ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം നൽകിയ പരാതിയെത്തുടർന്ന് 2015 മേയ് 28ന് ഇതേ ബെഞ്ച് ഏലമലക്കാടുകളിലെ മരംമുറിയും കെട്ടിടനിർമാണവും തടയുകയും അന്വേഷണം നടത്തി ആറുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നു നിർദേശിക്കുകയും ചെയ്തിരുന്നതു ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. കാർഡമം ഹിൽ റിസർവ് മേഖല കൃത്യമായി വേർതിരിച്ചുള്ള ഉത്തരവിറക്കണമെന്നും സർക്കാരിനോടു നിർദേശിച്ചിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ കേരളം ഉടൻ ഹാജരാക്കണം.

വിഷയത്തെ സംസ്ഥാന സർക്കാർ ഗൗരവത്തോടെയാണു കാണുന്നതെന്നു കേരളത്തിന്റെ അഭിഭാഷകൻ അറിയിച്ചു. മൂന്നാറിലും ഏലമലക്കാടുകളിലും ചട്ടങ്ങൾ മറികടന്ന് ബഹുനില കെട്ടിട നിർമാണവും മരംമുറിയും നടക്കുന്നതായി കേസിൽ കക്ഷി ചേർന്ന ബിജെപി സംസ്​ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു. ഇടുക്കി ജില്ലാ പൊലീസ് സൂപ്രണ്ട് എ.വി. േജാർജ് ജനുവരി അഞ്ചിനു നൽകിയ റിപ്പോർട്ടിൽ ധാരാളം നിയമലംഘനങ്ങൾ ചിത്രങ്ങൾ സഹിതം ചൂണ്ടിക്കാട്ടിയിട്ടു​െണ്ടന്നും അഭിഭാഷകർ പറഞ്ഞു. തുടർന്നാണ് ദേവികുളം സബ് കലക്ടററെ കക്ഷി ചേർക്കാൻ ട്രൈബ്യൂണൽ നിർദേശിച്ചത്​.

കയ്യേറ്റങ്ങൾ സംബന്ധിച്ച് റവന്യു സെക്രട്ടറിയായിരുന്ന നിവേദിത പി.ഹരന്റെ റിപ്പോർട്ടും കുമ്മനത്തിന്റെ അഭിഭാഷകർ സമർപ്പിച്ചു. നേരത്തേ ട്രൈബ്യൂണൽ അയച്ച നോട്ടിസിനു മൂന്നാർ പഞ്ചായത്തും ഇടുക്കി കലക്ടറും വൈദ്യുതി ബോർഡും മറുപടി നൽകി. രാജീവ് ചന്ദ്രശേഖരൻ എംപി കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകി. കേസ് ഇനി ഓഗസ്റ്റ് ഏഴിനു പരിഗണിക്കും.