Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഊർജ രംഗത്തെ സ്വയം പര്യാപ്തതയ്ക്ക് സൗരോർജം അത്യാവശ്യം: മുഖ്യമന്ത്രി

pinarayi-vijayan വെളിച്ചം പരക്കട്ടെ.. സമ്പൂർണ വൈദ്യുതീകരണ സംസ്ഥാന പ്രഖ്യാപനച്ചടങ്ങ് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. എ.കെ.ശശീന്ദ്രൻ എംഎൽഎ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, മന്ത്രിമാരായ എ.കെ.ബാലൻ, ഇ.ചന്ദ്രശേഖരൻ, എം.എം. മണി, ടി.പി.രാമകൃഷ്ണൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ സമീപം. ചിത്രം: മനോരമ

കോഴിക്കോട് ∙ സൗരോർജം ഉപയോഗിക്കാതെ കേരളത്തിന് ഊർജ രംഗത്തു സ്വയം പര്യാപ്തത സാധ്യമാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വലിയ വീടുകളിലും ഓഫിസ് സമുച്ചയങ്ങളിലും സൗരോർജ പാനലുകൾ സ്ഥാപിച്ചു വൈദ്യുതി ഉൽപാദിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സോളർ വിവാദം കഴിഞ്ഞ കഥയാണ്. വിവാദങ്ങൾ അയവിറക്കി രസിച്ചിരിക്കേണ്ട കാലമല്ലിത്.

ജല വൈദ്യുത പദ്ധതികളെയും കെഎസ്ഇബിയെയും മാത്രം ആശ്രയിച്ചിരുന്നാൽ കേരളത്തിന്റെ ഊർജ ആവശ്യങ്ങൾ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി. സമ്പൂർണ വൈദ്യുതീകരണത്തിന്റെ സ്വിച്ച് ഓൺ കർമം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. കെഎസ്ഇബിയുടെ ഇ ലെറ്റർ മന്ത്രി എ.െക. ബാലൻ പ്രകാശനം ചെയ്തു. വൈദ്യുതി സുരക്ഷ പ്രചാരണ പരിപാടികൾ തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.കെ. മുനീർ എംഎൽഎ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, എംഎൽഎമാരായ എ. പ്രദീപ്കുമാർ, എ.കെ. ശശീന്ദ്രൻ, സി.കെ. നാണു, ഇ.കെ. വിജയൻ, പി.ടി. എ. റഹീം, കാരാട്ട് റസാഖ്, കെ. ദാസൻ, പുരുഷൻ കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, കെഎസ്ഇബി ഇൻഡിപെൻഡന്റ് ഡയറക്ടർ ഡോ. വി. ശിവദാസൻ, കലക്ടർ യു.വി. ജോസ്, കെഎസ്ഇബി ഡിസ്ട്രിബ്യൂഷൻ ആൻഡ് സേഫ്്റ്റി വിഭാഗം ഡയറക്ടർ എൻ. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.

ആശ്രയം ജലപദ്ധതി: മന്ത്രി മണി

കോഴിക്കോട്∙ വൈദ്യുതി ഉൽപാദനത്തിൽ കേരളത്തിന് ആശ്രയിക്കാവുന്നത് ജലപദ്ധതികൾ മാത്രമാണെന്നും ബാക്കിയെല്ലാം ചെലവേറിയതാണെന്നും മന്ത്രി എം.എം. മണി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്കൂളുകളിൽ നടപ്പാക്കുന്ന സൗരോർജ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവയ്ക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സോളർ പദ്ധതികളെപ്പറ്റി പറയാനെളുപ്പമാണ്. എന്നാൽ വലിയ ചെലവാണതിന്. കൂടുതൽ സ്ഥലവും വേണ്ടിവരും – മണി പറഞ്ഞു. 

പിആർഡി വിഡിയോ ചിത്രത്തിന് മുഖ്യമന്ത്രിയുടെ വിമർശനം

കോഴിക്കോട് ∙ സമ്പൂർണ വൈദ്യുതീകരണത്തിനു പിന്നിലെ നാൾ വഴികൾ വിശദമാക്കി പിആർഡി തയാറാക്കിയ വിഡിയോ ചിത്രത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. ഒരു വർഷം കൊണ്ടു നേടിയതല്ല സമ്പൂർണ വൈദ്യുതീകരണമെന്നും ഇതിനു തുടക്കമിട്ടതു 2006– 11ലെ എൽഡിഎഫ് സർക്കാരാണെന്നും പിണറായി പറഞ്ഞു. അന്ന് അതിനു നേതൃത്വം നൽകിയവരും ഈ വിഡിയോ കാണും. വേദിയിലുണ്ടായിരുന്ന മുൻ  വൈദ്യുതി മന്ത്രി എ.കെ ബാലന്റെ പേരു പറയാതെ മുഖ്യമന്ത്രി പറഞ്ഞു. ഈ നിലയിൽ വിഡിയോ കാണിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

related stories