Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷിക്കാൻ മറക്കുന്ന മലയാളി; ഏറ്റവും ആശങ്ക ജീവിതച്ചെലവിനെക്കുറിച്ചെന്ന് മനോരമ ന്യൂസ് സർവേ ഫലം

conclave-happiness

കൊച്ചി∙ മലയാളികൾക്കു സന്തോഷം കുറവെന്നു മനോരമ ന്യൂസ് ടിവി ചാനൽ സന്തോഷസൂചിക സർവേ ഫലം. ഭൗതിക, സാമൂഹിക മേഖലകളിൽ മുന്നിലെന്ന് അവകാശപ്പെടുന്ന മലയാളികളുടെ സന്തോഷസൂചിക പത്തിൽ 4.4 മാത്രം. നിത്യജീവിതത്തിൽ മലയാളികൾക്കു സന്തോഷം നൽകുന്ന കാര്യങ്ങളും സേവനങ്ങളും എത്ര തൃപ്തികരമാണെന്ന വിശകലനത്തിലൂടെയാണു സന്തോഷസൂചിക രൂപപ്പെടുത്തിയത്. 

ജീവിതച്ചെലവിനെച്ചൊല്ലിയാണു മലയാളി ഏറ്റവുമധികം ആശങ്കപ്പെടുന്നത്-63%. വാർധക്യകാല സുരക്ഷയും (55%) തൊഴിലില്ലായ്മയും (52%) ആരോഗ്യപരിരക്ഷയും (50%) കുട്ടികളുടെ ഭാവിയും (47%) ആശങ്കയുടെ കാരണങ്ങളിൽ തൊട്ടുപിന്നിലായി ഇടംപിടിക്കുന്നു. 

അഴിമതി വ്യാപകമെന്ന് ബഹുഭൂരിപക്ഷം

കൊച്ചി∙ മനോരമ ന്യൂസ് ടിവി ചാനൽ സന്തോഷസൂചിക സർവേയിൽ പങ്കെടുത്ത 71% പേരും കേരളത്തിൽ അഴിമതി വ്യാപകമാണെന്നും രാഷ്്ട്രീയ നേതൃത്വത്തിനും ഉദ്യോഗസ്ഥർക്കും അതേപ്പറ്റി ചിന്തയില്ലെന്നും അഭിപ്രായപ്പെട്ടു.

സർക്കാർ സേവനങ്ങളിൽ തൃപ്തി പ്രകടിപ്പിച്ചത് 24% പേർ മാത്രം. വെള്ളം, വൈദ്യുതി, റോഡ്, പൊതുശുചിത്വം തുടങ്ങിയ സർക്കാർ സേവനങ്ങളുടെ കാര്യത്തിൽ 35% പേർ അതൃപ്തി പ്രകടിപ്പിച്ചപ്പോൾ തൃപ്തിയോ അതൃപ്തിയോ ഇല്ലെന്നു 39% പേർ രേഖപ്പെടുത്തി.  

14% പേരോ അവരുടെ കുടുംബാംഗങ്ങളായ സ്ത്രീകളോ പൊതു ഇടങ്ങളിൽ അപമാനിക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും സർവേ വെളിപ്പെടുത്തുന്നു. അപമാനിക്കപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തോടു 16% പേർ പ്രതികരിച്ചില്ല. 

സർവേയിൽ പങ്കെടുത്ത സ്ത്രീകളിൽ ഒൻപതു ശതമാനം പേർ മാത്രമാണു പൊതു ഇടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരാണെന്നു കരുതുന്നത്. 61% സ്ത്രീകളും മറിച്ചു ചിന്തിക്കുന്നു. സമൂഹത്തിൽ സ്ത്രീകളുടെ പദവി മെച്ചപ്പെടുന്നുവെന്ന് 62% പേർ അഭിപ്രായപ്പെട്ടപ്പോൾ ഇല്ലെന്നാണ് 26% സ്ത്രീകളുടെ നിലപാട്. 23% സ്ത്രീകൾ ഭർത്താവിന്റെ മദ്യപാനാസക്തിയിൽ ആശങ്ക പ്രകടിപ്പിച്ചപ്പോൾ 14% ഭർത്താക്കൻമാർ ഭാര്യമാരുടെ ലഹരി ഉപയോഗത്തെക്കുറിച്ചും ആശങ്ക പങ്കുവച്ചു.

സ്വന്തം ജീവിതം തൃപ്തികരവും സന്തോഷകരവുമാണെന്ന് 69% പേരും അഭിപ്രായപ്പെട്ടു. സ്വന്തം ആരോഗ്യത്തിൽ 73% പേരും തൃപ്തരാണ്. കൂട്ടുകാരും സംഗീതവും സിനിമയും വാഹനങ്ങളുമാണു യുവാക്കളെ ഏറ്റവും സന്തോഷിപ്പിക്കുന്നത്. മലയാള സിനിമയുടെ നിലവാരം തൃപ്തികരമെന്നു 42% പേരും തൃപ്തികരമല്ലെന്നു 40% പേരും വിലയിരുത്തി. 

മനോരമ ന്യൂസ് ടിവി ചാനൽ നാളെ കൊച്ചിയിൽ സംഘടിപ്പിക്കുന്ന കോൺക്ലേവിനു മുന്നോടിയായാണു സന്തോഷസൂചിക സർവേ നടത്തിയത്. എല്ലാ ജില്ലകളിലും നേരിട്ടും  ഓൺലൈനായും നടത്തിയ സർവേയിലൂടെയാണു സന്തോഷസൂചിക നിശ്ചയിച്ചത്.